Dr. Jose Vallikatt

Jose Vallikatt is the Editor in Chief of LumenIndia, your gateway to Church and Culture in India.

Mary Taylor

You can have anything you want if you are willing to give up everything you have.

യേശുവിന്റെ ഫ്ലോ അനുഭവം

Posted by

ഇന്നത്തെ പുസ്തക പരിചയം അല്പം ആത്മ കഥാംശം ഉള്ളതാണ്. കഴിഞ്ഞ ദിവസം രണ്ടു പേര് എന്നെ ഫോൺ വിളിച്ചു, പ്രശംസിച്ചു കൊണ്ട് രണ്ടു പേരും ഒരു ചോദ്യം ചോദിച്ചു. “ഇത്ര ഊർജ്ജത്തോടെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ എഴുതാൻ നിങ്ങൾക്ക് കരുത്ത് എങ്ങനെ ലഭിക്കുന്നു?” ഈ പുസ്തക പരിചയം എന്നെ കുറിച്ചുള്ള ഒരു സ്വയം പുകഴ്ത്തൽ അല്ല. നിങ്ങൾ ഏർപ്പെടുന്ന കർമ്മങ്ങളിൽ കൂടുതൽ ഏകാഗ്രതയും, ലക്ഷ്യബോധവും ആനന്ദാനുഭവവും ലഭിക്കാനുള്ള വഴിയാണ് ഈ പുസ്തകം.

ഫ്ലോ: ദി സൈക്കോളജി ഓഫ് ഒപ്റ്റിമൽ എക്‌സ്പീരിയൻസ് എന്ന പുസ്തകം ഒരു മോഡേൺ ക്ലാസിക് ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. 2009-ൽ വിഡിയോ ഗെയിമുകളെ കുറിച്ചുള്ള എന്റെ ഗവേഷണവുമായി ബന്ധപ്പെട്ടാണ് ഈ പുസ്തകം ഞാൻ ആദ്യമായി വായിച്ചത്. പുസ്തക വായനയിൽ ആദ്യ വെല്ലുവിളി അതിന്റെ രചയിതാവിന്റെ പേര് വായിച്ചെടുക്കുക എന്നതായിരുന്നു. Mihaly Csikszentmihalyi എന്നത് വായിക്കേണ്ടത് മിഹായി ചിക്സെന്ത്മിഹായി എന്നാണ്. അദ്ദേഹം ഒരു മനശാസ്ത്രജ്ഞനാണ്, സാധാരണയായി മനഃശാസ്ത്ര പുസ്‌തകങ്ങൾ ആത്മാവില്ലാതെ, ആഖ്യാനസുഖം ഇല്ലാത്ത വസ്തുതകളും പരീക്ഷണങ്ങളും നിറഞ്ഞതാണ് എങ്കിൽ ഈ പുസ്തകം ഒരു സ്വയം സഹായ പുസ്തകം പോലെയോ മാർഗ്ഗ ദർശക പുസ്തകം പോലെയോ എളുപ്പത്തിൽ വായിക്കാൻ സാധിക്കും.

എന്താണ് ഫ്ലോ അഥവാ മുഴുകൽ? ഒരാളുടെ സിദ്ധികളും വൈഭവങ്ങളും അയാൾ ഏറ്റെടുത്തിരിക്കുന്ന വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്വമോ കർമ്മമോ ആയി പൊരുത്തപ്പെടുന്ന ഒരു പ്രവർത്തനത്തിൽ പൂർണ്ണമായി ആഗിരണം ചെയ്യപ്പെടുന്ന -മുഴുകി പോകുന്ന- അവസ്ഥയാണ് ഫ്ലോ. ഈ അവസ്ഥയിൽ, വ്യക്തികൾക്ക് അഗാധമായ ഏകാഗ്രത ഉണ്ടാവും, ചുറ്റുപാടുകളെ മറക്കും, സമയ ബോധം നഷ്ടപ്പെടും. ഫ്ലോ അനുഭവിക്കുന്നതിന് ഒരാൾക്ക് തന്റെ ചുമതലയുടെ വെല്ലുവിളിയെ കുറിച്ചുള്ള ജാഗ്രത, വെല്ലുവിളിയും നൈപുണ്യ നിലയും തമ്മിലുള്ള സന്തുലിതാവസ്ഥ, വർത്തമാന കാലത്തിന്മേലുള്ള ആഴത്തിലുള്ള ശ്രദ്ധ, പ്രവർത്തനത്തിന്റെ നിയന്ത്രണബോധം എന്നീ സിദ്ധികൾ വളർത്തിയെടുക്കേണ്ടതുണ്.

ഫ്ലോ എന്ന ആശയത്തെ കൂടുതൽ മനസിലാക്കാൻ സന്തോഷവും (പ്ലെഷർ) ആസ്വാദനവും (എൻജോയ്മെന്റ്) തമ്മിലുള്ള വത്യാസം മനസിലാക്കണം. ഭക്ഷണം കഴിക്കുക, ഉറങ്ങുക, വെടി പറഞ്ഞിരിക്കുക എന്നിങ്ങനെയുള്ള സംഗതികളെ ആണ് സാധാരണയായി സന്തോഷകരമായ സംഗതികൾ ആയി നാം കാണുന്നത്. ചിലർക്ക് പണം, വസ്ത്രം, വാഹനം, വസതി എന്നിവ നേടുന്നതും സന്തോഷം നൽകാറുണ്ട്. നമ്മുടെ മനസും അതിന്റെ ആഗ്രഹേച്ഛകളും ലളിതമായ ആനന്ദങ്ങൾ തേടാനാണ് സ്വാഭാവികമായും നമ്മെ പ്രേരിപ്പിക്കുന്നത്.
എന്നാൽ, നമ്മുടെ ആന്തരിക കഴിവുകളും ഇച്ഛാശക്തിയും ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന കൂടുതൽ മൂല്യമുള്ള ആസ്വാദനത്തേ തേടുക എന്നതാണ് ആസ്വാദനം കൊണ്ട് അർത്ഥമാക്കുന്നത്. നമ്മുടെ കഴിവുകളും ഏകാഗ്രതയും നമ്മുടെ പരിമിതികളെ മറികടക്കുന്നതിനും ഉന്നതമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഉപയോഗിക്കുന്നത് ആസ്വാദനത്തിൽ ഉൾപ്പെടുന്നു. അത് സന്തോഷത്തെക്കാൾ ആഴത്തിലുള്ള സംതൃപ്തി നൽകുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഇതുവരെ ഉണ്ടാക്കാത്ത ഒരു ഭക്ഷണം തയ്യാറാക്കാൻ ക്ഷമയും, പരീക്ഷണവും, പഠിക്കാനുള്ള സന്നദ്ധതയും ആവശ്യമാണ്. അത് വിജയിച്ചാൽ നിങ്ങൾക്ക് ആസ്വാദന അനുഭവം ലഭ്യമാകും.

ആസ്വാദനത്തിന്റെ അനുഭവം അഥവാ അതിലേക്കുള്ള പാത ഒരു കർമ്മത്തിൽ നമ്മുടെ അതുല്യമായ ഏകാഗ്രതയെയും, ആ നിമിഷത്തിൽ പൂർണ്ണമായും മുഴുകാനുമുള്ള നമ്മുടെ കഴിവിനെയും വികസിപ്പിക്കുന്നത് വഴി ലഭ്യമാകുന്നതാണ്. അത് വഴി നമ്മുടെ ശ്രദ്ധയിൽ നിയന്ത്രണം നേടാനും നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുന്നു. ഫ്ലോ അവസ്ഥയിലായിരിക്കുമ്പോൾ, നിങ്ങൾ മികച്ച നിലയിലാണെന്നും നിങ്ങളുടെ ഉയർന്ന തലത്തിൽ പ്രകടനം നടത്താൻ കഴിയുമെന്നും നിങ്ങൾക്ക് തോന്നുന്നു. നമ്മിൽ പലരും എളുപ്പത്തിൽ ശ്രദ്ധ പതറി പോകുന്നവരാണ്, കൂടാതെ നിഷ്ക്രിയ ഉപഭോഗം, ടിവി കാണൽ അല്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്യൽ എന്നിവയിൽ സമയം ചെലവഴിക്കുന്നു. ഇവയിൽ ഏർപ്പെടുന്ന സമയത്ത് അവ ആസ്വാദ്യകരമാകാം, എന്നാൽ വെല്ലുവിളി നിറഞ്ഞതും മുഴുകുന്നതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ ഉണ്ടാകുന്ന പുതുമയും വളർച്ചയ്ക്കുള്ള അവസരവും ഇതിന് ഇല്ല. വെല്ലുവിളിയും ഫ്ലോ അവസ്ഥയും തമ്മിൽ അഭേദ്യം ബന്ധമുണ്ട്. വെല്ലുവിളി നമ്മുടെ ക്ഷമതയേക്കാൾ വളരെ വലുതായിരിക്കുമ്പോൾ, നമുക്ക് ഉത്കണ്ഠ തോന്നുന്നു. വളരെ എളുപ്പമുള്ള വെല്ലുവിളികൾ ഏറ്റെടുത്താൽ നിങ്ങൾക്ക് വിരസത അനുഭവപ്പെടും. എന്നാൽ വെല്ലുവിളി താങ്ങാൻ പറ്റുന്നതായിരിക്കുമ്പോൾ, നിങ്ങൾക്ക് ഫ്ലോ അനുഭവപ്പെടുന്നു. വെല്ലുവിളി നിങ്ങൾക്ക് ലക്ഷ്യബോധം നൽകുന്നു, ബുദ്ധിമുട്ട് നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു.

