ക്രൈസ്തവരെ പ്രതിനിധീകരിക്കുന്നു എന്ന മട്ടിൽ ഡസൻ കണക്കിന് സാമൂഹ്യ മാധ്യമ പേജുകളും, ചാനലുകളും, സൈറ്റുകളും ഉണ്ടായി എന്നതാണ് ക്രൈസ്തവ സഭകളെ സംബന്ധിച്ചിടത്തോളം കോവിഡ് കാല വളർച്ച. സേന, മാർഗം, ശബ്ദം എന്നൊക്കെയുള്ള വാല് വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഈ പേജുകളും സൈറ്റുകളും ആരാണ് നടത്തുന്നത് എന്നു പലർക്കും അറിയില്ല എന്ന് മാത്രമല്ല, ഇവയ്ക്കൊന്നും സഭയുടെ അംഗീകാരം ഉള്ളതായി എനിക്ക് അറിയില്ല. മുഖ്യധാരാ സഭകളുടെ പേജുകൾ, കെ സി ബി സി, ജാഗ്രത കമ്മീഷൻ, കെ സി വൈ എം പോലെയുള്ള പേജുകൾ അവരുടെ ഘടനയുടെ എക്സ്റ്റൻഷൻ ആയതിനാൽ ഔദ്യോഗികം എന്നു നമുക്ക് അംഗീകരിക്കാം. എന്നാൽ ഈ സൈറ്റുകളിൽ പറയുന്ന സംഗതികൾ എത്രമാത്രം ജീവോന്മുഖമാണ്, സമാധാനജനകമാണ് എന്നൊക്കെ ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്.
ഇൻഡ്യ പോലെ ഒരു മതേതര രാജ്യത്തു അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഉള്ളതിനാൽ ആർക്ക് വേണേലും തങ്ങളുടെ അഭിപ്രായം പറയാം എന്നതിനാൽ ഇത്തരം സൈറ്റുകൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഇതേ കാലത്ത് തന്നെയാണ് ഇന്റർനെറ്റ് ഇസ് ട്രൂലി എ ഗോഡ്സ് ഗിഫ്റ്റ് എന്ന് മാർപാപ്പ അഭിപ്രായപ്പെട്ടതെങ്കിലും മേൽപറഞ്ഞ പേജുകളിൽ പലതും അത്യന്തം സാമൂഹ്യ വിരുദ്ധവും ക്രൈസ്തവ വിരുദ്ധവുമായ സംഗതികളാണ് സമുദായ സ്നേഹത്തിന്റെയും പുണ്യത്തിന്റെയും ആത്മീയതയുടെയും വർണ്ണക്കടലാസിൽ പൊതിഞ്ഞു വിപണിയിൽ എത്തുന്നത്. രണ്ടു മൂന്ന് സംഗതികൾ പറയാതെ വയ്യ.
1. ക്രൈസ്തവർ എന്തു കൊണ്ട് സാമുദായികമായി ചിന്തിക്കുന്നില്ല എന്ന വലിയ അസ്‌തിത്വ പ്രശ്നവും സ്വത്വബോധ പ്രശ്നവുമാണ് ഒരു പേജ് ഉന്നയിച്ചിരിക്കുന്നത്. ഈ ചോദ്യം ആദ്യമായിട്ട് ഉന്നയിക്കപ്പെടുന്നതൊന്നുമല്ല. സഭയുടെ ഔദ്യോഗിക പേജ് ഒന്നും അല്ലെങ്കിലും ഉടനൊരു മറുപടി അവർ അർഹിക്കുന്നുണ്ട്. ഈ പോസ്റ്റ് മുഴുവൻ വായിച്ചു കഴിയുമ്പോൾ ആ ഉത്തരം നിങ്ങൾക്ക് വഴിയേ വെളിപ്പെടും.
2. സഭ നടത്തുന്ന ഒരു സ്ഥാപനത്തിൽ ഒരു കുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടു സഭയെ എല്ലാവരും വളഞ്ഞിട്ട് ആക്രമിക്കുകയാണ് എന്ന നറേറ്റിവ് സൃഷ്ടിച്ചു ഇന്നലെ കാഞ്ഞിരപ്പള്ളിയിൽ നടത്തിയ ഒരു ശക്തി പ്രകടനത്തിന്റെ അഭിധാനം താക്കീത് എന്നായിരുന്നു. ഞാൻ ഞെട്ടിപ്പോയി! എന്ത് ഭാഷയാണ് ഇത്!! സഭയുടെ ഔദ്യോഗിക അംഗങ്ങളാണ് ശക്തി പ്രകടനം നടത്തിയത്. എണ്ണം പറഞ്ഞു വെട്ടും കുത്തും നടത്തുന്ന രാഷ്ട്രീയപാർട്ടികളുടെ നിലവാരത്തിലേക്ക് സഭ വളർന്നിരിക്കുന്നു, ഉയർന്നിരിക്കുന്നു. എനിക്ക് അഭിമാനം തോന്നി. എന്റെ കുട്ടിക്കാലത്തു ഇടവകാന്തര മത്സരത്തിന് പോയത് ഓർക്കുന്നു. നാടകമാണ് അവസാന ഇനം. നാടകത്തിന്റെ കുത്തക മിക്കവാറും എന്റെ പൂന്തോപ്പ് ഇടവകയുടെ കയ്യിലായതിനാൽ തന്നെ മറ്റ് ഇടവകകൾ ഞങ്ങളെ തകർക്കാൻ പല വഴികളും തേടുമായിരുന്നു. ഏതായാലും ഏതോ വിഷയത്തിൽ സാറമ്മാര് തമ്മിൽ കശപിശ ഉണ്ടാവുകയും തല്ലിൽ കലാശിക്കുകയും ചെയ്തു. രാജാങ്കണങ്ങൾ പശ്ചാത്തലമായുള്ള നാടകമാണ് ഞങ്ങളുടേത്. കലഹം മൂത്തത് വേഷം കെട്ടി നിന്ന കുട്യോൾ അറിഞ്ഞു. രാജ നർത്തകിയുടെ വേഷം ചെയ്യുന്നത് ഒമ്പതിലെങ്ങാണ്ട് പഠിച്ചോണ്ടിരുന്ന ചിമിട്ടുള്ള ലില്ലി ആണ്. അവൾ വാളെടുത്തു, “സാറേ വെട്ടട്ടെ” എന്നൊരു ചോദ്യം. അവളെക്കാളും ഇളയതും രാജകുമാരന്റെ വേഷം അണിഞ്ഞു നിൽക്കുകയും ചെയ്തിരുന്ന ഞാൻ ഞെട്ടി. “രാജാവിനെ യുദ്ധമുറ അഭ്യസിപ്പിക്കണേ, രാജകുമാരന് നീതിബോധം നൽകണമേ” എന്നൊക്കെ സങ്കീർത്തനത്തിൽ എഴുതി വെച്ചിട്ടുണ്ടെന്നതൊക്കെ ഞാൻ പിന്നെയാണ് പഠിച്ചത്. യുദ്ധം തുടങ്ങിയത് ഞങ്ങളുടെ സാർ ആയിരുന്നെങ്കിലും, യേശു മിശിഹായെ പോലെ ലില്ലിയോട് “വാൾ ഉറയിലിടാൻ” സാർ കല്പിച്ചു. ഏതാണ്ട് നാല്പത് വർഷം മുന്നേ മുഴങ്ങിക്കേട്ട ആ യുദ്ധാഹ്വാനത്തിന് ശേഷം ഇന്നലെ കാഞ്ഞിരപ്പള്ളിയിൽ കേട്ട താക്കീത് ആണ് അഖിലാണ്ഡ ക്രൈസ്തവരുടെ അഭിമാനം ഉയിർപ്പിച്ചത്. എന്റെ ശരീരത്ത് രോമം മുതൽ എഴുന്നേറ്റ് നിൽക്കാൻ ത്രാണിയുള്ള എല്ലാ അവയവവും ഇന്നലെ മുതൽ അറ്റൻഷനായി നിൽപ്പാണ്. ഒരു വാള് കിട്ടിയിരുന്നേൽ… വെക്കാമായിരുന്നു.
3. ഒരു പ്രസ്താവനയും, ഒരു പത്ര വാർത്തയുമാണ്. “വിശ്വാസത്തിന്റെ പേരിൽ ജനം വേട്ടയാടപ്പെടുന്നത് മതേതര കേരളത്തിന് അപമാനകരമാണ്” എന്നു കർദിനാൾ ക്ളിമ്മീസ് പറഞ്ഞിരിക്കുന്നു. പത്രമുത്തശ്ശിയുടെ തലക്കെട്ട്, “വിമർശനമാവാം തകർക്കാൻ സമ്മതിക്കില്ല” എന്നാണ്. കഴിഞ്ഞ രണ്ടു മൂന്ന് വർഷങ്ങളായി ഇസ്‌ലാം മത വിഭാഗത്തെ അപരവല്ക്കരിച്ചു ഒറ്റപ്പെടുത്തുവാൻ നിങ്ങൾ ചെയ്തതൊക്കെ ഇതു തന്നെ അല്ലായിരുന്നോ? ആത്മശോധനാപരമായി നിങ്ങൾ സ്വയം ചോദിക്കേണ്ട ചോദ്യമാണ്. വിതക്കുന്നതാണ് കൊയ്യുന്നത് എന്നൊക്കെ നിങ്ങളുടെ ആരോ പറഞ്ഞിട്ടില്ലേ?
ഇത്രയും പത്രങ്ങളും, മാധ്യമ പേജുകളും നടത്തി നിങ്ങളുടെ മെത്രാന്മാർ മുതൽ സൈബർ ഒളി പോരാളികൾ വരെ കഴിഞ്ഞ കുറെ വർഷമായി ക്രിസ്തുവിരുദ്ധമായി വെറുപ്പും, കലഹവും, പ്രകോപനവും, താക്കീതും, യുദ്ധാഹ്വാനവും നടത്തിയിട്ടും, ഇനിയും ക്രിസ്ത്യാനികൾ എന്തുകൊണ്ടാണ് സാമുദായികമായി ചിന്തിക്കാത്തതെന്താണ് എന്നു പേജിനു പിന്നിൽ മറഞ്ഞിരിക്കുന്ന ഒളിപ്പോരാളികൾക്ക് മനസിലാകുന്നില്ലെങ്കിൽ ഉപക്ഷിക്കണം മിസ്റ്റർ നിങ്ങളുടെ വിഷലിപ്ത വെബ് പേജുകൾ. എന്നിട്ട് പോയി വേറെ പണി നോക്ക്.
ചോദ്യം തന്നെ അനോമലി ആണ്. അനോമലി എന്നാൽ വിരുദ്ധമായ രണ്ട് ആശയങ്ങൾ ചേർത്തു വെക്കുക എന്നാണ്. നിങ്ങൾ ക്രൈസ്തവർ എന്നു പേരിട്ടു വിളിക്കുന്നവർ ക്രിസ്ത്യാനികളാണ്. ക്രിസ്തുവിന്റെ അനുയായികൾ. അവർക്ക് നിങ്ങളുടെ സാമുദായിക ക്ലബ്ബിന്റെ അംഗങ്ങൾ ആകാനോ, നിങ്ങൾക്ക് ഓശാന പാടാനോ ആവില്ല.
കാരണം അവർ ക്രിസ്ത്യാനികളാണ്. എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും. അതൊരു വലിയ ഭൂരിപക്ഷമാണ് എന്നത് നമുക്ക് നൽകുന്ന ആശ്വാസം വലുതാണ്.
Leave a Reply