Dr. Jose Vallikatt

Jose Vallikatt is the Editor in Chief of LumenIndia, your gateway to Church and Culture in India.

Mary Taylor

You can have anything you want if you are willing to give up everything you have.

മണിപ്പൂരും മതവും

Posted by

“മണിപ്പൂർ മതങ്ങളുടെ സംഗമ ഭൂമിയാണ്…” എന്ന് പറഞ്ഞു ആരംഭിക്കുന്ന ഒരു ലേഖനം ആറെസ്സെസ്സ് മുഖപത്രമായ ഓർഗനൈസറിൽ മണിപ്പൂർ കലാപം പൊട്ടി പുറപ്പെട്ട രണ്ടാഴ്ച ആയപ്പോഴേക്കും (മെയ് 16) പ്രസിദ്ധീകരിക്കപ്പെട്ടു. മണിപ്പൂരിലുള്ള കാത്തലിക്, ബാപ്റ്റിസ്റ്റ്, പ്രെസ്ബിറ്റേറിയൻ, സെവൻത് ഡേ അഡ്വെൻറിസ്റ്റുകൾ തുടങ്ങി വിവിധ ക്രിസ്തീയ സമൂഹങ്ങൾ മിഷനറി പ്രവർത്തനങ്ങൾ സ്പോൺസർ ചെയ്യാൻ പണം ഒഴുക്കി എന്നും പ്രധാനമായും മെയ്തികളെ മതപരിവർത്തനം ചെയ്യുക എന്ന ലക്ഷ്യമാണ് അവർക്ക് ഉണ്ടായിരുന്നത് എന്നും വ്യക്തമായി പറയുന്നു. ഇക്കാര്യത്തിൽ 1970-കളുടെ അവസാനം മുതൽ കുക്കി മിഷനറിമാർ ഒരു പ്രധാന പങ്ക് വഹിച്ചു. “അവർ മറ്റു മതങ്ങൾക്കെതിരെ മതഭ്രാന്തും വെറുപ്പും പ്രചരിപ്പിക്കുന്നു. അങ്ങനെ, അത് ഒന്നുകിൽ ക്രിസ്ത്യാനികളല്ലാത്ത മെയ്ത്തികളുമായുള്ള മതപരമായ അസഹിഷ്ണുതയെ ഉത്തേജിപ്പിക്കുകയോ അല്ലെങ്കിൽ അവരുടെ പുരാണങ്ങളെയും, പ്രപഞ്ചശാസ്ത്രത്തെയും, യഥാർത്ഥ വിശ്വാസത്തെയും, ആചാരങ്ങളെയും, പൊതുവായ ഓർമ്മകളെയും ആക്രമിച്ച് പരിവർത്തനം ചെയ്ത മൈതേയികളുടെ തദ്ദേശീയതയെ വേരോടെ പിഴുതെറിയുകയോ ചെയ്തു.” കൂടാതെ, ഈ കലാപം കുക്കി ക്രൈസ്തവർക്ക് എതിരെയുള്ള ആക്രമണമാണ് എന്ന് സ്ഥാപിക്കുന്ന ധാരാളം ആരോപണങ്ങൾ ഈ ലേഖനത്തിൽ തുടർന്ന് പറയുന്നുണ്ട്.

ജൂൺ രണ്ടിന് ഇക്കാര്യങ്ങൾ പറഞ്ഞു ഞാൻ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. അതിന്റെ ലിങ്കും, ഓർഗനൈസർ ലേഖനത്തിന്റെ ലിങ്കും കമന്റിൽ കൊടുത്തിട്ടുണ്ട്. കുക്കികൾക്ക് എതിരെ ഉള്ള ഈ ആരോപണങ്ങൾ ഒന്നും ശരിയല്ല എന്നത് ഇപ്പോഴും മെയ്തെയ്കൾക്കുള്ള ജനസംഖ്യാപരമായ ഭൂരിപക്ഷവും, സാംസ്കാരികമായ മുന്നേറ്റവും തെളിയിക്കുന്നുണ്ട്. മാത്രവുമല്ല ആധുനിക അക്രമണോപകരണങ്ങൾ കലാപത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു എന്നും, സർക്കാരിന്റെ ഔദ്യോഗിക ആയുധ പുരകൾ മെയ്തെയി കലാപകാരികൾക്കായി തുറന്നു കൊടുക്കപെട്ടു എന്നും വരുന്ന വാർത്താ റിപ്പോർട്ടുകൾ സർക്കാരിന്റെ പരസ്യ പിന്തുണ മെയ്തെയികൾക്കാണ് എന്നും തെളിയിക്കുന്നു. മാത്രവുമല്ല, കലാപത്തിന്റെ ആദ്യ 70 മണിക്കൂറുകൾക്കുള്ളിൽ തന്നെ 200 ലധികം മെയ്‌തേയി ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടു എന്നത് ഇത് കേവലം കുക്കി ഗോത്രങ്ങൾക്ക് എതിരെയുള്ള കലാപം അല്ല, ക്രൈസ്തവർക്ക് എതിരെയുള്ള -അത് മെയ്‌തേയി ക്രൈസ്തവർ ആണെങ്കിലും- കലാപം ആണ് എന്ന് തെളിയിക്കുന്നു.

