മധ്യപ്രദേശിലെ ഇൻഡോറിൽ ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന വൈദികരുടെയും സന്യസ്തരുടെയും വിവരങ്ങളും കണക്കും രേഖപ്പെടുത്തി നൽകാൻ ഒരു പെർഫോമ കൊടുത്തു എന്നതാണ് ഇന്നത്തെ ചൂടുള്ള വാർത്ത. മുൻവർഷങ്ങളിൽ പല സ്ഥലങ്ങളിലും ഇത്തരം അനാവശ്യ നടപടികൾ സർക്കാരും അനുബന്ധ വിഭാഗങ്ങളും നടത്തിയിട്ടുണ്ട്
സമൂഹങ്ങളെ അനാവശ്യമായി ഭയപ്പെടുത്തുക, സമൂഹ നിർമ്മിതിക്കായി അവർ ചെയ്തുവരുന്ന നിരവധി സേവന പ്രവർത്തനങ്ങളെ അവഗണിച്ചു അവരെ അന്യരായോ, വരത്തരായോ വേണ്ടാത്ത ജോലികളിൽ ഏർപ്പെടുന്നവരായോ ഒക്കെ ചിത്രീകരിക്കാൻ ഇത്തരം നടപടികൾക്ക് സാധിക്കും. ന്യൂനപക്ഷങ്ങളായ ഈ സമൂഹങ്ങൾ അരക്ഷിതാവസ്ഥയിലാവും. അവരുടെ ഇച്ഛാശക്തിയെയും, മനോബലത്തെയും, മോട്ടിവേഷനെയും പിന്നോട്ടടിക്കുക എന്നതിനേക്കാളുപരി അപരവത്കരണം വഴി ഒരു സമൂഹത്തെ ഇല്ലായ്മ ചെയ്യാനുള്ള ഏറ്റവും നല്ല വഴികളിൽ ഒന്നാണ് ഇത്. “ഈ ഇടം നിങ്ങളുടേത് അല്ല” എന്ന ഫാസിസ്റ്റ് സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന വലതുപക്ഷ ഭരണകൂടങ്ങളുടെ (വലതിലേക്ക് ചാഞ്ഞോണ്ടിരിക്കുന്ന ഇടതു പക്ഷങ്ങളുടെയും) പ്രധാന സവിശേഷതയാണ് ഇത്.
ഒരു വംശഹത്യ ഉണ്ടാകുന്ന വിവിധ ഘട്ടങ്ങളുടെ ചാർട്ട് കഴിഞ്ഞ ദിവസം ആരോ പങ്കു വെച്ചിരുന്നത് കണ്ടു. അത് ഇങ്ങനെയാണ്.
ഘട്ടം 1 വർഗ്ഗീകരണം. ജനങ്ങളെ ‘അവരും’ ‘നമ്മളും’ എന്ന് ശ്രേണീകരിക്കുന്നു.
ഘട്ടം 2 പ്രതീകവത്കരണം. ഒരു വിഭാഗത്തിലേക്ക് താദാത്മ്യപ്പെടാൻ ജനങ്ങളുടെ മേൽ സമ്മർദം ഉണ്ടാക്കുന്നു.
ഘട്ടം 3 തരംതിരിവ്. വിഭാഗങ്ങൾക്ക് തരംതിരിവ് പെരുമാറ്റങ്ങൾ അനുഭവമാകുന്നു.
ഘട്ടം 4 മനുഷ്യത്വ രാഹിത്യം. വിഭാഗങ്ങളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നു.
ഘട്ടം 5 സംഘാടനം. നയങ്ങൾ നടപ്പാക്കാൻ വിശേഷ സേനകളെയും ഡിപ്പാർട്മെന്റുകളെയും സർക്കാർ നിയോഗിക്കുന്നു.
ഘട്ടം 6 ധ്രുവീകരണം. നശിപ്പിക്കപ്പെടെണ്ട സമൂഹത്തിനെതിരെ പ്രബല വിഭാഗങ്ങളെ തിരിക്കാൻ ഭരണകൂടം പ്രചാരണപരമായ സന്ദേശങ്ങൾ സമൂഹത്തിൽ വിതരണം ചെയ്യുന്നു.
ഘട്ടം 7 തയ്യാറെടുക്കൽ. സമൂഹങ്ങളെ തുരത്താനോ മാറ്റിപ്പാർപ്പിക്കാനോ സർക്കാർ പദ്ധതി തയ്യാറാക്കുന്നു.
ഘട്ടം 8 പീഡനം. കലാപങ്ങൾ, ആൾകൂട്ടക്കൊല, തട്ടിക്കൊണ്ടുപോകൽ അങ്ങനെയുള്ള കലാപരിപാടികൾ അരങ്ങേറുന്നു.
ഘട്ടം 9 ഉന്മൂലനം. ആ സമൂഹത്തെ പൂർണ്ണയും ഇല്ലായ്മ ചെയ്യുന്നു.
ഘട്ടം 10 നിഷേധം. മേല്പറഞ്ഞ എല്ലാ ഘട്ടങ്ങളും, ഇങ്ങനെ ഒരു ഉന്മൂലനവും തങ്ങൾ നടത്തിയിട്ടേയില്ല എന്ന് സർക്കാർ നിഷേധിക്കുന്നു.
ഇന്ത്യയിൽ പലയിടത്തും ക്രൈസ്തവരും, മറ്റു ന്യൂനപക്ഷങ്ങളും ഇതിലെ ഏഴാമത്തെയോ എട്ടാമത്തെയോ ഘട്ടത്തെ ആണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. അത് ഭീതിദമാണ്. റബറിന്റെ വില വർധനവും, തീരദേശ സംരക്ഷണവും പോലെ മനുഷ്യന് താത്കാലികമായി ഗുണപ്രദമാകുന്ന ചില പദ്ധതികൾ ലഭ്യമാകുന്നതൊക്കെ ജനങ്ങളുടെ അവകാശമാണ്. അതൊക്കെ നൽകുന്നത് ഒരു സർക്കാരിനെ സംബന്ധിച്ച് വലിയ ബാധ്യതയും അല്ല. അവരുടെ ഉത്തരവാദിത്വമാണ് അത്. അതിനു വേണ്ടി രാഷ്ട്രീയപ്പാർട്ടികളുടെ കാൽക്കൽ കെട്ടിക്കിടക്കേണ്ട ആവശ്യമില്ല. ആ അവകാശബോധമാണ് ജനങ്ങൾക്ക് ഉണ്ടാകേണ്ടത്.
എന്നാൽ അതിനു വേണ്ടി ഏതെങ്കിലും പാർട്ടിയെ തിരഞ്ഞെടുപ്പിൽ സഹായിക്കാം എന്ന് പറയുന്നത് ജനങ്ങളുടെ ജീവനും, സ്വത്വവും, അവകാശങ്ങളും അടിയറവു വെക്കുന്നതിനു തുല്യമാണ്. വർഗ്ഗീയതയും അപരവല്കരണവും നടത്തി വളരുന്നതും, അവസാനം സമൂഹങ്ങളുടെ ഉന്മൂലനം നടത്തുകയും ചെയ്യുന്ന പ്രത്യയ ശാസ്ത്രങ്ങളോട് ഒരു തരത്തിലും ഒരു അവസരത്തിലും സന്ധി ചെയാൻ മാനവികതയിലും, സത്യം, നീതി, സമത്വം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്ന ആർക്കും, വിശേഷിച്ചു ക്രൈസ്തവ സമൂഹങ്ങൾക്ക് സാധിക്കില്ല എന്ന് പറയുന്നത് അത് കൊണ്ടാണ്. അത് മനുഷ്യനോടും ദൈവത്തിന്റെ രക്ഷാ പദ്ധതിയോടും ചെയ്യുന്ന പാതകമാണ്.
Leave a Reply