ഫ്ലോ അവസ്ഥയിലേക്ക് എത്താൻ നമ്മെത്തന്നെ വെല്ലുവിളിക്കുകയും നമ്മുടെ കഴിവുകളുടെ പരിധികൾ വലുതാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. അപകടസാധ്യതകൾ ഏറ്റെടുക്കാനും പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും തയ്യാറാവുക. ഇത് ചെയ്യുന്നതിലൂടെ, നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത അർത്ഥവും സംതൃപ്തിയും കണ്ടെത്താനാകും. ഫ്ലോ വളരെ പ്രതിഫലദായകമായ ഒരു അനുഭവമായിരിക്കും. പുതിയ കാര്യങ്ങൾ പഠിക്കാനും നമ്മുടെ കഴിവുകൾ മെച്ചപ്പെടുത്താനും ലാഭബോധം അനുഭവിക്കാനും അത് നമ്മെ സഹായിക്കും.

ഈ തിയറിയുടെ പശ്ചാത്തലത്തിൽ യേശുവിന്റെ ആത്മീയ ഫ്ലോ അനുഭവം നിരീക്ഷിക്കുന്നത് നല്ലതാണ്. “നിങ്ങൾക്ക് അറിയാത്ത ഭക്ഷണം എനിക്ക് ഉണ്ട്” എന്ന് ശിഷ്യന്മാരോട് ഈശോ ഒരിടത്ത് പറയുന്നുണ്ട്. മനുഷ്യരുടെ കൂടെ വിരുന്നിനിരിക്കുകയും, ശിഷ്യന്മാർക്കു പ്രാതൽ ഒരുക്കുകയും ചെയ്ത ഈശോ ആണ് ആ പറയുന്നത്. വിശന്നു വലഞ്ഞ അയ്യായിരം പേർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുത്ത് ആനന്ദം കണ്ട ആളാണ് ഈശോ. വിശന്നപ്പോൾ കല്ലുകളെ അപ്പമാക്കി ഭക്ഷിക്കാൻ കഴിവുണ്ടായിട്ടും അതിനു മുതിരാതെ വിശപ്പിൽ ആനന്ദം കണ്ടെത്തിയ ആളാണ് ഈശോ. ഈ വൈരുധ്യം തന്നെയാണ് ഈശോയുടെ ഫ്ലോ അനുഭവം. “പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതാണ് തന്റെ ഭക്ഷണം” (യോഹ 4:32) എന്ന് ഈശോ ശിഷ്യന്മാരോട് വിശദമാക്കുന്നു. ഭക്ഷണം കഴിക്കുന്നത് തന്നെയാണ് ഒരു പക്ഷെ നാം ഏറ്റവും മുഴുകി ചെയ്യുന്ന, അതായത് ഫ്ലോ അവസ്ഥയിൽ ചെയ്യുന്ന കാര്യം. “എന്റെ പിതാവിന്റെ ഭവനത്തിൽ ആകേണ്ടതില്ലയോ” (ലൂക്ക 2: 49) എന്ന് കൗമാരക്കാരനായ ഈശോ തന്റെ അമ്മയോട് ചോദിക്കുന്നു. ഈശോ ദേവാലയം ശുദ്ധീകരിച്ച സമയത് അവന്റെ ശിഷ്യന്മാർ ഇങ്ങനെ ഓർത്തു: “തന്റെ ഭവനത്തെ കുറിച്ചുള്ള തീക്ഷ്ണത അവനെ വിഴുങ്ങിയിരിക്കുന്നു”(യോഹ 2:17). വ്യാപൃതമാവുന്നതിന്റെയും തീക്ഷണതയാൽ വിഴുങ്ങപ്പെടുന്നതിന്റെയും അവസ്ഥയാണ് ഫ്ലോ. “തന്നിൽ വിശ്വസിക്കുന്ന ആരും നശിച്ചു പോകാതെ നിത്യജീവൻ പ്രാപികേണ്ടതിനാണ്” തൻ അയക്കപെട്ടത് എന്നും, അതാണ് പിതാവായ ദൈവത്തിന്റെ ഇഷ്ടം എന്നും ഈശോക്ക് അറിയാം. അതിനാൽ തന്നെ കുരിശു മരണം വരിക്കുന്നത് പോലും ഒരു പക്ഷെ ഈശോക്ക് ഒരു ഫ്ലോ അനുഭവം പകർന്നിരുന്നു എന്ന് അനുമാനിക്കാം. ജീവിതത്തിന്റെ പരമോന്നതമായ ലക്ഷ്യം ആനന്ദത്തോടെ ഒരാൾ പ്രാപിക്കുന്ന നിമിഷം ആണ് അത്.