മെയ്തെയികൾ ആരംഭിച്ച മണിപ്പൂർ കലാപം മതാടിസ്ഥാനത്തിലുള്ളതാണ് എന്നും, പൂർണ്ണമായും വർഗ്ഗീയമാണ് എന്നും ഇത്ര കൃത്യമായി കലാപത്തിന്റെ ആദ്യ ആഴ്ചകളിൽ തന്നെ ആറെസ്സെസ് പ്രഖ്യാപിക്കുകയും, ഇന്റർനെറ്റ് അടക്കമുള്ള വാർത്താ വിനിമയ സംവിധാനങ്ങൾ തടസപ്പെടുത്തി വാർത്തകൾ പുറത്തു പോകാതെ കലാപകാരികൾക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കി കൊടുക്കുകയും ചെയ്തിട്ടും, സി ബി സി ഐ പദം നേരത്തെ രണ്ടു വട്ടം അലങ്കരിച്ചിട്ടുള്ള ഓസ്വാൾഡ് ഗ്രെഷ്യസ് മെത്രാൻ കഴിഞ്ഞ ദിവസം ഒരു വിഡിയോ വഴി അത് ഗോത്ര കലഹമാണ് എന്ന് ആണയിട്ടു വർഗ്ഗീയവാദികളെ വെള്ളപൂശുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല. നിങ്ങൾക്ക് എന്താണ് ഒളിക്കാനുള്ളത്? എന്താണ് സുരക്ഷിതമാക്കാനുള്ളത്? എന്താണ് ഭയക്കാനുള്ളത്?

ഒസ്വാൾഡിനെ പോലുള്ള മുതിർന്ന നേതാക്കൾ പറയുന്ന വിഡ്ഢിത്തരങ്ങളുമായി ഉടനുടൻ ഇനിയും ആകെ അവശേഷിക്കുന്ന വിരലിൽ എണ്ണാൻ മാത്രം ഉള്ള ക്രിസംഘി കൂട്ടം “ദേ മണിപ്പൂരിൽ ഒന്നും നടന്നില്ലേ” എന്നും പറഞ്ഞു ഇറങ്ങിയിട്ടുണ്ട്. ക്രൈസ്തവ നേതൃത്വത്തിലെ മുതിർന്ന മെത്രാന്മാർക്ക് ഭയമാണ് എങ്കിൽ നിങ്ങൾ സ്ഥാനം ത്യജിച്ച് വിശ്രമിക്കുക. വിഡ്ഢിത്തരം പറയുന്നതിനേക്കാൾ ഭേദം മൗനം ഭജിക്കുക.

ആരും കലാപം ആഗ്രഹിക്കുന്നില്ല. കലാപം അഴിച്ചു വിട്ട മെയ്തെയികളിൽ പോലും ഒരു ജീവാപായമോ, സ്വത്ത് നഷ്ടമോ ഉണ്ടാകാൻ പാടില്ല. പക്ഷേ ഇത്ര ഹീനമായ മനുഷ്യ കുരുതി നടത്തിയ ഒറ്റ രാജ്യ ദ്രോഹി പോലും നിയമത്തിനു മുന്നിൽ വരാതെയും ശിക്ഷിക്കപെടാതെയും പോകരുത്. അതിനു വേണ്ടിയുള്ള പോരാട്ടം ക്രൈസ്തവ പുണ്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *