(മൾട്ടി കൾച്ചറൽ സ്‌കിൽസ്)
മലയാളി, മലയാളി എന്ന് പറഞ്ഞാൽ അച്ചിലിട്ടു വാർത്ത ഒരേ പോലിരിക്കുന്ന, ഒരേ പോലെ പെരുമാറുന്ന ഒരേ സ്വത്വം ഉള്ള മൂന്നരക്കോടി ജനമാണ് എന്നാണ് ഇപ്പോഴും നാം ധരിച്ചു വച്ചിരിക്കുന്നത്. അതിനാൽ തന്നെ, മലയാളി, കേരളീയത എന്നൊക്കെയുള്ള ക്ളീഷേ പ്രയോഗങ്ങൾ നമ്മുടെ മീഡിയ ഉള്ളടക്കങ്ങളിലും പ്രസംഗ ലേഖനങ്ങളിലും ആവർത്തിച്ച് കാണപ്പെടാറുമുണ്ട്.
ഗ്ലോബലൈസേഷന്റെ വലിയൊരു പ്രഭാവം അത് വ്യക്തികളുടെയും ഉത്പന്നങ്ങളുടയും മൊബിലിറ്റി (ഗതാഗതം) വർദ്ധമാനമാക്കി എന്നതാണ്. അങ്ങനെ മാർഷൽ മക്‌ലൂഹൻ പ്രവചിച്ച ആഗോള ഗ്രാമം (ഗ്ലോബൽ വില്ലജ്) സംജാതമായി. അതായത് കാതങ്ങൾക്കപ്പുറം കിടക്കുന്ന ദേശങ്ങൾ പോലും ഭൂമിശാസ്ത്രപരമായി മാത്രമല്ല സാംസ്കാരികമായും വളരെ അടുത്ത് വരികയും, ഒരു ഗ്രാമമെന്ന പോലെ പരിചിതമാവുകയും ചെയ്തു. ഇതോടൊപ്പം നാം മനസിലാക്കേണ്ട മറ്റൊന്ന് ലോക്കലൈസ്ഡ് ഗ്ലോബലൈസേഷൻ ഉണ്ട് എന്ന സംഗതി ആണ്.
സമീപ കാലത്ത് ഇറങ്ങിയ സിനിമകളുടെ പരിച്ഛേദം ഒന്ന് നോക്കൂ, വള്ളുവനാടൻ മലയാളവും, തിരുവിതാംകൂർ മലയാളവും, വിരളമായി മാത്രം കടപ്പുറം മലയാളവും മാത്രം സംസാരിച്ചിരുന്ന മലയാള സിനിമ തിരോന്തോരം മലയാളവും, കുട്ടനാടൻ മലയാളവും, ഇടുക്കി മലയാളവും, കൊച്ചി മലയാളവും, തൃശൂർ മലയാളവും, പാലക്കാടൻ, മലപ്പുറം മലയാളവും, കോഴിക്കോടൻ, കണ്ണൂർ, കാസ്രോട് മലയാളവും പറയാൻ തുടങ്ങി. ബെട്ടിയിട്ട ബായത്തണ്ട പോലെ വികലമായതെങ്കിലും മുസ്‌ലിം മലയാളവും, ദളിത് മലയാളവും, ചന്ത മലയാളവും സംസാരിക്കുന്നുണ്ട്. ഇന്നാട്ടുകളിലെ ഭക്ഷണവും ആചാരങ്ങളും പ്രമേയമായ സിനിമകൾ വലിയ തോതിൽ പുറത്തിറങ്ങി.ഇത് സിനിമയിൽ മാത്രം കാണുന്ന സംഗതി അല്ല. കേരളം പോലും തെക്കും വടക്കും, കിഷക്കും പടിഞ്ഞാറും തമ്മിൽ കണ്ടു തുടങ്ങിയത് പ്രാദേശികമായ ആഗോളവത്‌കരണ പ്രഭാവം വന്നു കഴിഞ്ഞാണ് (ഇത് രണ്ടും പരസ്പര ബന്ധിതമാണ് കേട്ടോ. ആരാദ്യം എന്ന് ചോദിക്കാൻ പറ്റില്ല. രണ്ടും ഒരുമിച്ചാണ് ഉണ്ടാകുന്നത്.) ആളുകൾ, വിശേഷിച്ചു യുവ തലമുറ, പുതു സംസ്കാരങ്ങളെ ഇരുകയ്യും നീട്ടി പുണരുന്ന മനോഹര ദൃശ്യമാണ് നാം കാണുന്നത്.
70 കൾ മുതലേ മലയാളി കേരളത്തിന് പുറത്തേക്ക് ജോലി-വ്യാപാര സംബന്ധമായി പോകുമായിരുന്നെങ്കിലും, സാംസ്കാരികമായി തങ്ങളുടെ കുട്ടക്കുള്ളിൽ തങ്ങളെ തന്നെയും, തങ്ങളുടെ ബന്ധുക്കളെയും ‘സുരക്ഷിതമാക്കി’ (ഒറ്റപ്പെടുത്തി എന്ന് പറയുന്നതാണ് ശരി) നിർത്തിയിരുന്നു, സംസ്കാരം പകർച്ച’വ്യാധി’ ആണ് എന്നറിയാതെ! ഇതര സംസ്കാരങ്ങൾ അധമം ആണ് എന്നും ഭയപ്പെടേണ്ട ഒന്നാണ് എന്നുമുള്ള ബോധം അവർ സൃഷ്ടിച്ചെടുത്തു. എന്നാൽ സാവകാശം ഈ വ്യാധീഭയം നീങ്ങിയ പുതു തലമുറ പുതു സംസ്കാരങ്ങളെ സാംശീകരിക്കുകയോ, അതിൽ മുങ്ങിപ്പോവുകയോ, ഒക്കെ ചെയ്തിട്ടുണ്ട് (അതെ കുറിച്ച് വിശദമായി മറ്റൊരു പോസ്റ്റ് ഇടാം). ഇന്ന് കേരളത്തിലെ എല്ലാ സാംസ്കാരിക വിഭാഗങ്ങൾക്കും ഒരു പരിധി വരെയെങ്കിലും പ്രത്യക്ഷീയത ലഭ്യമാവുകയും ആളുകൾ പരസ്പരം സാംസ്‌കാരിക കൊടുക്കൽ വാങ്ങലുകൾ നടത്തുകയും ചെയ്യുന്നു. എന്നാൽ നേരത്തെ പറഞ്ഞ കുട്ടകൾ നെയ്യുന്ന ഭയഭീതരായ യാഥാസ്ഥിതികർക്ക് ഇത് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല എന്ന് മാത്രവുമല്ല, അത്യന്തം ഭീകരമായ – വെറുപ്പ്, അന്യവത്കരണം, വ്യാജം പരത്തിയുള്ള പൊതു ബോധ നിർമ്മിതി – രീതിയിൽ അതിനോട് പ്രതികരിക്കുകയാണ്. സാംസ്കാരിക വൈവിധ്യങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത സാംസ്കാരിക നിരക്ഷരരാണ് അവർ. ബഹു സംസ്കാര സിദ്ധികൾ പ്രയോഗത്തിലൂടെ പഠിച്ചെടുക്കേണ്ട ഒന്നാണ്. അത് മാത്രമാണ് അതിനുള്ള വഴി.
വിവരത്തിലും വിദ്യാഭ്യാസത്തിലും താരതമ്യേന മുന്നിൽ നിന്നിരുന്നു എന്ന് കരുതി പോന്ന ക്രൈസ്തവർ സമീപകാലത്തു ബഹു സംസ്കാര സിദ്ധികളിൽ തുലോം പിന്നാക്കം പോയിരിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന ഒരു സംഗതിയായി മാത്രമേ കാണാൻ കഴിയൂ. പുതു സംസ്കാരങ്ങളെ ഭയലേശമെന്യേ സ്വീകരിക്കുന്നതിൽ അനുപമമായ തുറവി കാണിച്ചിരുന്ന ഈ സമൂഹം ഇന്ന് സ്വയം മെനഞ്ഞെടുക്കുന്ന കുട്ടകളുടെ ഉള്ളിലേക്ക് ചുരുങ്ങുകയാണ്. അതിന് കാർമ്മികത്വം വഹിക്കുന്നത് അവരുടെ പുരോഹിതരാണ്. എല്ലാ വിഭാഗത്തിലുമുള്ള ആളുകളും ബഹു സംസ്കാര സിദ്ധികൾ ആര്ജിച്ചെടുക്കേണ്ടതുണ്ട്. അതിനു യോഗ്യമായ പാഠ്യപദ്ധതി രൂപപ്പെടുത്തേണ്ടതുണ്ട്. സർക്കാരുകൾ സത്വരമായി അത് ചെയ്യേണ്ടതാണ് എന്നത് കൂടാതെ, ഓരോ സംസ്കാരിക ഗ്രൂപ്പുകളും അത് സ്വയം ചെയ്യേണ്ടതാണ്.
എന്നാൽ, ക്രൈസ്തവരായവർക്ക് ഈ പദ്ധതി അവരുടെ ആത്മീയതയുടെ ഭാഗമാണ് എന്ന് കൂടി തിരിച്ചറിയേണ്ടതുണ്ട്. ആദിമ സഭ ഏറ്റവും അധികം കഷ്ടപ്പെട്ടതും, ചിന്തിച്ചതും, പുതിയ നയങ്ങൾ രൂപീകരിച്ചതും തങ്ങൾ ജീവിക്കുന്ന സമൂഹത്തിലെ ബഹു സംസ്കാര സിദ്ധികളോട് ക്രൈസ്തവോചിതമായ രീതിയിൽ പ്രതികരിക്കാനുള്ള വഴികൾ തേടാനായിരുന്നു. റോമക്കാർക്ക് എഴുതപ്പെട്ട ലേഖനത്തിലെ 12 ആം അദ്ധ്യായം 9-21 വാക്യങ്ങൾ വിശേഷിച്ചും ഇക്കാര്യത്തിൽ കൃത്യമായ നിർദേശങ്ങൾ നൽകപ്പെടുന്നുണ്ട്. ഈ പോസ്റ്റിന് ദൈർഘ്യം കൂടിയതിനാൽ അതെ കുറിച്ച് മറ്റൊരു പോസ്റ്റ് ഇടാം.
ഏതായാലും, ബഹു സമ്പർക്ക സിദ്ധികൾ പഠിച്ചെടുക്കുന്നത് ഓരോ മലയാളി മക്കളുടെയും അത്യാവശ്യമാണ്. ക്രിസ്ത്യാനിക്ക് അത് ഒരു ദൈവ വിളിയും ഉത്തരവാദിത്വവും കൂടിയാണ്.
Leave a Reply