Dr. Jose Vallikatt

Jose Vallikatt is the Editor in Chief of LumenIndia, your gateway to Church and Culture in India.

Mary Taylor

You can have anything you want if you are willing to give up everything you have.

മത നിയമങ്ങൾ, രാഷ്ട്ര നിയമങ്ങൾ

Posted by

സാമൂഹ്യ മാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു വോക്‌സ് പോപ്പ് വീഡിയോയിലെ ചോദ്യം മത നിയമങ്ങളാണോ രാഷ്ട്ര നിയമങ്ങളാണോ നല്ലത്? എന്നതായിരുന്നു. വിവിധ പ്രായത്തിലും വിഭാഗങ്ങളിലും പെട്ട ഏഴോ എട്ടോ പ്രതികരണക്കാരിൽ മിക്കവരും രാഷ്ട്ര നിയമങ്ങൾക്ക് മത നിയമങ്ങളെക്കാൾ പ്രസക്തി ഉണ്ട് എന്ന അഭിപ്രായക്കാർ ആയിരുന്നു എന്നത് സന്തോഷം നൽകി. മതനിയമങ്ങൾ ചില സാഹചര്യങ്ങളിൽ നല്ലതാണ് എന്നും, അത് വ്യക്തിപരമാണ് എന്നും ഒന്നോ രണ്ടോ പേര് അഭിപ്രായപ്പെട്ടെങ്കിലും മത നിയമങ്ങൾ പരമോന്നതവും അവസാന വാക്കും ആണ് എന്ന് ആരും തന്നെ അഭിപ്രായപ്പെട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഏക സിവിൽ കോഡ് എന്ന പൗരനിയമം നിർമ്മിക്കാൻ ഒരുങ്ങുന്ന വേളയിൽ വിവിധ മത വിഭാഗങ്ങൾ അവരുടേതായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ ഈ ചോദ്യം പ്രസക്തമാണ്. മത നിയമം എന്നൊരു സംഗതിയെ ക്രൈസ്തവമായ കാഴ്ചപ്പാടിലൂടെ കാണാനുള്ള ശ്രമമാണ് ഈ ലേഖനത്തിൽ.

നിയമം എന്ന പദം ബൈബിളിൽ വളരെയേറെ പ്രാവശ്യം വരുന്നുണ്ട് എങ്കിലും നാം ഇന്ന് മനസിലാക്കുന്ന ‘രാഷ്ട്രങ്ങളുടെ നിയമം’ എന്ന അർത്ഥത്തിലല്ല അത് പരാമർശിക്കപ്പെടുന്നത്. ബൈബിളിന്റെ രണ്ടു ഭാഗങ്ങളെ പഴയ നിയമം, പുതിയ നിയമം എന്നാണ് വിളിക്കുന്നത്. എന്നാൽ ഇവിടെ നിയമത്തിന് അർത്ഥം ഉടമ്പടി എന്നാണ്. ഉടമ്പടി ഉണ്ടാകുന്നത് ദൈവവും മനുഷ്യനും തമ്മിലുള്ള പരസ്പര ധാരണയിൽ നിന്നും സ്നേഹത്തിൽ നിന്നുമാണ്. ഉല്പത്തി പുസ്തകം 15ആം അധ്യായത്തിൽ ദൈവം അബ്രഹാമുമായി സ്ഥാപിക്കുന്ന ഉടമ്പടി ‘നിയമ’ പ്രകാരമല്ല, മറിച്ച് അബ്രാമിന്റെ വിശ്വാസത്തോടൊപ്പമുള്ള ദൈവത്തിന്റെ കൃപയാൽ സ്ഥാപിക്കപ്പെട്ടതാണ്. അത് അവർ തമ്മിലുള്ള ഒരു ബന്ധത്തിന്റെ കരാർ ആണ്.

“നിയമം” എന്ന വാക്കിന് ഹീബ്രൂ ഭാഷയിൽ തോറ എന്ന പദമാണ് ഉപയോഗിക്കുന്നത്. പഴയനിയമത്തിൽ 220 ലേറെ തവണ ഉപയോഗിച്ചിട്ടുള്ള ഈ പദം, ‘നിർദേശം,’ ‘അറിയിക്കൽ’ എന്നൊക്കെയുള്ള അർത്ഥത്തെയാണ് കൂടുതൽ കൃത്യമായി പകരുന്നത്. ദൈവ നിയമത്തിനു അനുസരിച്ചു ജീവിക്കുക എന്നാൽ അവന്റെ മനസറിഞ്ഞു, അവന്റെ ഇഷ്ടത്തിനനുസരിച്ചു ജീവിക്കുക എന്നാണ്.