നമ്മുടെ കുട്ടികൾ വിഡീയോ ഗെയിം, ലഹരി, സിനിമ, പുറത്തു നിന്നുള്ള ഭക്ഷണം കഴിക്കൽ, എന്നിവയെ ഒരു അഡിക്ഷൻ പോലെ കാണുകയും വിദ്യാഭ്യാസത്തോടുള്ള വിമുഖത, പൗരബോധം ഇല്ലായ്മ, നേതൃത്വം, സന്നദ്ധ പ്രവർത്തനം എന്നിവയോട് മുഖം തിരിക്കുന്ന പ്രവണത കാണിക്കുകയും ചെയ്യുന്നത് ഫ്ലോ അവസ്ഥ എന്താണ് എന്നും, അത് തിരഞ്ഞെടുക്കുന്നത് എങ്ങനെ എന്നും അവർക്ക് മനസിലാക്കി കൊടുക്കാത്തത് കൊണ്ടാണ്. ചില ആളുകൾ കടുത്ത മതബോധത്തിലേക്കും, ആത്മീയതയിലേക്കും ചെന്ന് ചാടുന്നത് അവർക്ക് അവരുടേതായ രീതിയിലുള്ള ഒരു മുഴുകൽ അനുഭവം – ഫ്ലോ അനുഭവം – ലഭിക്കുന്നത് കൊണ്ടാണ്. ഇത് യഥാർത്ഥത്തിൽ അവരെയും മറ്റുള്ളവരെയും ഉന്നതിയിലേക്ക് വളർത്തുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്.

ഫ്ലോ: ദി സൈക്കോളജി ഓഫ് ഒപ്റ്റിമൽ എക്‌സ്പീരിയൻസ് എന്ന പുസ്തകം മനുഷ്യ പ്രേരണയുടെ സ്വഭാവത്തെക്കുറിച്ചും മനുഷ്യന്റെ മികച്ച നേട്ടങ്ങളെക്കുറിച്ചും ഉൾക്കാഴ്ച നൽകുന്ന ഒരു ആകർഷകമായ പുസ്തകമാണ്. തങ്ങളുടെ കഴിവുകളുടെ മേൽ എങ്ങനെ നിയന്ത്രണം നേടാമെന്ന് മനസിലാക്കാൻ താൽപ്പര്യമുള്ള ഏതൊരാൾക്കും ഇത് തീർച്ചയായും വായിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *