നാം വലിയ തോതിൽ ബഹു സംസ്കാര സമൂഹത്തിലാണ് ജീവിക്കുന്നത്. സാംസ്കാരിക വിഭാഗങ്ങൾ അവരുടെ സാംസ്കാരിക പാരമ്പര്യങ്ങളെ കൂടുതൽ ധൃഢതരവും പ്രത്യക്ഷവും ആക്കുമ്പോൾ ഇതര സാംസ്കാരിക വിഭാഗങ്ങളോട് ആളുകൾ വിവിധ തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാക്കുക സ്വാഭാവികമാണ്. രണ്ടു പുസ്തകങ്ങളിൽ വന്നിട്ടുള്ള ചില അറിവുകളെ അടിസ്ഥാനമാക്കി ആ ശൈലികൾ ചുരുക്കമായി ഇവിടെ പ്രതിപാദിക്കാം. ബഹു സംസ്കാര സിദ്ധികൾ ആർജ്ജിച്ചെടുക്കാൻ ഈ അറിവുകൾ അനിവാര്യമാണ്.
മാറ്റത്തെ നാം എങ്ങനെ ഉൾക്കൊള്ളുന്നു എന്നതാണ് ആദ്യത്തെ വിഷയം. ഭിന്നമായ ഒരു സാംസ്കാരം ഒരാളെ സംബന്ധിച്ച് വലിയ ‘മാറ്റം’ ആണ്. മാറ്റത്തോടുള്ള നമ്മുടെ പ്രതികരണം പഠന വിഷയമാക്കേണ്ടതാണ്. എലിസബത്ത് കുബ്ലർ-റോസിന്റെ “ദുഃഖത്തിന്റെ അഞ്ച് ഘട്ടങ്ങൾ” (Five Stages of Grief) എന്ന പുസ്തകം എടുക്കാം. മരണം എന്ന മാറ്റ (ചെയ്ഞ്ച്) ത്തിനോട് ആളുകൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്
കുബ്ലറിന്റെ വിഷയം. നിഷേധം, കോപം, വിലപേശൽ, വിഷാദം, സ്വീകാര്യത എന്നിവയാണ് ആ ഘട്ടങ്ങൾ.
ഘട്ടം 1: ഞെട്ടലും നിഷേധവും
ആദ്യ ഘട്ടത്തിൽ, മാറിക്കൊണ്ടിരിക്കുന്ന സംഗതികളെ കുറിച്ചുള്ള യാഥാർത്ഥ്യ ബോധം ഉണ്ടാവുന്നു. ചുറ്റും നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് ആളുകൾ ആശങ്കാകുലരാകുന്നു. മാറ്റത്തെ സ്വാഗതം ചെയ്യാൻ അവർ ആഗ്രഹിക്കാത്തതിനാൽ ആദ്യത്തെ സാധാരണ പ്രതികരണം ഞെട്ടലാണ്. മാറ്റങ്ങളെ നിഷേധിക്കാൻ അവർ ആഗ്രഹിക്കുന്നു. ഈ ഘട്ടത്തിൽ ആശയവിനിമയം നിർണായകമാണ്. മാറ്റത്തെക്കുറിച്ച് സമൂഹാംഗങ്ങൾക്ക് സകാരാത്മകമായ അറിവും ഉറപ്പും നൽകേണ്ടത് ആവശ്യമാണ്. ഇതര സാംസ്കാരിക വിഭാഗങ്ങളോട് സംവാദത്തിലേർപ്പെടാൻ സാധിക്കുന്ന സാഹചര്യം അല്ലെങ്കിലും സംവാദം ആരംഭിക്കാൻ നേതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.
ഘട്ടം 2: ഭയവും കോപവും
മാറ്റങ്ങൾ ഒഴിവാകില്ല എന്ന് ആളുകൾ മനസ്സിലാക്കുന്നു. മാറിയ പുതിയ സംഗതികൾ ഇവിടെ നിലനിൽക്കും, ഓരോരുത്തരും അതിനെ അഭിമുഖീകരിക്കേണ്ടിവരും. സാഹചര്യത്തിന്റെ അനിശ്ചിതത്വമോ മാറ്റങ്ങളെക്കുറിച്ചുള്ള അവരുടെ ഉത്കണ്ഠയോ കാരണം, മറ്റെന്താണ് ചെയ്യേണ്ടതെന്ന് അറിയാത്തതിനാൽ ആളുകൾ ആഞ്ഞടിച്ചേക്കാം. ഈ ഘട്ടത്തിൽ, അവരുടെ ദൈനംദിന അതിജീവനത്തിനായി അവർ ചെയ്യേണ്ട പ്രവർത്തനങ്ങളിൽ കുത്തനെ ഇടിവ് സംഭവിക്കുന്നു. സമൂഹത്തിന്റെ പ്രവർത്തനങ്ങൾ സാധാരണയായി അതിന്റെ ഏറ്റവും താഴ്ന്ന നിലയിലെത്തുന്നു. ഗ്രൂപ്പുകൾക്ക് ഏറ്റവും കൂടുതൽ നഷ്ടം അനുഭവിക്കുന്ന ഘട്ടമാണിത്.
ഈ ഘട്ടത്തിൽ ആളുകളുടെ ആകുലതകൾ ശ്രദ്ധിക്കുന്നത് വളരെ പ്രധാനമാണ്. അവരിൽ ചിലർ തങ്ങളുടെ സ്ഥാനം നഷ്‌ടപ്പെടുമോ, മറ്റുള്ളവർ തങ്ങളുടെ സ്ഥാനം കരസ്ഥമാക്കുമോ എന്നൊക്കെ ഭയപ്പെടുന്നു. മാറ്റങ്ങൾ അംഗീകരിക്കാൻ ആളുകൾക്ക് സമയം നൽകേണ്ടതുണ്ട്. ആളുകൾ ശീലത്തിന്റെ സൃഷ്ടികളാണ്, ആളുകളെ അവരുടെ സാധാരണ ചര്യകളിൽ നിന്ന് മാറ്റുന്നത് അരാജകത്വം കൊണ്ടുവന്നേക്കാം. അതിനാൽ, ആളുകളെ മനസ്സിലാക്കുകയും ചോദ്യങ്ങൾ ചോദിക്കാനും അവരുടെ ആശങ്കകൾ പ്രകടിപ്പിക്കാനും അവരെ അനുവദിക്കുകയും ചെയ്യുക.
ഘട്ടം 3: വിലപേശൽ
പുതിയ സാംസ്‌കാരിക മാറ്റങ്ങൾ ഉണ്ടാവുക വഴി തങ്ങൾക്ക് ഉണ്ടായി എന്ന് അവർ കരുതുന്ന നഷ്ടങ്ങൾക്ക് പരിഹാരമാകുന്ന വിലപേശലുകൾക്ക് സമൂഹങ്ങൾ മുതിരുന്നു. ആരോപണ പ്രത്യാരോപണങ്ങൾ ഉണ്ടാകുന്നു. നഷ്ടപെട്ട ഇടം കണ്ടെത്താൻ വിവിധ വഴികൾ സ്വീകരിക്കുന്നു.
ഘട്ടം 4: അവരോഹണം/വിഷാദം
കോപത്തിന്റെയും, പ്രതിഷേധങ്ങളുടെയും ഫലയോഗ്യതയിൽ സംശയം ഉണ്ടാകുന്ന ഘട്ടമാണ് ഇത്. അഗ്രസ്സീവ് ആയുള്ള പ്രതിഷേധങ്ങളിൽ നിന്ന് ശാന്തതയിലേക്കുള്ള മടക്കം ആണ് ഈ ഘട്ടം. ആളുകൾ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ തുടങ്ങുന്നു.
ഘട്ടം 5: സ്വീകാര്യത
ഈ ഘട്ടത്തിൽ, നഷ്ടങ്ങളെക്കുറിച്ച് ആളുകൾ ബോധവാന്മാരാകുകയും തങ്ങൾ നേരിട്ട നഷ്ടങ്ങളിൽ നിന്ന് പതുക്കെ ശ്രദ്ധ മാറ്റുകയും നിലവിലെ ലക്ഷ്യങ്ങളിലും ഭാവിയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. അവർ മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ തുടങ്ങുകയും സമൂഹവുമായി ഒരിക്കൽ കൂടി ഇടപെടാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. സാംസ്കാരിക ഗ്രൂപ്പുകൾ എല്ലാ മാറ്റങ്ങളെയും അതിജീവിക്കുന്നു. മാറിയ സാഹചര്യങ്ങളോട് ആളുകൾ കൂടുതൽ പ്രതിജ്ഞാബദ്ധരാകുന്നു. ഗ്രൂപ്പിനുള്ളിലും പുറത്തും സാധാരണ നില സംജാതമാകുന്നു. വളർച്ചയും വികസിത സംസ്കാരവും കാണാൻ തുടങ്ങുന്നു. ബന്ധങ്ങൾ കൂടുതൽ അർത്ഥവത്തായതും ആഴമേറിയതുമാകുന്നു. നിങ്ങൾ സന്തോഷം അനുഭവിക്കുന്നു. ഈ പോസിറ്റിവിറ്റി തുടരാൻ പ്രോത്സാഹിപ്പിക്കുകയും, ലക്ഷ്യങ്ങൾ ശക്തിപ്പെടുത്തുകയും ഒരു ബഹു സാംസ്കാരിക ലോകത്ത് വീണ്ടും തങ്ങളുടെ ഇടം വീണ്ടെടുക്കാൻ കഴിയുമെന്ന് ആളുകളെ യഥാർത്ഥത്തിൽ വിശ്വസിപ്പിക്കുകയും ചെയ്യുക.