പത്തു കല്പനകളിലെ ആദ്യ മൂന്നെണ്ണം ദൈവത്തെ കുറിച്ച് തന്നെ ഉള്ളതാണല്ലോ. എന്നാൽ ദൈവ നിഷേധികളെ പോലും ഏതെങ്കിലും നിയമ പ്രകാരം നമ്മുടെ കാലഘട്ടത്തിൽ സഭയിൽ നിന്ന് പുറത്താക്കിയതായി അറിവില്ല. അത് പോലെ തന്നെയാണ് വ്യഭിചാര കുറ്റവും, കൊലപാതക കുറ്റവും. തെറ്റായ പഠിപ്പിക്കലുകൾ, വ്യഭിചാരം, സമൂഹത്തിനുള്ള ഉതപ്പ് എന്നിവ മൂലം ബിഷപ്പുമാരെ ശുശ്രൂകളിൽ നിന്നും, വൈദികരെയും, സന്യാസിനികളെയും പദവികളിൽ നിന്നും വൈദിക സ്ഥാനത്തു നിന്നും മാറ്റി നിറുത്തുന്നതാണ് കത്തോലിക്കാ സഭയിലെ ഏറ്റവും ശിക്ഷ. തല വെട്ട പ്പെടുകയോ, കല്ലെറിഞ്ഞു കോല ചെയ്യപ്പെടുകയുന്നോ ചെയുന്ന ഒരു നിയമവും കത്തോലിക്കാ സഭകളിൽ ഇല്ല. ആദ്യ കുര്ബാനക്കും, കല്യാണത്തിനും പള്ളിക്ക് പിരിവു കൊടുത്തില്ലെങ്കിൽ ചില വികാരിമാർ ചെറുതായിട്ട് ഒന്ന് പീഡിപ്പിക്കുന്നതാണ് സഭയിലെ ഏറ്റവും വലിയ ശിക്ഷ എന്നാണ് എനിക്ക് തോന്നുന്നത്. അതിന്റെ പ്രധാന കാരണം നിയമത്തെ ക്രൈസ്തവർ ദൈവവുമായുള്ള വ്യക്തിപരമായ ബന്ധമായി കാണുന്നത് കൊണ്ടാണ്.

ദൈവത്തിന്റെ നീതിയെയും (ശിക്ഷയെയും) അവന്റെ കരുണയോടും രക്ഷാകര പദ്ധതിയോടും ബന്ധപ്പെടുത്തിയാണ് ബൈബിൾ വിശദമാക്കുന്നത്. “ഞാൻ ഭൂമിയിൽ അചഞ്ചലമായ സ്നേഹത്തോടും, ന്യായത്തോടും, നീതിയോടും, കൂടെ പ്രവർത്തിക്കുന്നു എന്ന് ജെറമിയ 9:24-ൽ നാം വായിക്കുന്നു. ദൈവത്തിന്റെ കരുണ അവന്റെ നീതിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് വെളിവാക്കുന്ന നിരവധി സന്ദർഭങ്ങൾ സങ്കീർത്തനത്തിൽ നിന്ന് എടുത്തു കാണിക്കാം. “എന്റെ വായ് നിന്റെ നീതിപ്രവൃത്തികളെക്കുറിച്ചും, ദിവസം മുഴുവനും നിന്റെ രക്ഷാപ്രവൃത്തികളെക്കുറിച്ചും പറയും” (സങ്കീ 71:15).

