മത പരിവർത്തനം ഒരു വ്യക്തിയുടെ ജാതിയിൽ മാറ്റം വരുത്തില്ലെന്ന് കഴിഞ്ഞ ദിവസത്തെ ഒരു വിധിയിലൂടെ കേരള ഹൈക്കോടതി വ്യക്തമാക്കി. പട്ടികവർഗ സമുദായമായ ‘പണിയ’ സമുദായത്തിൽ പെട്ട ഒരു വ്യക്തി നൽകിയ ഹർജിയിന്മേലാണ് വിധി.
ഹർജിക്കാരൻ പണിയ സമുദായത്തിലാണ് ജനിച്ചത്. ഗോത്രത്തിന് സ്വതേയുള്ള പിന്നാക്കാവസ്ഥയിലാണ് അദ്ദേഹം വളർന്നു വന്നത്. ഈ വ്യക്തിയുടെ പിതാവ് ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിൽ പെട്ടയാളാണ്. ക്രിസ്ത്യാനിയാണ് എന്ന് തെളിയിക്കാൻ സമർപ്പിച്ച രേഖകളിൽ ഹർജിക്കാരൻ ഹിന്ദു പണിയ സമുദായത്തിൽ നിന്ന് മതം മാറിയതാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് ഒരു വ്യക്തിയുടെ ജാതിയിൽ മാറ്റം വരുത്തില്ലെന്നും, ക്രിസ്ത്യൻ വിശ്വാസവും ആചാരങ്ങളും അനുസരിച്ച് ജീവിക്കുന്നത്, ഒരു വ്യക്തിയുടെ ജാതിയിൽ മാറ്റം വരുത്തുമെന്ന് കരുതാൻ ഒരു കാരണമല്ല എന്നും കോടതി വിധിച്ചു.
ജാതി, മതം, ആനുകൂല്യങ്ങൾ എന്നിവയെ കുറിച്ച് കൃത്യമായ ധാരണകൾ വളർത്താൻ ഇങ്ങനെയുള്ള കോടതി വിധികൾ അവസരമാണ്. മനുഷ്യോത്പത്തിയുടെ ആരംഭം മുതൽ മനുഷ്യൻ വിവിധ ഗോത്രങ്ങളും സമൂഹങ്ങളും ആയിട്ടാണ് വളർന്നു വികസിച്ചിട്ടുള്ളത്. വിവിധ ഗോത്രങ്ങൾ വളർന്നു വികസിക്കുന്ന ചരിത്രം ബൈബിളിൽ വിശേഷിച്ചു പഴയ നിയമത്തിൽ കാണാം. ഗോത്രങ്ങൾ തമ്മിൽ കലഹങ്ങളും യുദ്ധങ്ങളും നിലനിന്നിരുന്നു, ചിലത് പ്രബലമാവുകയും മറ്റു ചിലത് ദുർബലമാവുകയും ചെയ്തിരുന്നു.
വലിപ്പ ചെറുപ്പങ്ങളും, ഗോത്രീയമോ, ജാതീയമായ ആയ വിവേചനങ്ങളും ഇല്ലാതെ എല്ലാവരും സൗഹാർദത്തിലും സ്നേഹത്തിലും അയൽക്കാരെ പോലെ കഴിയുന്ന സാമൂഹിക ക്രമമാണ് ദൈവ പുത്രനായ ക്രിസ്തു വിഭാവനം ചെയ്തത്. ശത്രുവിനെ പോലും സ്നേഹിക്കുന്ന, സഹജന്റെ വളർച്ചക്കും വികാസത്തിനും പരസ്പരം സഹായിക്കുന്ന മനുഷ്യരുടെ സമൂഹമാണ് അത്. അപ്പസ്തോലിക കാലഘട്ടത്തിൽ സഭയിൽ ആശയങ്ങളുടെയും ആചാരങ്ങളുടെയും പേരിൽ യഹൂദരും യഹൂദേതര സമൂഹങ്ങളും തമ്മിൽ വിഭാഗീയത ഉടലെടുക്കുമ്പോൾ പൗലോസ് ശ്ലീഹായെ പോലുള്ളവർ അതിനെ ക്രൈസ്തവ വിരുദ്ധം എന്ന് വിശേഷിപ്പിച്ചു തിരുത്തുന്നുണ്ട്. “അതിനാൽ നിങ്ങൾ ഇനിമേൽ നിങ്ങളുടെ ഇടയിൽ യഹൂദനോ, വിജാതീയനോ, അടിമയോ സ്വതന്ത്രനോ, സ്ത്രീയോ പുരുഷനോ ഇല്ല. നിങ്ങളെല്ലാവരും ക്രിസ്തുവിൽ ഒന്നാണ്.” ദൈവത്തിന്റെ മക്കളായിരിക്കുക എന്ന ഏക അനുഗ്രഹമാണ് ഓരോ ക്രൈസ്തവനും ഉള്ളത്.
ആദർശപരമായി ക്രൈസ്തവികത ജാതി വത്യാസങ്ങളെ അംഗീകരിക്കുന്നില്ല എങ്കിലും ദൗർഭാഗ്യവശാൽ നമ്മുടെ സാംസ്കാരിക സ്വാധീനങ്ങൾ സാമൂഹികവും, ജാതീയവുമായ വേർതിരിവുകൾ നമ്മുടെ സമൂഹത്തിലേക്ക് കൊണ്ടുവരികയും അതിനെ ചിരന്തനമാക്കുകയും ചെയ്യുന്നുണ്ട്. ലോകം ഇത്ര വികസിതമായിട്ടും, ക്രൈസ്തവികതയിൽ നാം വളരെ വളർന്നിട്ടും ജാതിബോധം മനസ്സിൽ പേറുന്നത് ഒരു അർബുദം തന്നെയാണ്. ഇതര മതങ്ങളിൽ നിന്നോ, ജാതികളിൽ നിന്നോ, സാമൂഹ്യ വിഭാഗങ്ങളിൽ നിന്നോ ക്രൈസ്തവ വിശ്വാസത്തിലേക്ക് വരുന്ന വ്യക്തികളെയും കുടുംബങ്ങളെയും നമ്മുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ തന്നെ കരുതി സ്വാഗതം ചെയ്യുകയും സാംസ്കാരികമായി അവരുടെ ഉന്നമനത്തിനായി പരിശ്രമിക്കുകയും വേണം. ദേവാലയ ശുശ്രൂഷ മുതൽ പൗരോഹിത്യം വരെയും, സംഘടനാ പ്രവർത്തനം മുതൽ ഇടവക ഭരണത്തിലെ പങ്കാളിത്തം വരെയും അവർക്കായി തുറന്നിടപ്പെടണം, അവ ഏറ്റെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുയും വേണം. അതോടൊപ്പം തന്നെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും തളർന്നിരിക്കുന്നവരെ അതാത് മേഖലകളിൽ സഹായിച്ചു വളർത്തുകയും വേണം.
എന്നാൽ ക്രിസ്തു എന്ന ലോകസത്യത്തെ തിരിച്ചറിഞ്ഞു ആ വെളിച്ചത്തിൽ ചരിക്കണം എന്ന ഉത്കടമായ ആഗ്രഹം കൊണ്ട് ഒരാൾ വിശ്വാസം സ്വീകരിച്ചു എന്നിരുന്നാലും വിശ്വാസികളായിരിക്കുന്ന പോലെ തന്നെ അവർ ഇന്ത്യൻ പൗരന്മാരുമാണ്. അവശത അനുഭവിക്കുന്ന നിരവധി സമൂഹങ്ങൾ ഉണ്ട് എന്ന ഇന്ത്യയുടെ പ്രത്യേകത കണക്കിലെടുത്തു സ്വതന്ത്ര ഭാരതം പട്ടിക വർഗ്ഗങ്ങൾക്കും ജാതികൾക്കും വിവിധ ആനുകൂല്യങ്ങളും സംവരണങ്ങളും നൽകിയിട്ടുണ്ട്. 1950 ഓഗസ്റ്റ് 10-ന് ഭരണഘടനാ പരമായി പട്ടികജാതി വിഭാഗങ്ങൾക്കുള്ള സംവരണ അവകാശം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചെങ്കിലും ആ അവകാശം ഹിന്ദുക്കൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്ന നിബന്ധന ഉണ്ടായിരുന്നു. പിന്നീട് പട്ടികജാതിയിൽ നിന്നും മതപരിവർത്തനം ചെയ്ത് സിക്കുമതം സ്വീകരിച്ചവർക്കും ബുദ്ധമതം സ്വീകരിച്ചവർക്കും തുല്യ സംവരണ അവകാശം കേന്ദ്ര സർക്കാർ അനുവദിച്ചു എങ്കിലും ക്രൈസ്തവ മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന ആളുകൾക്ക് സംവരണ വിഷയത്തിൽ തുല്യ അവകാശം നിഷേധിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് കേരള ഹൈക്കോടതിയുടെ വിധിക്ക് പ്രസക്തി ഏറുന്നത്.
2004- മുതൽ ഈ വിവേചനത്തിനെതിരെ ദളിത് ക്രൈസ്തവ വിഭാഗങ്ങൾ നിയമ പോരാട്ടം നടത്തുന്നുണ്ട്. 1950-ലെ പട്ടികജാതി സംവരണ ഉത്തരവിലെ മതപരാമർശം ഭരണഘടനയുടെ സെക്കുലർ സ്വഭാവത്തിന് വിരുദ്ധമാകയാൽ അത് റദ്ദ് ചെയ്യണമെന്നതാണ് കേസിന്റെ മുഖ്യ വാദം.
ഈ കേസിന്റെ ഒന്നാം കക്ഷിയായ അഡ്വക്കേറ്റ് ഫ്രാങ്ക്ലിൻ സീസറിനോടൊപ്പം സെൻട്രൽ പബ്ലിക് ഇൻട്രസ്റ്റ് ലിറ്റിഗേഷൻ, നാഷണൽ കൗൺസിൽ ഓഫ് ദളിത് ക്രിസ്ത്യൻ (NCDC), കാത്തലിക് ബിഷപ്സ് കൗൺസിൽ ഓഫ് ഇന്ത്യ (CBCI), നാഷണൽ ക്രിസ്ത്യൻ കൗൺസിൽ ഓഫ് ഇന്ത്യ (NCCI), എന്നിവരും കേസിൽ പങ്കാളികളാണ്. 2023 ജൂലൈ 21- മുതൽ സുപ്രീംകോടതി ഈ കേസിന്റെ വാദം കേൾക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
വിശ്വാസി എന്ന നിലയിൽ അവശ വിഭാഗങ്ങളിലെ വ്യക്തികളെ ആദരിക്കുകയും ഉൾച്ചേർക്കുകയും ചെയ്യുമ്പോഴും, പൗരൻ എന്ന നിലയിൽ രാഷ്ട്രം ഓരോ വിഭാഗങ്ങളുടെയും വളർച്ചക്ക് വേണ്ടി നൽകിയിട്ടുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കാൻ എല്ലാവരും അവരോടൊപ്പം തോൾ ചേരേണ്ടതുണ്ട്.
Leave a Reply