പുതിയ സംസ്കാരങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്ന അറിവ് ബഹു സംസ്കാര സിദ്ധിയുടെ ആദ്യ പടിയാണ്. ജോൺ ബെറി എന്ന മനഃശാസ്ത്രജ്ഞൻ ഈ വിഷയത്തിൽ നിരവധി പ്രബന്ധങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അക്കൾച്ചറേഷൻ എന്നതാണ് നാം പരിഗണിക്കുന്ന രണ്ടാമത്തെ പുസ്തകം (Acculturation: A Personal Journey Across Cultures).
ഒരു പുതിയ സംസ്കാരവുമായി പൊരുത്തപ്പെടാനുള്ള 4 ശൈലികൾ പൊതുവെ ആളുകൾ സ്വീകരിക്കുന്നു എന്ന് ജോൺ ബെറി നിരീക്ഷിക്കുന്നു.
1. സ്വാംശീകരണം (Assimilation)
തങ്ങളുടെ മാതൃ സംസ്കാരം (സംസ്കാരത്തെ പിതാവുമായി ബന്ധിപ്പിച്ചു പൈതൃകം എന്നാണ് വിളിക്കുന്നത് എന്നത് ഒരു തമാശ ആണ്. ) പ്രധാനമല്ലെന്ന് കരുതുന്നവരും, അതെ സമയം പുതിയ സംസ്കാരത്തെ കണ്ണടച്ച് പുണരുകയും ചെയ്യുന്ന ശൈലി ആണ് ഇത്. പുതിയ സംസ്കാരത്തെ തിരിച്ചറിയാനും അതിനോട് സംവദിക്കാനും ആഗ്രഹിക്കുന്ന ആളുകൾ പരിപൂർണ്ണമായി ഈ സംസ്കാരത്തെ സ്വാംശീകരിക്കുന്നു. പഴയത് വിട്ടു പുതിയതിനെ പൂർണ്ണമായി സ്വീകരിക്കുന്നു.
2. അകറ്റി നിർത്തൽ (Separation)
തങ്ങളുടെ പൈതൃക സംസ്കാരത്തെ വിലമതിക്കുന്ന ഇവർ തങ്ങളുടേത് മാത്രമാണ് ശ്രേഷ്ഠം എന്നും, പുതു സംസ്കാരങ്ങളെ ക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കാത്തവരുമാണ്. ഇതര സംസ്കാരങ്ങൾ ഹീനമാണ് എന്നും അതിനോട് ഇഴ ചേരരുത് എന്നും, അതിൽ നിന്ന് ഒന്നും സ്വീകരിക്കരുത് എന്നും കരുതുന്ന ഇവർ തങ്ങൾക്ക് ചുറ്റും സുരക്ഷിത വേലി കെട്ടി ഇതര സംസ്കാരങ്ങളെ അകറ്റി നിര്ത്തുന്നു.
3. പാർശ്വവൽക്കരണം (Marginalization)
തങ്ങളുടെ പൈതൃക സംസ്‌കാരവുമായോ പുതുതായി കണ്ടെത്തുന്ന സംസ്‌കാരവുമായോ താദാത്മ്യം പ്രാപിക്കാതെയും പുതിയ സാഹചര്യങ്ങൾ സൃഷിടിക്കുന്ന വിടവുകളിൽ തങ്ങളുടേതായ സ്വാതന്ത്ര്യങ്ങൾ സൃഷ്ടിക്കുന്ന ആളുകൾ ആണ് ഇത്. മിക്കവാറും പുതിയ സംസ്കാരങ്ങളിലെ ഹീനമായ സ്പെയ്സുകളിൽ ചെന്ന് സ്വയം ബുദ്ധിമുട്ടിലാകുക ആണ് ഇവർ.
4. സംയോജനം (Integration, ബൈകൾച്ചറലിസം)
എല്ലാ സംസ്കാരങ്ങളിലെയും നന്മകളെ കണ്ടെത്തി സംയോജിപ്പിക്കുന്ന ശൈലി ആണിത്. തങ്ങളുടെ പൈതൃക സംസ്കാരം നിലനിർത്താനും പുതിയ സംസ്കാരത്തിൽ നിന്ന് പഠിക്കാനും ഇടപഴകാനും ശ്രമിക്കുന്ന ഇത്തരക്കാർ സംയോജനത്തിന്റെ അല്ലെങ്കിൽ ബഹു സാംസ്കാരിക തന്ത്രം ഉപയോഗിക്കുന്നതായി കണക്കാക്കപ്പെടുന്നു.
ലോകം ബഹു സാംസ്കാരിക വേദി ആണ്. അത് കൂടുതലായി അങ്ങനെ തന്നെ ആയികൊണ്ടിരിക്കുകയും ചെയ്യും. പുതു സംസ്കാരങ്ങളെ കണ്ടു ഭയക്കാതെ അതുമായി സംവദിക്കാനുള്ള ധൈര്യവും, ക്ഷമയും, സിദ്ധിയും ആർജ്ജിക്കേണ്ടത് ഇക്കാലത്തിന്റെ ആവശ്യമാണ്.
Leave a Reply