Dr. Jose Vallikatt

Jose Vallikatt is the Editor in Chief of LumenIndia, your gateway to Church and Culture in India.

Mary Taylor

You can have anything you want if you are willing to give up everything you have.

ബാബേൽ മുതൽ ജറുസലം വരെ

Posted by

ബൈബിൾ കഥ അനുസരിച്ചു ബാബേലിലെ ജനങ്ങൾ സാങ്കേതിക തികവ് (ഇഷ്ടിക എന്ന മഹാ സംഭവം) ആർജ്ജിച്ച കാലത്താണ് ഭാഷകൾ ഭിന്നിച്ചത്. അവരുടെ അഹങ്കാരം കാരണം അവർക്കിട്ട് ദൈവം ഒന്നു താങ്ങിയതാണ് എന്നൊക്കെയുള്ള സരോപദേശം ആ കഥയിൽ നിന്ന് എടുക്കുന്നവർ ഉണ്ട്. ഏതായാലും വിവിധ ഭാഷകൾ ഉണ്ടായി എന്നതിനേക്കാൾ, ആളുകൾ തമ്മിൽ പരസ്പരം മനസിലാക്കാൻ സാധിക്കാത്ത വിധത്തിൽ ആശയക്കുഴപ്പം ഉണ്ടായി എന്ന സാരാംശം നമുക്ക് സ്വീകരിക്കാം.

ഭാഷാ ഭിന്നതകളുടെ പല നൂറ്റാണ്ടുകൾക്ക് ശേഷം ക്രിസ്തു വന്നു. ഒരു പുതിയ ഭാഷയാണ് അവൻ സംസാരിച്ചത്. പദങ്ങൾ ഇല്ലാത്ത അവന്റെ ഭാഷണത്തിൽ അവൻ പറഞ്ഞതിലും കൂടുതൽ ആളുകൾ മനസിലാക്കിയിരുന്നു. സ്നേഹമായിരുന്നു അവന്റെ ഭാഷ. കാരുണ്യവും സഹാനുഭൂതിയും ആയിരുന്നു അവന്റെ ഭാഷ. അവന്റെ നിശ്ശബ്ദതകൾ പോലും സഖ്യദായകമായ ഭാഷയായി പരിണമിച്ചു.

പിന്നെയും കുറെ കാലം കഴിഞ്ഞപ്പോൾ ഭാഷാ ചരിത്രത്തിൽ മറ്റൊരു മഹാദ്‌ഭുതം സംഭവിച്ചു. പന്തക്കൂസ്‌താ ദിനത്തിൽ ജറുസലേമിൽ ആയിരുന്നു അത്. പരിശുദ്ധാത്മാവ് ഇറങ്ങിവന്ന ശിഷ്യന്മാർ പറഞ്ഞ പ്രസംഗം കേട്ടിരുന്ന വിവിധ ഭാഷക്കാരായ പൗരന്മാർ, ഒന്നടങ്കം അവരവരുടെ ഭാഷയിൽ സന്ദേശം മനസിലാക്കിയത്രെ. ബാബേലിൽ തുടങ്ങി പരസ്പരം മനസിലാകാതെ പോയ മനുഷ്യകുലം പരസ്പരം മനസിലാക്കി തുടങ്ങുന്നതിന്റെയും, തുറന്ന മനസോടെ പരസ്പരം കേൾക്കുന്നതിന്റെയും, പങ്കുവെക്കുന്നതിന്റെയും സംസ്കാരം തുടങ്ങി എന്നതാണ് ആ കഥയുടെ സാരാംശം. അത് പരിശുദ്ധാത്മാവിന്റെ കൃപാദാനമാണ്.

കേരള സഭയിൽ കഴിഞ്ഞ കുറെ കാലമായി ഭിന്നിപ്പിന്റെ ബാബേൽ ഭാഷ പറഞ്ഞു തുടങ്ങിയത് മെത്രാന്മാരും, ഉന്നത ഉദ്യോഗസ്ഥ വൈദികരും ആയിരുന്നു. കാസ പോലെ വിഘടിത സമൂഹങ്ങൾക്ക് സമുന്നത ധ്യാന പ്രചാരകനായ വട്ടായി വൈദികൻ തന്നെ നേരിട്ട് രംഗത്ത് എത്തി. പവിത്രമായ വചനവേദിയെ പച്ചക്കുള്ള ഇസ്ലാം വിരോധത്തിന്റെ പ്രചാരണ വേദിയാക്കിയത് പണ്ഡിത ശിരോമണി പട്ടം ഉള്ള മെത്രാൻ ആണ്. സഭക്ക് അകത്ത് ആരാധനക്രമത്തിന്റെയും ആചാര വിധികളുടെയും പേരിൽ കലഹം ഉണ്ടാക്കിയതും അവർ തന്നെ. അവരുടെ മൗനാനുവാദത്തോടെ സമൂഹ്യമാധ്യമ ഗ്രൂപ്പുകൾ നിരങ്കുശം വ്യാജ സന്ദേശങ്ങളും, അസഭ്യങ്ങളും, എരിപൊരി വാക്പയറ്റും, വെറുപ്പും പ്രചരിപ്പിച്ചു.

കേരളത്തെ വെറുപ്പിന്റെ വേദികയാക്കാൻ പരിശുദ്ധിയുടെ കപട കുപ്പായം ധരിച്ചു നടക്കുന്ന നിങ്ങൾ കഴിഞ്ഞ രണ്ടര വർഷം അധ്വാനിച്ച പോലെ മറ്റൊരു സമൂഹവും കേരളോല്പത്തിക്ക് ശേഷം ശ്രമിച്ചു കാണില്ല. നല്ലൊരു വിസ്ഫോടക വസ്തു ആണ് കേരളത്തിന്റെ സാംസ്കാരിക ഭൂമിശാസ്ത്രത്തിൽ നിങ്ങൾ മൈൻ ബോംബ് പോലെ പാകിയിരിക്കുന്നത്. ദൗർഭാഗ്യവശാൽ അതെങ്ങനെ നിർവീര്യമാക്കും എന്നു നിങ്ങൾക്കോ മറ്റുള്ളവർക്കോ അറിയില്ല.

മണിപ്പൂരിലെ സ്ഥിതിഗതികൾ ദീർഘകാലത്തെക്കുള്ള സ്ഫോടന ശേഷിയുണ്ടെന്നു ഒരു വെളിവ് നിങ്ങൾക്ക് എങ്ങനെയോ ലഭിച്ചിരിക്കുന്നു ഇപ്പോൾ. ഇത്രയും വെറുപ്പ് പായ്ക്ക് ചെയ്തതിന് ശേഷം നിങ്ങൾ ഇപ്പോൾ എന്തിനാണ് കൈ കാലിട്ടടിക്കുന്നത്? മണിപ്പൂരിലേത് പോലെ കേരളത്തിലും സംഭവിക്കുമോ എന്ന തങ്ങൾ ഭയപ്പെടുന്നു എന്നു ഇഞ്ചനാനി മെത്രാൻ. ലൗ ജിഹാദ്, നർകോട്ടിക് ജിഹാദ് പ്രയോഗങ്ങൾ സഭയുടേത് അല്ല എന്നും, സഭ ഇസ്ലാം വിരോധം പ്രോത്സാഹിപ്പിക്കുന്നില്ല എന്നും പാംപ്ലാനി മെത്രാൻ (തങ്കളല്ല സഭ എന്നു ഇനിയെങ്കിലും താങ്കൾ ഒന്ന് മനസിലേക്ക്). അപ്പൊ ഇതൊക്കെ ഉണ്ട് എന്ന് ഇതിന് മുന്നേ പറഞ്ഞ മെത്രാന്മാരോ? സഭാ സമിതികളോ? വൈദിക പുംഗവന്മാരോ? വെറുപ്പ് സംഘങ്ങളോ?

സാഹചര്യങ്ങളെ വിലയിരുത്തുവനോ, ഭവിഷ്യത്തുകൾ കാണാതെ പോകുവാനോ കഴിവില്ലാത്ത വിധം നിങ്ങൾ രാഷ്ട്രീയക്കാരെക്കാൾ വിലകുറഞ്ഞവരായി പോകുന്നതെന്താണ്? നിലപാടുകളിൽ സ്ഥിരത ഇല്ലാത്തതെന്താണ്? നിങ്ങൾക്ക് ഉണ്ട് എന്ന് നിങ്ങൾ പറയുന്ന അഭിഷേകം വ്യാജമാണ്. അത് ദുരാത്മാവിന്റേതാണ്. കാരണം യഥാർഥത്തിലുള്ള ആത്മാവ്, സ്നേഹവും കരുണയും, വിവേകവും, ധാരണയും, സമാധാനവും ആണല്ലോ. അത് ധീരതയും, ക്ഷമയും, രമ്യതയും ആണല്ലോ.

രാഷ്ട്രീയ സംഗതികളെയോ, സഭാത്മക സംഗതികളെയോ വിലയിരുത്താനോ, നയരൂപീകരണം നടത്താനോ നിങ്ങൾക്ക് യാതൊരു വെളിവും ശേഷിയും ഇല്ല. എന്തൊക്കെ, എപ്പോഴോക്കെ ആണ് പറയേണ്ടത് എന്നതിനുള്ള യാതൊരു വിവേകവും നിങ്ങൾക്ക് ഇല്ല. ആസനത്തിൽ തീ പിടിച്ചു കഴിയുമ്പോൾ ഒരു പത്രപ്രസ്താവന നടത്തി മിനുക്കി എടുക്കാവുന്ന ഒന്നല്ല നിങ്ങൾ ഉണ്ടാക്കി വെച്ചിരിക്കുന്ന ഡാമേജ്. അങ്ങനൊരു പ്രസ്താവനയും അല്ല ഇത്തരുണത്തിൽ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. വിവരക്കേട് പറയുന്നവരും, ആ വിവരക്കേടിനെ മൗനം കൊണ്ട് അംഗീകാരം കൊടുക്കുന്നവരുമായ സർവ മെത്രാന്മാരും മെത്രാൻ സമിതിയിൽ നിന്ന് ഒഴിവാക്കുക. എന്നിട്ട് പരിശുദ്ധാന്തമാവിനു സഭയുടെ നിയന്ത്രണം വിട്ടുകൊടുക്കൂ.

Leave a Reply

Your email address will not be published. Required fields are marked *