സമാധാന രാജാവിന്റെ ഭരണം നീതിനിഷ്ഠമാകുന്നത് അദ്ദേഹം പരിശുദ്ധാത്മാവിനാൽ പൂരിതനായി ഭരണം നടത്തുന്നത് കൊണ്ടാണ്. യെശയ്യാ 11: 2 ൽ നീതിനിഷ്ഠനായ രാജാവിന്റെ മേൽ പരിശുദ്ധാത്മാവ് വന്നു കഴിയുമ്പോൾ ഉണ്ടാകുന്ന പ്രഭാവങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ആ ഏഴു സംഗതികൾ പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ എന്ന പേരിൽ പ്രശസ്തമാണ്. ക്രൈസ്തവ ആത്മീയ ചര്യയുടെയും പുണ്യപൂർണതയുടെയും പ്രധാനപ്പെട്ട ചില കാര്യങ്ങൾ ആണ് ഇവ. എന്നാൽ അത്യന്തം പ്രായോഗികവും ജീവിത ഗന്ധിയുമായ ഇവയെ വളരെ അതിസ്വാഭാവികമായി ചിത്രീകരിക്കുക വഴി പാരമ്പര്യ ക്രൈസ്തവ പ്രചാരകരും മതാധ്യാപകരും ഈ സംഗതികളോട് വിശ്വാസികളുടെ മനസ്സിൽ വിരക്തി സൃഷ്ടിച്ചു എന്നതാണ് സത്യം. ഈ പരമ്പരയിലെ അടുത്ത ഏഴു ലേഖനങ്ങളിൽ പരിശുദ്ധാത്മാവിന്റെ ദാനങ്ങളെ കുറിച്ച് വിശദമാക്കാം.
സാഹചര്യവശാൽ ഇന്ന് ത്രിത്വത്തിന്റെ തിരുന്നാൾ ആണ് അതിനാൽ പട്ടികയിൽ മൂന്നാമത് പരാമർശിച്ചിട്ടുള്ള ആലോചന/ഉപദേശം (കൗൺസെൽ) എന്ന ദാനത്തെ കുറിച്ച് ആദ്യം പരാമർശിക്കാം.
ആന്ദ്രേ റൂബ്ളേവ് ത്രിത്വത്തിന്റെ ഒരു ചിത്രം വരക്കാൻ ഉദ്ദേശിച്ചപ്പോൾ പ്രേരക ഉറവിടമായി തിരഞ്ഞെടുത്തത് യെശയ്യാ 6: 8 ലെ ഒരു സംഭാഷണമാണ്. “ആരെയാണ് ഞാൻ അയക്കുക? ആരാണ് നമുക്ക് വേണ്ടി പോവുക?” എന്ന് ദൈവം ചോദിക്കുന്നു. “ഇതാ ഞാൻ, എന്നെ അയച്ചാലും” എന്ന് പ്രവാചകൻ ഉത്തരം പറയുന്നു. പിതാവായ ദൈവവും പുത്രനായ ദൈവവും തമ്മിലുള്ള സംഭാഷണമായിട്ടാണ് റൂബ്ളേവ് ഇതിനെ വ്യാഖ്യാനിക്കുന്നത്. ഒരു ചോദ്യം, ഒരു ഉത്തരം, അത് അവതരിപ്പിക്കുന്ന ആലോചന. അതിലും ശ്രദ്ധ അർഹിക്കേണ്ടത് ഉപയോഗിച്ചിരിക്കുന്ന സർവ്വനാമം (നമുക്ക്) ബഹുവചനം ആണ് എന്നതാണ്. ബൈബിളിന്റെ ആദ്യ അദ്ധ്യായത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിക്കുമ്പോഴും ഇതേ ആലോചനയും, ബഹുവചന സർവ്വനാമ പ്രായോഗികവും സംഭവിക്കുന്നുണ്ട്. “നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം” എന്നാണ് അത്. “സൃഷ്ടിക്കാം” എന്ന പ്രയോഗം ആലോചന ആണ്. “നമ്മുക്ക്/നമ്മുടെ” എന്നത് ബഹുവചനവും.
സൃഷ്ടിയിൽ തന്നെ മനുഷ്യൻ ദൈവത്തിന്റെ ഛായ പേറുന്നവനാണ്. “നാം” എന്ന ബഹുവചനം ആയിരിക്കുക എന്നതാണ് ദൈവത്തിന്റെ ഛായ. ക്രൈസ്തവനെ സംബന്ധിച്ച് അവന്റെ ആത്മീയ ജനനം നടക്കുന്നത് മാമോദീസയിൽ ആണ്. പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആണ് ഒരുവന് മാമോദീസ ലഭിക്കുന്നത്. അതായത് രണ്ടു തരത്തിലും ക്രൈസ്തവ വിശ്വാസി ബഹുവചനം ആയിരിക്കുകയും, ആലോചന മുഖമുദ്ര ആക്കുകയും ചെയ്യേണ്ടവനാണ്. ക്രൈസ്തവ ത്രിത്വ സ്വഭാവം എന്നത് അത് ഒരു പാരസ്പരികത ഉള്ള ബാന്ധവം അഥവാ മേളനം ആണ് എന്നതാണ്. പരസ്പരം വിനിമയം ചെയ്യുകയും ബന്ധത്തിൽ ഏർപ്പെടുകയും ചെയ്‌യുക എന്നതാണ് ദൈവ സഭാവം. ഒറ്റക്കിരുന്നു ആസ്വദിക്കുന്ന ഒരു ബോറൻ അല്ല ദൈവം. ദൈവിക വ്യക്തികൾ തമ്മിലും, മനുഷ്യ സമൂഹവുമായും, ആവാസ വ്യവസ്ഥിതിയുടെ സ്നേഹബന്ധത്തിലും, വിനിമയ ബന്ധത്തിലും ഏർപ്പെടുക എന്നതാണ് ദൈവിക സ്വഭാവം.
ആലോചന എന്നത് പരിശുദ്ധാത്മാവിന്റെ വലിയൊരു ദാനമാണ്. എല്ലാ കാര്യങ്ങളിലും പ്രഥമത ദൈവവുമായി ആലോചനയിൽ ഏർപ്പെടാൻ ഉള്ള വലിയ കൃപ ലഭിച്ചവനാണ് മനുഷ്യൻ. ആലോചനയിൽ നിന്ന് ദൈവത്തെ ഒഴിവാക്കുന്നതാണ് മാനുഷിക പ്രശ്നങ്ങൾക്ക് കാരണം. ആലോചനയിൽ നിന്ന് ദൈവത്തെ ഒഴിവാക്കുക എന്ന് പറഞ്ഞാൽ ദൈവവുമായുള്ള പാരസ്പരിക സംബന്ധം മുറിക്കുക എന്ന് കൂടിയാണ് അർത്ഥം.
വളരെ അമൂർത്തമായ ദൈവവുമായി എങ്ങനെയാണ് ആലോചനയിൽ ഏർപ്പെടാൻ സാധിക്കുന്നത്? രണ്ടും രണ്ട് മാധ്യമങ്ങളാണ്. വെളിപാടുകളെ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയയുക വഴിയാണ് അത് സാധിക്കുന്നത്. അതിലുമുപരി ദൈവദത്തമായ ധാർമിക നിയമങ്ങളെ പാലിക്കുക എന്നതും ദൈവവുമായി ആലോചന നടത്തുന്നതിന് തുല്യമാണ്. അതു പോലെ തന്നെ പ്രധാനമാണ് നല്ല മനുഷ്യരുമായി ചങ്ങാത്തം ഉണ്ടാവുകയും, പരസ്പര ആലോചന നടത്തുകയും ചെയ്യേണ്ടത്. ആലോചന ഇല്ലാതെ വരുമ്പോൾ ദൈവ സാന്നിധ്യം പരിമിതമാകുന്നു. കുബുദ്ധികളുമായി കൈ കോർക്കുമ്പോഴും, ദുരാലോചന ചെയ്യുമ്പോഴും നാം പരിശുദ്ധാതമാവിൽ നിന്ന് ദൂരെയാകുന്നു. ആലോചന എന്ന പരിശുദ്ധാത്മ ദാനത്തിന്റെ നേരെ എതിർ ധ്രുവം ആണ് ഗൂഡാലോചന.
സിനഡാലിറ്റി എന്ന പേരിൽ ഫ്രാൻസിസ് പാപ്പാ മുന്നോട്ടു വെക്കുന്ന ആശയം ഈ ആലോചന ആണ്. എല്ലാ കാര്യങ്ങളും ദൈവത്തിൽ ആശ്രയിച്ചു കൊണ്ടും, വിശ്വസിച്ചു കൊണ്ടും കൂട്ടായി ആലോചിക്കുമ്പോൾ സദുപദേശത്തിന്റെ ആത്മാവ് മികച്ച ആശയങ്ങൾ തന്നു നമ്മെ സമ്പുഷ്ടമാക്കും. എന്നാൽ ഇന്ന് ദൈവിക ദാനങ്ങളുടെ ഉറവിടം എന്ന് ഞെളിയുന്ന സഭയിലും അതിന്റെ ആത്മീയ പരികർമ്മികളിലും ആലോചന എന്ന പുണ്യം തുലോം കുറവാണ്. പിടിവാശിയുടെ ആത്മാവിനെ ആണല്ലോ അവർ സ്വീകരിച്ചിരിക്കുന്നത്.
രാഷ്ട്ര നിർമ്മിതിയിലും, രാഷ്ട്രീയത്തിലും ആലോചനയുടെ അഭാവം നാം കാണുന്നുണ്ട്. എല്ലാവരും തങ്ങളുടെ അജണ്ടകൾ നിറവേറ്റിയെടുക്കാനുള്ള നെട്ടോട്ടത്തിലും കുത്സിത ബുദ്ധിയിലും ആണ്. അവർ ഈ രാഷ്ട്രത്തെയും, ജനതയെയും മുച്ചൂടും നശിപ്പിക്കും.
കുടുംബങ്ങളിലും, സൗഹൃദങ്ങളിലും ഇന്ന് പാരസ്പരികതയും, ആലോചനയും കുറയുന്നു എന്നതാണ് വലിയ ഫാമിലി പ്രശ്നങ്ങൾക്കും, സൗഹൃദ സംഘർഷങ്ങൾക്കും കാരണം. പരസ്പര ബന്ധത്തിലും ആശയ വിനിമയത്തിലെ ഏർപ്പെട്ടിരിക്കുന്ന ദൈവിക സ്വഭാവം നമ്മുടെ ഉള്ളിലും സ്വഭാവത്തിലും കണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരിക്കലും നമ്മുടെ ബന്ധങ്ങൾ നേരെ ആക്കാൻ കഴിയില്ല. അത്തരത്തിൽ ത്രിത്വൈക ദൈവത്തെയും, ആലോചന നൽകുന്ന പരിശുദ്ധാത്മാവിനേയും നമ്മുടെ ഉള്ളിലേക്ക് സ്വീകരിക്കുക എന്നതാണ് നമ്മുടെ സമസ്യകൾക്കുള്ള ഏക വഴി. അത് ദൈവത്തിന്റെ കൃപയാലും മാനുഷിക പ്രയത്നത്താലും ആണ് സംഭവിക്കുന്നത്.
Leave a Reply