1985 ലോ 86ലോ മറ്റോ ആണ് ഞാൻ ഒരു രാഷ്ട്രീയ ജീവി ആയത്. അന്നെനിക്ക് 13ഓ 14ഓ വയസ് പ്രായമേ ഉള്ളൂ.
പി എം ആന്റണി എഴുതിയ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തിനെതിരെ ആലപ്പുഴയെ ജന സാന്ദ്രമാക്കിക്കൊണ്ടു നടത്തിയ പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ മുതിർന്ന വിശ്വാസികൾക്കൊപ്പം കുട്ടികളോടും ആവശ്യപ്പെട്ടിരുന്നു. (ഇന്നായിരുന്നെങ്കിൽ അത്തരം പ്രതിഷേധങ്ങൾക്ക് ഞാൻ പോവില്ല. അതല്ല നമ്മുടെ വിഷയം.)
ആലപ്പുഴയിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളെയും സംഘടിപ്പിച്ചു നടത്തിയ പ്രതിഷേധം അക്ഷരാർത്ഥത്തിൽ വിശ്വാസ സാഗരം ആയിരുന്നെങ്കിലും, അത് ഒരു മൗന ജാഥ ആയിരുന്നു എന്നാണ് എന്റെ ഓർമ്മ. മുദ്രാവാക്യങ്ങൾ ഇല്ലായിരുന്നു എന്നു തോന്നുന്നു.
ഇടവകയിൽ വെച്ചു ഞങ്ങൾക്ക് പല മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ തന്നു. എനിക്കും കിട്ടി ഒന്ന്. അതിൽ എന്താണ് എഴുതിയിരുന്നത് എന്നു ഞാൻ വായിച്ച നിമിഷമാണ് ഞാൻ ഒരു രാഷ്ട്രീയ ജീവി ആയത്. “ആത്മസംയമനം ഭീരുത്വമല്ല” എന്നായിരുന്നു എന്റെ പ്ലക്കാർഡിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ എങ്ങനെ എന്നറിയില്ല, ആ സ്ലോഗൻ ക്രൈസ്തവോചിതം അല്ല എന്നാണ് അന്ന് എനിക്ക് തോന്നിയത്. സംയമനം തീർന്നു കഴിഞ്ഞാൽ ഞങ്ങൾ തിരിച്ചടിക്കും എന്നൊരു അർത്ഥമാണ് അതിൽ ഉള്ളത് എന്നു തോന്നി. അൾത്താര ബാലൻ ഒക്കെയായി അപ്പോഴും ശുശ്രൂഷ ചെയ്തിരുന്ന എനിക്ക് ഏതായാലും ആ പ്ലാക്കർഡ് ഒഴിവാക്കണം എന്നു തോന്നി. ആവിഷ്കാരം അതിരുകടക്കരുത് എന്നോ മറ്റോ ഉള്ള ലെസ്സ് പൊളിറ്റിക്കൽ ആയ ഒരു പ്ലാക്കർഡ് ഞാൻ സംഘടിപ്പിച്ചു.
നാം പറയുകയോ, ഏറ്റുപറയുകയോ എഴുതുകയോ പങ്കു വെക്കുകയോ ചെയ്യുന്ന എല്ലാത്തിന്റെയും പിതൃത്വം നമ്മുടേതാണ്.
കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ പരിസരങ്ങളിൽ ഉയർന്നു മുഴങ്ങുന്ന മുദ്രാവാക്യങ്ങൾ അത്യന്തം വെല്ലുവിളി നിറഞ്ഞതും, ഹിംസാത്മകവും ജനാധിപത്യ വിരുദ്ധവും ആണ്. “അവിലും മലരും കരുതിക്കോ” എന്ന അത്യന്തം ഭീകര മുദ്രാവാക്യം ഉയർന്നതിന് ശേഷം ചില തീവ്ര സംഘടനകൾ വിലക്കപ്പെടുകയും നേതാക്കൾ അഴിക്കുള്ളിലാവുകയും ചെയ്തതിന് പിന്നാലെ ഇപ്പോൾ “അമ്പല നടയിൽ കത്തിക്കും” എന്ന മുദ്രാവാക്യമാണ് ഉയരുന്നത്. സംഘാടകർ മുദ്രാവാക്യം വിളിച്ച ആളെ പുറത്താക്കി താൽകാലികമായി രക്ഷപെട്ടെങ്കിലും, ഏതാനും പേർ അറസ്റ്റിലായി എന്നാണ് റിപ്പോർട്ട്.
എന്നാൽ, “ഷംസീറിന് നേരെ കൈ ഓങ്ങിയാൽ മോർച്ചറിയിൽ കിടക്കേണ്ടി വരും” എന്നു വിപ്ലവ പാർട്ടിയുടെ സമാദരണീയ നേതാവ് പി ജയരാജൻ പ്രസ്താവിച്ചിട്ട് ജനാധിപത്യ കേരളത്തിന് യാതൊരു ഞെട്ടലും തോന്നിയില്ല. കേരളം അചിന്ത്യമാം വിധം അക്രമോത്സുകവും ഹിംസാത്മകവും ആയിക്കൊണ്ടിരിക്കുകയാണ്. സാധാരണ കുട്ടികളിൽ പോലും ഹിംസയുടെ അനുരണനങ്ങൾ കാണാം. അത് ബഹുസ്വരതയുടെയും, മതേതരത്വത്തിന്റെയും, ജനാധിപത്യത്തിന്റെയും ഗുണപരത ദയനീയമാംവണ്ണം കുറക്കും.
ഹിന്ദു സംഘടനകളും, മുസ്‌ലിം കൂട്ടായ്മകളും, കമ്മൂണിസ്റ്റ കോണ്ഗ്രസ് പാർട്ടികളും ഒക്കെ ഇങ്ങനത്തെ മുദ്രാവാക്യം വിളിക്കുമ്പോൾ, യൂകെയിലും കാനഡയിലും പോയി രക്ഷ പെടാതെ ഇവിടെ തന്നെ നിന്ന് സഭയെ സംരക്ഷിച്ചേ അടങ്ങൂ എന്നു വ്രതം എടുത്തിരിക്കുന്ന ചില ക്രൈസ്തവർക്കും അങ്ങനത്തെ മുദ്രാവാക്യങ്ങൾ ഉയർത്താൻ ഒരു ഉൾവിളി ഉണ്ടാകുന്നുണ്ട്. “അധികം കളിച്ചാൽ ഞങ്ങളും തിരിച്ചടിക്കും,” “ഞങ്ങൾ കഴിവില്ലാത്തവരാണ് എന്നു കരുതരുത്,” “ക്ഷമക്കും പരിധി ഉണ്ട്” എന്നൊക്കെ കമ്പന ശേഷി കുറഞ്ഞ ചില മുദ്രാവാക്യങ്ങൾ കാഞ്ഞിരപ്പള്ളിയിലെ ചില മഞ്ഞപ്പു മാറാത്ത കുട്ടികൾ അടഞ്ഞ മുറിയുടെ മൂലക്കിരുന്നു വിളിച്ചതായി സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോഴും ഇടക്കിടെ പൊങ്ങിവരുന്നത് കാണാറുണ്ട്.
“നമ്മുടെ സ്ഥാനത്ത് വേറെ മതക്കാർ ആയിരുന്നു എങ്കിൽ കാണാമായിരുന്നു” എന്നതാണ് ക്രൈസ്തവ സ്നേഹത്താൽ പ്രേരിതരായി എന്നവണ്ണം കരുണയുള്ള ഒരു മുദ്രാവാക്യം ക്രൈസ്തവ സഹോദരങ്ങളായി മുഴക്കി കേൾക്കുന്നത്. കേട്ടാൽ ദുരുദ്ദേശ്യം ഇല്ല എന്നു തോന്നും. “അവരുടെ സ്ഥാനത്തായിരുന്നു ഞങ്ങൾ എങ്കിൽ അടിച്ച് നിരപ്പാക്കിയേനെ” എന്നാണ് അതിന് അർത്ഥം. “ഈ ക്രിസ്തുവും സുവിശേഷവും എന്ന ഒടുക്കത്തെ തടസങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ കൈക്കരുത്ത് കാണിച്ചേനെ” എന്നൊക്കെ ആണ് സഹോ ആ മുദ്രാവാക്യത്തിന്റെ അർത്ഥം. അത് ക്രൈസ്തവ സ്നേഹത്തെയോ, കരുണയെയോ, ക്ഷമയെയോ ഒരിക്കലും പ്രതിഫലിപ്പിക്കുന്നില്ല.
ഇങ്ങനത്തെ മുദ്രാവാക്യങ്ങൾ സ്വപ്നത്തിൽ പോലും ഒരു ക്രിസ്ത്യാനിയും വിചാരിച്ചേക്കരുത് എന്നു വിശ്വാസി സമൂഹത്തെ ഉപദേശിക്കാൻ തക്ക ആത്മീയ പൈതൃകം ഉള്ള ഒറ്റ ക്രൈസ്തവ മേലധ്യക്ഷന്മാരും ഇല്ല എന്നതാണ് നമ്മുടെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ദുര്യോഗം.
==എഡിറ്റ്==
പോസ്റ്റ് ഇട്ടതിന് ശേഷം ഫാദർ Joby Tharamangalam എഴുതിയ ഒരു കമന്റ് പോസ്റ്റിന് പൂർണ്ണത നൽകും എന്നു തോന്നിയതിനാൽ ആ കമന്റ പോസ്റ്റിൽ ചേർക്കുന്നു.
“അപ്പോൾ നമ്മൾ പ്രതികരിക്കേണ്ട?” “അങ്ങനെ നമുക്ക് പ്രതികരിക്കാമോ” എന്ന ചോദ്യങ്ങൾ തീർത്തും ന്യായമാണ്. ഫ്രാൻസിസ് മാർപാപ്പയുടെ fratelli tutti എന്ന encyclical വളരെ വ്യക്തമായ രീതിയിൽ ഈ സങ്കീര്ണതക്ക് ഒരു മാർഗ്ഗനിർദ്ദേശം നൽകുന്നുണ്ട്. ക്രിസ്തുസ്നേഹത്തോടെ തിന്മകളെ എതിർക്കാനും നീതിക്കായി നിലകൊള്ളാനും വഴികാണിക്കുന്നതാണ് അത്. നമുക്ക് നമ്മുടെ ലക്ഷ്യങ്ങളും പ്രത്യയശാസ്ത്രങ്ങളും സുവിശേഷത്തിനും മുകളിലുള്ളപ്പോൾ ഈ encyclical നു വേണ്ടത്ര പ്രാധാന്യം നൽകാൻ ശ്രമിച്ചിട്ടില്ല. വെറുക്കാൻ തീരുമാനിച്ചാൽ ആ വഴിക്ക് നമുക്ക് സുവിശേഷത്തെ വ്യാഖ്യാനിക്കാം. “നിങ്ങളുടെ മേലങ്കി വിറ്റ് വാൾ വാങ്ങിക്കൊള്ളുക” എന്ന ഭാഗം ആയുധ വ്യാപാരത്തെ ന്യായീകരിക്കുന്ന ‘വചനം’ ആയി വ്യാഖ്യാനിക്കുന്ന ക്രിസ്തീയതയെക്കുറിച്ചു അറിഞ്ഞത് ഇന്നലെയാണ്.
Leave a Reply