അപ്രതീക്ഷിത മഴയിൽ ചിലയിടത്തൊക്കെ വെള്ളപ്പൊക്കമുണ്ടായ പഞ്ചാബിൽ പട്യാല എം പി പ്രെനീത് കൗർന്റെ നേതൃത്വത്തിൽ ഇന്നലെ ഒരു വിശേഷാൽ പൂജ നടന്നു. അലറി കുതിക്കുന്ന നദികളെ ശാന്തമാക്കാനുള്ള പാരമ്പര്യ വിധിയാലുള്ള പൂജ ആയിരുന്നു അത്. നാളെ ചാന്ദ്ര പര്യവേക്ഷണത്തിനു തയ്യാറെടുക്കുന്ന ഇന്ത്യയും ഇസ്രൊയും ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ റോക്കറ്റിന്റെ ചെറു മാതൃക കാണിക്ക വെക്കാൻ തിരുപ്പതി അമ്പലത്തിലേക്കു പോയിരിക്കുന്നു എന്നതാണ് മറ്റൊരു വാർത്ത.
മുസ്ലിം തൊപ്പി അണിഞ്ഞുകൊണ്ട് ബെംഗളൂരു പൊതുഗതാഗത വാഹനം ഓടിച്ച ഡ്രൈവറുടെ തൊപ്പി എടുപ്പിക്കാൻ ഒരു സ്ത്രീ ധൈര്യം കാണിച്ച്ചിടത്താണ് ഇത്. രണ്ടു മാസമായി ആളിക്കത്തുന്ന, ക്രൈസ്തവ ഉന്മൂലനം ലക്‌ഷ്യം വെച്ചുള്ള മണിപ്പൂർ കലാപം ഇനിയും ശാന്തമാക്കാൻ സാധിക്കാത്ത ഭരണകൂടം ഉള്ള നാട്ടിൽ, നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ എന്ന സംഘടനയുടെ വസ്തുതാ പഠന സമിതിയിലെ അംഗങ്ങളായ ആനി രാജ, നിഷ സിദ്ധു, ദീക്ഷ ദ്വിവേദി എന്നിവർക്ക്കെതിരെ എഫ് ഐ ആർ ഇട്ടിരിക്കുന്ന ഒരു നാട്ടിലാണ് ഇത് സംഭവിക്കുന്നത്.
പ്രധാന മന്ത്രി തന്നെ അമ്പലങ്ങളുടെ കല്ലിടാൻ നടക്കുന്ന നാട്ടിൽ ഇതൊക്കെ നടന്നില്ലെങ്കിലേ അദ്‌ഭുതമുള്ളൂ. എന്നാൽ നമ്മെ സംബന്ധിച്ചിടത്തോളം ഒരു മതേതര രാജ്യത്ത് ഇത്ര മാത്രം പരസ്യവും പ്രകടവുമായ മത പ്രദർശനം ഭരണകൂടം തന്നെ നിര്വഹിക്കണമോ എന്നതിനെ കുറിച്ച് ധാരണകൾ ഉണ്ടാവണം. നമ്മുടെ ജീവിതത്തിലും, പൊതു മണ്ഡലത്തിലും മതത്തിന്റെ അതിര് എവിടെ വരെയാണ് ഉള്ളത് എന്നും നാം അറിഞ്ഞിരിക്കണം.
പ്രാർത്ഥനക്ക് രാഷ്ട്രീയ മാനങ്ങൾ ഉണ്ട് എന്ന് ഞാൻ ഏതാനും ആഴ്ചകൾക്ക് മുന്നേ എഴുതിയിരുന്നല്ലോ. എന്നാൽ മേല്പറഞ്ഞ സർക്കാർ ചെലവിൽ നടക്കുന്ന മത പ്രദർശനത്തിന് ആത്മീയതയെക്കാളേറെ രാഷ്ട്രീയ മാനങ്ങളാണ് ഉള്ളത്. കുറെ മതഭക്തന്മാർക്ക് കോരിത്തരിപ്പ് ഉണ്ടാകുന്നതിനാൽ ഇത് പോലുള്ള പ്രദർശനങ്ങളോട് വിയോജിപ്പ് കാണിക്കാൻ അധികം ആളുകൾ ഉണ്ടാവില്ല താനും. ഇന്ത്യ ഒരു മതേതര രാജ്യമാണ് എന്നാണ് വയ്പ്പ് എങ്കിലും, ഭരണകൂടത്തിലെ പ്രമുഖന്മാരായ മന്ത്രിമാരും മറ്റും, തങ്ങളുടെ വിശ്വാസത്തിന്റെ പ്രകടനത്തിനുള്ള വേദിയായി ഇത്തരം അവസരങ്ങളെ മാറ്റുന്നത് സമീപകാലത്തു വർധിച്ചു വരുന്നുണ്ട്. ഓരോരുത്തർക്കും ഇഷ്ടമുള്ള വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരാം എന്ന സ്വാതന്ത്ര്യം നൽകുന്നത് മാത്രമാണ് ഇന്ത്യയുടെ മതേതരത്വം കൊണ്ട് അർത്ഥമാക്കുന്നത്. അല്ലാതെ ഭരണ കൂടം ഏതെങ്കിലും മതത്തിന്റെ വാഴ്ത്തുകാരായി മാറാനോ, അതിനു പ്രചാരം കൊടുക്കാനോ അല്ല.
മത ഭക്തിയും ഭ്രാന്തും ഉള്ള വലിയൊരു വിഭാഗം ഇങ്ങനെയുള്ള കാഴ്ചകൾക്ക് ഒരു തരത്തിലുള്ള പൊതു സമ്മതി നൽകും. എന്താണേലും ദൈവവിശ്വാസമാണല്ലോ എന്നൊരു ന്യായം ആകും അവർ ഉന്നയിക്കുന്നത്. അവിശ്വാസികളെയും ദൈവ നിഷേധികളെയും ശത്രു പക്ഷത്തു നിർത്താൻ അവർക്ക് അതൊരു ന്യായം നൽകും. അതെ സമയം, പൂജക്ക് പകരം ഒരു കുർബാന ആകാമായിരുന്നു എന്ന് ചില ക്രൈസ്തവ ഭക്തരും, ഒരു നമാസ് ആകാമായിരുന്നു എന്ന് മുസ്‌ലിം ഭക്തരും ചിന്തിച്ചേക്കാം. എന്ത് നോണ്ട് തങ്ങളുടെ ആചാരവിധിക്ക് അനുസരിച്ചുള്ള പ്രാര്ഥനകളായില്ല എന്ന് സിഖ്കാരനും, ജൈനനും, പാർസിക്കും ചിന്തിക്കാം. അതിനാൽ തന്നെ, സർക്കാർ ഇത്തരത്തിലുള്ള പരസ്യ ആചാര വെടിപരിപാടികൾ നിർത്തേണ്ടത് തന്നെയാണ്.
അതെ സമയം രാജ്യത്തിൻറെ ഭരണാധിപനോ, ഇസ്‌റോയിലെ ശാസ്ത്രജ്ഞനോ, ഒരു എഞ്ചിനീയറോ, ഡോക്ടറോ, ലൈൻമാനോ ഫയർ മാനോ ആയിരിക്കുന്ന ഒരാളുടെ കർമ്മത്തിലും, ദൗത്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുവാൻ പ്രാർത്ഥനയും ആത്മീയകർമ്മങ്ങളും അയാൾക്ക് കൂടുതൽ ഊർജവും ഏകാഗ്രതയും സമർപ്പണ ബോധവും നൽകിയേക്കാം. തീർച്ചയായും ഒരു മതേതര രാജ്യത്ത് അയാൾക് ആ വിധികൾ അനുവർത്തിക്കാൻ സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ പരസ്യപ്രകടനങ്ങൾക്കും, മതാധിഷ്ടിത ഷോവനിസം അഥവാ കോയ്മബോധം പ്രദർശിപ്പിക്കാനും, അത് വഴി ഇതര മത സമൂഹങ്ങളെ രാഷ്ട്രീയപരമായി അപ്രസക്തരാക്കാനും ഉള്ള ശ്രമങ്ങൾ ജനാധിപത്യ മതേതര സമൂഹങ്ങൾക്ക് ഭൂഷണം അല്ല.
മനുഷ്യൻ ദൈവാശ്രയ ബോധം നല്ലൊരു പുണ്യമാണ് എങ്കിലും, സകല ജ്ഞാനത്തിന്റെയും ഉറവിടം ദൈവമാണ് എന്ന വിശ്വാസം പേറുമ്പോഴും, ശാസ്ത്ര ലോകം ഇത്തരം വിശ്വാസങ്ങളുടെ പുറകെ പോകുന്നത് അപഹാസ്യമാണ്. ശാസ്ത്ര ബോധം അഥവാ സയന്റിഫിക് ടെംപർ വളർത്താനും നിലനിർത്താനും അത് വിഘാതമാണ്. എന്ന് മാത്രവുമല്ല ഇത്തരം കാഴ്ചകൾ വലിയ ഒരു ജനതതിയെ അന്ധവിശ്വാസങ്ങളിലേക്ക് നയിക്കാൻ മാത്രമേ ഉതകൂ.
എന്നാൽ ഈ ഷോകളുടെയെല്ലാം ആത്യന്തിക ലക്ഷ്യം മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണവും അതിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ വോട്ടു ബാങ്ക് നേട്ടവും മാത്രമാണ് എന്ന് അറിയാനുള്ള മൂള ഭക്ത വിശ്വാസികൾക്ക് ഇല്ല എന്നതാണ് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുള്ളത്.
Leave a Reply