കേരളം പാലിച്ചു പോരുന്ന ഏറ്റവും വൃത്തികെട്ട ദുരാചാരം ആണ് മാപ്പ് പറച്ചിൽ.
മാസത്തിൽ നാല് മാപ്പ് വീതം പറഞ്ഞിട്ടു ഒരു ഉളുപ്പും ഇല്ലാതെ ഇരിക്കാൻ നിങ്ങൾക്ക് നാണമില്ലേ?
ആറു വയസുകാരിയെ മാർക്കറ്റിൽ കൊന്നിട്ടാൽ മാപ്പ്.
പരീക്ഷ കഴിഞ്ഞിറങ്ങുന്ന യുവതിയെ വണ്ടിയിടിച്ചു കൊല്ലുമ്പോൾ മാപ്പ്
മാതാപിതാക്കളെ പുത്രൻ കൊല്ലുമ്പോൾ മാപ്പ്
ഭർത്താവ് ഭാര്യയുടെ കഴുത്തു വെട്ടുമ്പോൾ മാപ്പ്
ആശുപത്രിയിൽ യുവതിയായ ഡോക്ടറിനെ കൊല്ലുമ്പോൾ മാപ്പ്
പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് മരത്തിൽ കെട്ടി തൂക്കിയിട്ട് മാപ്പ്.
വിശപ്പ് മൂത്ത പാവപ്പെട്ടവൻ രണ്ടു റൊട്ടി എടുത്താൽ അവനെയും തല്ലിക്കൊന്നിട്ടു മാപ്പ്.
സംസ്കാരവും വിദ്യാഭ്യാസവും ജനാധിപത്യ ബോധവും ഉള്ള ജനത ഇതിന്റെ ഉത്തരവാദികളിലേക്ക് ആണ് വിരൽ ചൂണ്ടേണ്ടത്. അതിൽ സബ്സിഡിയാരിറ്റി തത്വം പ്രയോഗിക്കണം. പ്രാദേശിക തലത്തിൽ ഉത്തരവാദി ആയ ആൾ മുതൽ മുകളിലേക്ക് ചോദ്യങ്ങൾ പോകണം. വിദേശത്തു പോയി റോഡ് പണിയുടെയും, വെള്ളപ്പൊക്ക നിയന്ത്രണത്തിന്റെയും, കൃഷിയുടെയും സാങ്കേതിക വിദ്യ പഠിക്കുന്നവർ എന്ത് കൊണ്ടാണ് അവിടത്തെ നിയമ സംവിധാനം, പൗരബോധം, ധാർമികത എന്നിവയെ ഇവിടെ പകർത്താത്തത്?
അമ്മമാരുടെ കരച്ചിലിന്റെ വൈകാരികമായി കവർ ചെയ്യുന്ന മാധ്യമങ്ങളുടെ ചോദ്യം ചെയ്യൽ ആണ് ഏറ്റവും വലിയ കാപട്യം. അവർ വ്യാജ പൊതുബോധം ഉണ്ടാക്കുന്നവർ ആണ്. അവർ പായേണ്ടത് ഉത്തരവാദികളുടെ പിറകെ ആണ്, അവരെ കൊണ്ടാണ് ഉത്തരം പറയിക്കേണ്ടത്. കേസിനെയും ചർച്ചയെയും വഴി തിരിച്ചു വിടുന്നവരും മാധ്യമങ്ങൾ തന്നെ. മേൽ സൂചിപ്പിച്ച കേസുകളിൽ അന്വേഷണത്തെയും, കേസിന്റെ പുരോഗതിയെയും മാത്രമല്ല, അക്കാര്യങ്ങളിൽ സർക്കാരിന്റെ നയരൂപീകരണ പ്രക്രിയയെ അവർ എത്രമാത്രം പിന്തുടരുന്നു എന്നു അന്വേഷിക്കുക.
ഉത്തരവാദപ്പെട്ടവരെ എല്ലാം അക്കൗണ്ടബിൾ ആക്കുന്ന ജാഗ്രത വേണം. അതിഥി തൊഴിലാളി, മദ്യം, മയക്കുമരുന്ന്, ആദിയായ മുൻവിധികളുള്ള കാരണങ്ങൾക്ക് വേറെ വേറെ ഉള്ള ചർച്ചകൾ ആണ് വേണ്ടത്. കുഞ്ഞുങ്ങളുടെ മരണത്തിന്റെയും മാപ്പിന്റെയും കൂടെ അവിയൽ ചർച്ച അല്ല വേണ്ടത്. സ്ഥിര കുറ്റവാളികളെ (ഹാബിച്വൽ ഒഫെണ്ടർ) നിരീക്ഷിക്കാനും മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകാനും ജി പി എസ് സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം.
നിതാന്ത ജാഗ്രത മാത്രമാണ് നമ്മുടെ സുരക്ഷയുടെ താക്കോൽ.
Leave a Reply