അനുഷഠാനപരമായ ചില നിയമങ്ങൾ ക്രൈസ്തവർ മുറുകെ പിടിക്കുന്നുണ്ടെങ്കിലും അത് സാമൂഹ്യമായ രാഷ്ട്ര നിയമങ്ങൾക്ക് ഒരിക്കലും വിഘാതമല്ല. കാനൻ നിയമം എന്ന പേരിൽ അറിയപ്പെടുന്ന സഭാനിയമ സംഹിത ഭരണപരവമായ നിർദ്ദേശങ്ങളാണ് മുന്നോട്ടു വെക്കുന്നത്. അവയും അതാത് രാജ്യങ്ങളുടെ നിയമങ്ങൾക്ക് എതിര് ആകരുത് എന്ന് നിഷ്കർഷയുണ്ട്. എന്നാൽ അന്ത്യവിധിയുടെ മാനദണ്ഡങ്ങൾ നോക്കൂ. അതു മുഴുവൻ വിശപ്പ്, ദാഹം, ഒറ്റപ്പെടൽ, രോഗം, ഭവന രാഹിത്യം, വസ്ത്രമില്ലായ്മ അങ്ങനെ സാമൂഹ്യ നീതിയുമായി ബന്ധപ്പെടുത്തിയല്ല ബൈബിൾ അവതരിപ്പിക്കുന്നത്. പള്ളിയിൽ പോകാത്തതിനോ, കൂദാശകൾ അനുഷ്ഠിക്കാത്തതിനോ, നേർച്ചകാഴ്ചകൾ നല്കാത്തതിനോ ദൈവ നിയമമോ മത നിയമമോ ആരെയും ശിക്ഷിക്കുന്നില്ല. അത് പോലെ തന്നെ സഭയുടെ ഉപദേശകന്മാർ വളരെ കുറച്ചു മാത്രം പരാമർശിക്കുന്ന സുവിശേഷ ഭാഗ്യങ്ങൾ നോക്കൂ. ക്രൈസ്തവ ധാർമികത ചിട്ടപ്പെടുത്തേണ്ട നിർദ്ദേശങ്ങളോ മാനദണ്ഡങ്ങളോ ആണ് അവ. ദൈവത്തിന്റെ നീതിയുടെയും അനുഗ്രഹത്തിന്റെയും ഭാഗ്യശാലികളാകുന്നർ മത നിയമങ്ങൾ പാലിച്ചു ജീവിക്കുക എന്നതിനേക്കാൾ ഉപരിയായി ദാരിദ്ര്യം, വിലാപം, നീതിരാഹിത്യം ഒക്കെ അനുഭവിക്കുന്നവരും, കരുണയുള്ളവരും, ശാന്തശീലരും, സമാധാനപ്രിയരും ഒക്കെയാണ്. അവരാണ് ഭാഗ്യവാന്മാർ എന്നാണ് സുവിശേഷ ഭാഗ്യങ്ങൾ പറയുന്നത്.

യഹൂദമതത്തിലും ഇസ്‌ലാമിലും നിന്ന് വ്യത്യസ്തമായി, ആദിമ ക്രിസ്ത്യാനികൾ ഒരു പ്രത്യേക നിയമവ്യവസ്ഥ സ്ഥാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്. യഹൂദ നിയമത്തെ പിൻപറ്റുന്നതിനേക്കാൾ ഉപരി അവർ റോമൻ സാമ്രാജ്യത്തിന്റെ ഭരണപരവും നിയമപരവുമായ പശ്ചാത്തലം അംഗീകരിക്കുകയും ഈ ചട്ടക്കൂടിനുള്ളിൽ തങ്ങളുടെ മതപരവും ധാർമ്മികവുമായ കാഴ്ചപ്പാടുകൾ വികസിപ്പിക്കുകയുമാണ് ചെയ്തത്. എന്നിരുന്നാലും, നിയമപരവും ധാർമ്മികവുമായ കാര്യങ്ങളിൽ ക്രിസ്തുമതം സ്വന്തം വീക്ഷണം വികസിപ്പിച്ചെടുത്തു. ഒരു വശത്ത് ദൈവഹിതത്തോടുള്ള പ്രതിബദ്ധതയും മറുവശത്ത് മാനുഷിക നിയമവ്യവസ്ഥകളോടുള്ള ആദരവും തമ്മിലുള്ള വ്യത്യാസമാണ് ഈ വീക്ഷണത്തിന്റെ വ്യതിരിക്തത. ദൈവഹിതം ലക്ഷ്യമാക്കിയുള്ള ഒരു ധാർമ്മികതയ്ക്ക് തങ്ങൾ വിധേയരാണ് എന്നും, അതേ സമയം ഈ ലോകത്തിന്റെ നിയമങ്ങളെയും അധികാരങ്ങളെയും തങ്ങൾ അംഗീകരിക്കുന്നു എന്നുമാണ് ഈ ഈ ദ്വിമുഖ പദ്ധതി വഴിയുള്ള ക്രൈസ്തവരുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *