ഈ കാലഘട്ടത്തിലെ മനുഷ്യരുടെ, പ്രത്യേകിച്ച് ദരിദ്രരോ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ കഷ്ടപ്പെടുന്നവരോ ആയവരുടെ, സന്തോഷങ്ങളും പ്രതീക്ഷകളും, സങ്കടങ്ങളും ഉത്കണ്ഠകളും, തീർച്ചയായും ക്രിസ്തുവിന്റെ അനുയായികളുടെ സന്തോഷങ്ങളും പ്രതീക്ഷകളും, സങ്കടങ്ങളും ആകുലതകളും കൂടിയാണ്… ആയതിനാൽ, മനുഷ്യന്റെ ശ്രേഷ്ഠമായ ഭാഗധേയം പ്രഖ്യാപിക്കുകയും അവനിൽ വിതയ്ക്കപ്പെട്ട ദൈവതുല്യമായ ബീജത്തെ ഉയർത്തുകയും ചെയ്യുന്ന ഈ പരിശുദ്ധ സൂനഹദോസ്, എല്ലാ മനുഷ്യരുടെയും ലക്ഷ്യത്തോട് യോജിക്കുന്ന സാഹോദര്യം വളർത്തിയെടുക്കുന്നതിന് സഭയുടെ സത്യസന്ധമായ സഹായം മനുഷ്യരാശിക്ക് മുഴുവൻ വാഗ്ദാനം ചെയ്യുന്നു. വത്തിക്കാൻ സൂനഹദോസ് രേഖകളിലെ ‘സഭ ആധുനിക ലോകത്തിൽ’ എന്ന പ്രമാണരേഖയുടെ ആദ്യ രണ്ടു ഖണ്ഡികയുടെ സംക്ഷിപ്തം ആണ് മേൽ കുറിച്ചത്.
കലാപങ്ങളെ കുറിച്ച് ക്രൈസ്തവന് പ്രതികരിക്കാൻ അത് ഇപ്പോഴും മത കലാപം ആകണമെന്നോ, ക്രൈസ്തവർ തന്നെ പീഡിപ്പിക്കപ്പെടണമെന്നോ ഇല്ല. ക്രിസ്തു വഴി എല്ലാ മനുഷ്യരോടും സഭയും, സഭയുടെ അംഗങ്ങളും ഐക്യപ്പെട്ടിരിക്കുന്നതിനാൽ, എല്ലാ മനുഷ്യരോടും അവരുടെ ദുഃഖദുരിതങ്ങളിൽ ഐക്യദാർഢ്യം രേഖപ്പെടുത്തുകയും, അനീതിയുടെയും, മനുഷ്യാവകാശ ധ്വംസനങ്ങളുടെയും കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരുന്നത് വരെ സഭ പക്ഷം ചേരേണ്ടത് മർദ്ദിതരോടൊപ്പം തന്നെയാണ്. അല്ലാത്ത വൈറ്റ് വാഷിങ് ഒക്കെ ക്രൈസ്തവ വിരുദ്ധമാണ്. തങ്ങളുടെ സ്ഥാനവും സുരക്ഷയും ഉറപ്പു വരുത്തുന്ന അവർ ആടുകളെ കുറിച്ച് കരുതൽ ഇല്ലാത്ത വ്യാജ ഇടയന്മാർ ആണ്.
2021 ജനുവരി 26 ന് catholicmalayalam.org എന്ന വെബ് പേജിൽ ജോസഫ് പാംപ്ലാനി മെത്രാൻ ‘സഭയും ലോകവും’ എന്ന ലേഖനത്തിൽ പറയുന്ന ചില സംഗതികൾ ശ്രദ്ധേയമാണ്: സഭ, ലോകത്തോടുള്ള തന്റെ ഉത്തരവാദിത്വത്തിന്റെ വെളിച്ചത്തില്‍ എന്തുചെയ്യണമെന്നു ചിന്തിക്കുമ്പോള്‍ താഴെപ്പറയുന്ന കടമകള്‍ ഉരുത്തിരിയുന്നു:
- മനുഷ്യന്റെ അന്തസ്സിനും മാഹാത്മ്യത്തിനും വേണ്ടി എല്ലായിടത്തും വാദിക്കുവാന്‍ സഭ കടപ്പെട്ടിരിക്കുന്നു.
- ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ ഇവ സൃഷ്ടിക്കന്ന മനുഷ്യോചിതമല്ലാത്ത ജീവിതസാഹചര്യങ്ങള്‍ക്കു മാറ്റം വരുത്തുവാന്‍ സഭ ബദ്ധശ്രദ്ധയാകണം.
- മനുഷ്യവ്യക്തിയുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന അനീതി, ചൂഷണം, മര്‍ദ്ദനം എന്നിവയ്ക്കെതിരേ സഭ പ്രവര്‍ത്തിക്കണം.
- മനുഷ്യരുടെയിടയില്‍ ഉച്ചനീചത്വങ്ങള്‍ പരിപോഷിപ്പിക്കുന്ന സമ്പ്രദായങ്ങളും വ്യവസ്ഥിതികളും ഇല്ലാതാക്കാനായി സഭ പരിശ്രമിക്കണം.
- ദൈവരാജ്യത്തിന്റെ മൂല്യങ്ങളായ സത്യം, നീതി, സമാധാനം എന്നിവ വചനത്തിലൂടെയും പ്രവൃത്തിയിലൂടെയും വെളിപ്പെടുത്തിക്കൊണ്ട് ദൈവരാജ്യത്തിന്‍റെ മൂല്യങ്ങള്‍ക്ക് സഭ തന്നില്‍ത്തന്നെ സാക്ഷ്യം നല്കണം.
എന്നാൽ ഇന്നുവരെ സാമൂഹ്യമണ്ഡലത്തിലുള്ള സഭയുടെ നിലപാടിനെയും പ്രവര്‍ത്തനങ്ങളെയും ചരിത്രപരമായി വിലയിരുത്തുമ്പോള്‍ ചില വസ്തുതകള്‍ വ്യക്തമാകുന്നുണ്ട് എന്ന് അദ്ദേഹം എണ്ണമിട്ടു ഉദാഹരണ സഹിതം പറയുന്നുണ്ട്. (ലേഖനത്തിന്റെ മുഴുവൻ ലിങ്ക് കമന്റ് ബോക്സിൽ കൊടുത്തിട്ടുണ്ട്).
- ചില അവസരങ്ങളില്‍ സത്യത്തിനും നീതിക്കുംവേണ്ടി ശബ്ദമുയര്‍ത്തേണ്ടിടത്തു സഭ ശബ്ദമുയര്‍ത്തിയിട്ടില്ല. ഉദാഹരണത്തിന് നാസിസത്തിനെതിരേ സഭ ഒരു പരിധിവരെയെങ്കിലും നിശ്ശബ്ദത പാലിച്ചതായി വിമര്‍ശിക്കപ്പെടുന്നു.
- ചിലപ്പോള്‍ സഭ അഥവാ സഭയിലെ ചില വ്യക്തികള്‍ പറയരുതാത്തത് പറയുകയും അറിയാതെയാണെങ്കിലും അബദ്ധ നിലപാടില്‍ കുരുങ്ങിപ്പോവുകയും ചെയ്തിട്ടുണ്ട്. ഗലീലിയോ സംഭവത്തിലേയ്ക്ക് വിരല്‍ചൂണ്ടിക്കൊണ്ട് വത്തിക്കാന്‍ കൗണ്‍സില്‍ ഈ രംഗത്ത് സഭയ്ക്ക് പറ്റിയ അബദ്ധം എടുത്തു കാണിക്കുന്നു.
- സഭയുടെ ശബ്ദം തെളിഞ്ഞു കേള്‍ക്കപ്പെടേണ്ട ഇടങ്ങളില്‍ അതു പലപ്പോഴും അവ്യക്തമായിപ്പോയി. ഉദാഹരണത്തിന് സാമൂഹ്യമായ അസമത്വങ്ങള്‍ വളരെയുള്ള നമ്മുടെ നാട്ടില്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി വ്യക്തമായ ഭാഷയില്‍ ക്രൈസ്തവസമൂഹം സംസാരിച്ചിട്ടില്ല. ഇടവകകളുടെയും രൂപതകളുടെയും പ്രവര്‍ത്തനശൈലി ഈ ലക്ഷ്യത്തിനു പലപ്പോഴും മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ളതായിരുന്നില്ല.
- എല്ലായ്പ്പോഴും സഭയുടെ ശബ്ദം അഥവാ പ്രവര്‍ത്തനശൈലി ദൈവരാജ്യത്തിന്റെ നീതിക്കു നിരക്കുന്നതായിരുന്നോ എന്നു സംശയിക്കേണ്ടതുണ്ട്. ലൗകികമായ സുരക്ഷിതത്വത്തിനും സ്വാധീനശക്തിക്കും വിധേയമായി ദൈവരാജ്യത്തിന്റെ നീതി അന്വേഷിക്കുന്നതില്‍ നിന്നും സഭ ചില സന്ദര്‍ഭങ്ങളിലെങ്കിലും പിന്തിരിഞ്ഞിട്ടുണ്ട്.
- തത്വത്തില്‍ സഭയുടെ സാമൂഹ്യമായ കാഴ്ചപ്പാട് വ്യക്തമെങ്കിലും പ്രവൃത്തിപഥത്തില്‍ അതു പലപ്പോഴും യാഥാര്‍ത്ഥ്യമാകുന്നില്ല. വാക്കും പ്രവൃത്തിയും തമ്മിലുള്ള ഇത്തരം വിടവു ഇല്ലാതാകേണ്ടിയിരിക്കുന്നു.
ഈ അവസാനം പറഞ്ഞ സംഗതി ഉണ്ടല്ലോ, മണിപ്പൂരിന്റെ കാര്യത്തിൽ ഇപ്പോഴും സഭയിലെ മെത്രാന്മാർക്ക് ഒരു ക്രൈസ്തവോചിത നിലപാട് എടുക്കാൻ സാധിക്കാത്തതിന്റെ കാരണം, അതാണ് കാരണം.
Leave a Reply