തൊപ്പി എന്ന് പേരുള്ള ഒരു പയ്യൻ അലോസരപ്പെടുത്തുന്ന വിഡിയോകൾ ഇട്ടു സമൂഹത്തിലെ വലിയൊരു വിഭാഗം കുട്ടികളുടെയും യുവാക്കളുടെയും ഹരമായി മാറുന്നു എന്നതായിരുന്നു ഇന്നലെ പലരുടെയും വൈഷമ്യം. സ്തോഭമോ ആശങ്കയോ ഉണ്ടായിട്ടു കാര്യമില്ല. ആ യാഥാർഥ്യത്തെ സമചിത്തതയോടെ അഭിമുഖീകരിക്കുകയാണ് വേണ്ടത്. തൊപ്പി ഒരു പ്രതീകം മാത്രമാണ്. അചിന്ത്യമാം വിധം മാറിക്കഴിഞ്ഞ കേരള സംസ്കാരത്തിന്റെ പ്രതീകമാണ് അത്.
ജീവിതത്തെ ശാക്തിക ബന്ധങ്ങളുടെ വിലപേശൽ (പവർ റിലേഷൻസിന്റെ നെഗോസിയേഷൻ) ആയിട്ടാണ് മിക്ക സാമൂഹ്യ ശാസ്ത്രജ്ഞരും രാഷ്ട്രീയ പണ്ഡിതരും കണ്ടിരിക്കുന്നത്. അധീശത്വം നേടിയെടുക്കാൻ പലതരം വഴികളിലൂടെ അധികാരം കുറഞ്ഞവർ ശ്രമിച്ചു കൊണ്ടിരിക്കും. വിപ്ലവം എന്നൊക്കെ കമ്മ്യൂണിസ്റ്റ് ആചാര്യന്മാർ വിളിക്കും. എന്നാൽ ഒരു സമൂഹത്തിന്റെ നിലവിലുള്ള സാംസ്കാരിക മാനദണ്ഡങ്ങൾ (വാസ്തവത്തിൽ അത് ഭരണവർഗം അടിച്ചേൽപ്പിക്കുന്ന ആധിപത്യ പ്രത്യയശാസ്ത്രം ആണ്) സമൂഹത്തിലെ കാര്യങ്ങളുടെ സ്വാഭാവിക ക്രമത്തെ യഥാർത്ഥമായി വിവരിക്കുന്നുവെന്ന് അടിയാള വർഗ്ഗങ്ങൾ (തൊഴിലാളികൾ, കർഷകർ, ചൂഷിതർ, പിന്നെ തൊഴിൽ ഇല്ലാത്തവർ) വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിനെ ആണ് സാംസ്കാരിക മേധാവിത്വം അഥവാ കൾച്ചറൽ ഹെജമണി എന്ന് അന്റോണിയോ ഗ്രാംഷി വിളിക്കുന്നത്. സമ്മതത്തിന്റെ ഉത്പാദനം (മാനുഫാക്ച്ചർ ഓഫ് കൺസെന്റ്) വഴി ആണ് ഭരണകൂടം സാംസ്കാരിക അധീശത്വം സ്ഥാപിച്ചെടുക്കുന്നത്. തങ്ങളുടെ ഭരണം നിയമാനുസൃതമാണെന്ന് അടിയാള വിഭാഗങ്ങളെ ബോധ്യപ്പെടുത്താൻ ഭരണകൂടം ആശയങ്ങളും മൂല്യങ്ങളും ഉപയോഗിക്കുന്നതിനെ ആണ് മാനുഫാക്ചർ ഓഫ് കൺസെന്റ് എന്ന് വിളിക്കുന്നത്.
എന്നാൽ നിലനിൽക്കുന്ന സാംസ്കാരിക മാനദണ്ഡങ്ങൾ സ്വാഭാവികമോ അനിവാര്യമോ അല്ല എന്ന് അടിയാള വർഗ്ഗങ്ങൾ തിരിച്ചറിയുമ്പോൾ കൗണ്ടർ കൾച്ചർ ഉണ്ടാകുന്നു. അടിയാള വർഗ്ഗങ്ങൾ അവരുടെ തലത്തിലുള്ള ബുദ്ധിജീവികളെയും (ഇന്റെലിജൻസിയ) പണ്ഡിതന്മാരെയും ഉപയോഗിച്ച് അവരുടെ സാംസ്‌കാരിക ബിംബങ്ങളെയും ഭൂമികയെയും വിശ്ലേഷണം ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഗ്രാംഷിയുടെ അഭിപ്രായത്തിൽ, രണ്ട് കാരണങ്ങളാൽ ഭരണവർഗത്തിന്റെ ആധിപത്യം ഒരിക്കലും പൂർണമല്ല. ഒന്ന്, ഭരണവർഗം ന്യൂനപക്ഷമാണ് – അധികാരം നിലനിർത്താൻ അവർ മധ്യവർഗങ്ങളുമായി ആശയപരമായ വിട്ടുവീഴ്ചകൾ ചെയ്യേണ്ടതുണ്ട്. രണ്ടു, തൊഴിലാളിവർഗത്തിന് ഇരട്ട ബോധമുണ്ട്. അവരുടെ ആശയങ്ങൾ അധീശ പ്രത്യയശാസ്ത്രത്താൽ മാത്രമല്ല, അവരുടെ ജീവിതത്തിന്റെ ഭൗതിക സാഹചര്യങ്ങളാലും സ്വാധീനിക്കപ്പെടുന്നു – ചുരുക്കത്തിൽ, അവർ തങ്ങളുടെ ചൂഷണത്തെക്കുറിച്ച് ബോധവാന്മാരാണ്.
മാനുഫാച്ചറിങ് കൺസന്റ് എന്ന പേരിൽ നോം കോംസ്‌കിയും എഡ്‌വേഡ് ഹെർമനും ചേർന്ന് എഴുതിയ ഒരു പുസ്തകം ഉണ്ട്. അതിൽ ഈ വിഷയത്തെ മറ്റൊരു കോണിലൂടെ ആണ് കാണുന്നത്. വ്യവസ്ഥിതിയെ പിന്തുണക്കുന്ന പ്രചാരണ പ്രവർത്തനം നടത്തുന്ന ഫലപ്രദവും ശക്തവുമായ പ്രത്യയശാസ്ത്ര സ്ഥാപനങ്ങളാണ് മാദ്ധ്യമങ്ങൾ എന്ന നിരീക്ഷണം ആണ് അവർ മുന്നോട്ട് വെക്കുന്നത്. സാമൂഹ്യ മാധ്യമ യുഗത്തിൽ ഭരണകൂടം തന്നെ ചരിത്രവും, ശാസ്ത്രവും, സെൻസർഷിപ്പും, കാപ്സ്യൂളുകളും ഒക്കെ പടച്ചു വിട്ടു ഒരു പൊതു ജന സമ്മതി സൃഷ്ടിക്കുന്നതിൽ (മാനുഫാക്ച്ചർ ഓഫ് കൺസെന്റ്) പ്രധാന പങ്ക് വഹിക്കുന്നതായി നാം കാണുന്നു. എന്തൊക്കെ കാണിക്കണം, കാണിക്കണ്ട, എന്നും എങ്ങനെ കാണിക്കണം എന്നും ഒക്കെ സ്വയം തീരുമാനിച്ചു മാധ്യമങ്ങൾ ഭരണകൂടത്തെ സഹായിക്കുന്ന കാഴ്ചയും നാം കാണുകയാണ്.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നൊക്കെയുള്ള ഉശിരൻ മുദ്രാവാക്യവുമായി കളം നിറയുന്ന കമ്മ്യൂണിസ്റ്റുകൾ തങ്ങളുടെ തൊഴിലാളി – അടിയാള വർഗ്ഗങ്ങളെ മയക്കാൻ ഏറ്റവും മികച്ച സാധനം സെക്സ് ആണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഏതു വിഷയത്തെയും ഇക്കിളി ലൈംഗികതയുമായി കലർത്തി ഒരു വശത്തു അവർ കൺസെന്റ് മാനുഫാക്ച്ചർ ചെയ്തു വരുമ്പോൾ അഭിപ്രായ പ്രകടനത്തിന്റെയും, ലൈംഗിക സ്വാതന്ത്ര്യത്തിന്റെയും പേരിൽ എന്തും വിളിച്ചു കൂവാൻ ധൈര്യപ്പെടുന്ന ഒരു പുതിയ വർക്കിങ് ക്ലാസ് രൂപപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിൽ ബ്ലോഗിങ്, വ്‌ളോഗിംഗ്, ഇൻഫ്ലുൻസർ, മോട്ടിവേറ്റർ എന്നൊക്കെ പേരിട്ട് എന്തിനെയും കണ്ടന്റ് ആക്കാൻ ത്രാണിയുള്ള ഇവർ സമ്പാദന ശേഷിയും വിലപേശൽ ശേഷിയുമുള്ള പുതിയ വർക്കിങ് ക്ലാസ്സ് ആണ്. യൂട്യൂബ് കാര് കൊടുത്ത ഒരു ബട്ടൺ പുരസ്കാരം തല്ലിപൊട്ടിച്ചു അതിന്റെ വിഡിയോ ഇട്ട് ഫാനുകൾ ആകാശത്താക്കിയവനാണ് ഈ തൊപ്പി. മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള ആഡ് റെവന്യൂ പോലെ തന്നെ ഇവർക്കുള്ള ഫാൻ ബെയ്സും ഇവരുടെ മൂലധനമാണ്.
തൊഴിലാളികളുടെ വിയർപ്പുകൊണ്ടാണ് മുതലാളിത്ത വ്യവസ്ഥിതിനില നിൽക്കുന്നത് എന്നൊരു പൊതു ബോധം സൃഷ്ടിച്ചു, മുതലാളിയുടേത് കവരുക, അധ്വാനിക്കാതെ ജീവിക്കുക (നോക്കുകൂലി, ലോട്ടറി, വ്യാജ സാമ്പത്തിക പദ്ധതികൾ, വ്യാജ ബിരുദം ആദി) എന്നൊരു പൊതു ബോധവും കഴിഞ്ഞ ദശകങ്ങളിൽ മാനുഫാക്ച്ചർ ചെയ്യപ്പെട്ടത് നാം കണ്ടു. ചെറിയ മൂലധനം കൊണ്ട് ചളി പറഞ്ഞും വരുമാനം ഉണ്ടാക്കാം എന്ന ധാരണ ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഓർഗാസം, സ്വയം ഭോഗം എന്നിവക്കൊക്കെ ഫാമ്പൻ ഫാൻ ബെയ്‌സ് ഉള്ള ഡെഡികേറ്റഡ് ചാനലുകൾ ഉണ്ട്. നാടൻ ചികിത്സക്ക് എതിരെ സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടായ ആസൂത്രിത ഗുണ്ടാ ആക്രമണത്തിനോളം വരുന്ന ഒന്നും ഈ ചാനലുകൾക്ക് എതിരെ ഉണ്ടായിട്ടില്ല എന്നതാണ് പരസ്യമായ ലൈംഗിക പ്രദർശനം നടത്തി ജയിലിൽ ആയ പുള്ളിയെ പൂമാലയിട്ടു സ്വീകരിക്കുന്ന കേരളത്തിന്റെ വളർച്ചാ തോത്. ഇതൊക്കെ പറയേണ്ടതല്ലേ, പറഞ്ഞാൽ എന്താണ് കുഴപ്പം, പറയാതിരിക്കുന്നതല്ലേ കുഴപ്പം എന്നൊക്കെയുള്ള പുരോഗമന ആശയങ്ങൾ ഒക്കെ അധീശ വർഗ്ഗം മദ്ധ്യ വർഗ്ഗവുമായി വിട്ടു വീഴ്ച ചെയ്ത് രൂപപ്പെടുത്തുന്ന കൺസന്റ് മാനുഫാക്ച്ചറിങ് ആണ്. കൊച്ചുവായിൽ വലിയ വർത്തമാനങ്ങൾ പറയിക്കുന്ന ടെലിവിഷൻ ഷോകൾ, കുട്ടികളോട് അഡൾട് അർത്ഥതലങ്ങളുള്ള സംഗതികൾ പറയുന്ന ഷോകൾ, അതെ സമയം ഏതു നേരവും തുറന്നിരിക്കുന്ന ടി വി ചർച്ചാ പെട്ടികളിൽ വന്നിരുന്നു വിദ്വെഷവും, അനാശാസ്യവും, അശ്ലീലവും, മര്യാദാ ലംഘനങ്ങളും ഒക്കെ വിളമ്പുന്ന ആളുകൾ ഒക്കെ നോർമലൈസേഷൻ, അഥവാ മാനുഫാക്ച്ചറിങ് കൺസന്റ് അഥവാ സാംസ്കാരിക അധീശത്വം.
അതോടൊപ്പം തന്നെ, മനസിലാക്കിയിരിക്കേണ്ട ഒന്നാണ് ജനകീയ സംസ്കാരവും (പോപ്പുലർ കൾച്ചർ) സൈബർ കൾച്ചറും. ഫാഷൻ, ഭക്ഷണം, കായിക വിനോദം, സിനിമ, സംഗീതം, ഓട്ടോമൊബൈൽ, കല, നൃത്തം എന്നിങ്ങനെ നിരവധി മേഖലകളുടെ പേരിൽ വ്യക്തികൾ ഒന്നിച്ചു വരികയും, അവരുടേതായ സംസ്കാരിക പ്രകടനങ്ങൾ നേരിട്ടോ, മാധ്യമങ്ങളിലൂടെയോ, സൈബർ ഇടങ്ങളിലൂടെയോ ഒക്കെ പ്രദർശിപ്പിക്കുകയോ ചെയ്യുന്നതിനെ ആണ് ജനകീയ സംസ്കാരം എന്ന് വിളിക്കുന്നത്. അഭൂതപൂർവമായ വിധത്തിൽ ചെറുപ്പക്കാരുടെ ഫാൻ ബേസ് ഇവർക്ക് ലഭ്യമാകുന്നു എന്നത് നമ്മുടെ കാലഘട്ടത്തിന്റെ സവിശേഷത കൂടിയാണ്. മതങ്ങളും ആത്മീയ സരണികളും പോലും ജനകീയ സംസ്കാരത്തിന്റെ ഘടകങ്ങൾ കൂട്ടിച്ചേർത്തു അവരുടേതായ ജനകീയ സംസ്കാരങ്ങൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്നതാണ് തമാശ.
വിദ്യാഭ്യാസത്തെ ലഘുവായിക്കാണുക എന്നതാണ് മറ്റൊരു വശം. ജോലി തേടാനുള്ള തരത്തിൽ ഒരാളെ പ്രാപ്തനാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അഭാവം, വിമർശന ബുദ്ധിയോടെ വിഷയങ്ങളെ സമീപിക്കുവാനും, ജീവിത വിജയത്തിനായി അധ്യയനം നടത്തുവാനും ഉള്ള മോട്ടിവേഷന്റെ അഭാവം, പഠിച്ചാൽ തന്നെ അർഹമായ ജോലി ലഭ്യതക്കുള്ള പരിമിതി ഒക്കെ യുവതലമുറയെ ലക്ഷ്യബോധം ഇല്ലാത്തവരും, ജീവനത്വര ഇല്ലാത്തവരും ആക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തന്നെ ലഹരി പദാർത്ഥങ്ങൾ ലഭ്യാമാകുന്നതും, അതിനെതിരെ കാര്യക്ഷമമായ നിയമ നടപടികൾ ഇല്ലാതിരുന്നതും കുട്ടികൾക്ക് വളമാകുന്നു.
അങ്ങനെ എല്ലാം കെട്ടു പിണഞ്ഞു കിടക്കുന്ന വല്ലാത്തൊരു സാംസ്കാരിക വിഷമ വൃത്തത്തിലാണ് മലയാളി. ഗൾഫ് ബൂം എന്ന് വിശേഷിപ്പിക്കാവുന്ന സാമ്പത്തിക വിപ്ലവത്തിന്റെ മക്കളാണ് ഇന്നത്തെ യുവതയുടെ മാതാപിതാക്കൾ. 1970 നു ശേഷം പിറന്ന അവരുടെ വളർച്ചയിൽ സ്വാധീനം ചെലുത്തിയിട്ടുള്ള നിരവധി സംഗതികൾ ഉണ്ട്. അവർ അവരുടെ മക്കളെ ഇപ്പോൾ വളർത്തി കൊണ്ട് വന്ന രീതികളും സവിശേഷമാണ്. ഇതൊക്കെ കുറ്റം പറയാനുള്ള സംഗതികൾ അല്ല, എന്നാൽ വലിയ മാറ്റങ്ങൾ നമ്മുക്ക് സംഭവിച്ചിരിക്കുന്നു എന്ന് നാം അംഗീകരിക്കാതെ വയ്യ. ആ മാറ്റങ്ങൾക്ക് പ്രതിക്രിയ ചെയ്യാതെ അത് സംജാതമാക്കിയ പ്രതിസന്ധികൾ ഒഴിഞ്ഞു പോവില്ല എന്ന് മനസിലാക്കുക.
അവസാനമായി രണ്ടു കാര്യം കൂടി.
1. ആരോഗ്യപരിപാലനത്തിൽ നാം നമ്പർ വൺ ആണെന്നാണല്ലോ തള്ള്. എന്നാൽ അല്ല. ആരോഗ്യമെന്നാൽ ശാരീരികാരോഗ്യം, മാനസികാരോഗ്യം, സാംസ്‌കാരിക ആരോഗ്യം ആത്മീയ ആരോഗ്യം എന്നിങ്ങനെ പലത് ചേർന്നതാണ്. ഇതൊക്കെ പരിപാലിക്കേണ്ട ആവശ്യം ഉണ്ട്. അതൊക്കെ മരുന്ന് മാത്രം കഴിച്ചു കൊണ്ടല്ല, മരിച്ചു സമ്പുഷ്ടവും, സ്വച്ഛവും, ശാന്തവുമായ സാമൂഹ്യ അന്തരീക്ഷത്തിൽ ജീവിക്കാൻ മനുഷ്യനെ അനുവദിക്കുക വഴി കൂടിയാണ്.
2. അലക്കി തേച്ച ഉടുപ്പിട്ട പുറത്തിറങ്ങുന്നു എന്ന കാരണത്താൽ മലയാളി സമ്പന്നനാണ് എന്ന് കരുതുക വയ്യ. ദാരിദ്രം മലയാളിക്ക് വല്ലാതെ ഉണ്ട്. സാമ്പത്തിക ദാരിദ്ര്യം ഉള്ള വലിയൊരു വിഭാഗം ഉണ്ട്. ദാരിദ്ര്യം ഉണ്ടെങ്കിൽ മേല്പറഞ്ഞ പല സംഗതികളും ജീവിതത്തിൽ പരിപോഷിപ്പിക്കുവാൻ കഴിയാതെ വരും. എന്നാൽ സാമ്പത്തികേതര ദാരിദ്ര്യത്തിന്റെ വലിയ രോഗാതുരമായ അവസ്ഥ അനുഭവിക്കുന്നവനാണ് മലയാളി. അതൊക്കെ കേവലം സാമാന്യവത്കരണം അല്ല. എല്ലാവരും അങ്ങനെ ആണ് എന്ന് പറയാനുമില്ല. നിരവധി വിഷയങ്ങളിൽ പരിഹാരം ചെയ്തെങ്കിലേ സാധാരണമായ ഒരു സാമൂഹ്യ ജീവിതം മലയാളിക്ക് ഇനി ഉണ്ടാവൂ. ഓർക്കുക, തന്റെ അയൽവാസിയുടെ സമഗ്ര ആരോഗ്യം നല്ലതാകത്തിടത്തോളം കാലം നിങ്ങളുടെ ആരോഗ്യവും നല്ല നിലയിൽ ആവില്ല.
വ്യാജ രേഖ കൊടുത്തു പി എച് ഡിയും, യൂണിവേഴ്സിറ്റി ജോലിയും, അഡ്മിഷനും നേടുന്നവരുടെ മുന്നിലും,
റോഡിലും, റെയിൽ പാളത്തിലും, തുറമുഖത്തും, മാലിന്യ നിക്ഷേപ സ്ഥലത്തും വമ്പൻ അഴിമതി നടത്തുന്നവരുടെ മുന്നിലും
നുണ എഴുന്നള്ളിക്കുന്ന മാധ്യമങ്ങളുടെ മുന്നിലും,
സ്വാർത്ഥത്തിനു വേണ്ടി നീതി നടപ്പാക്കാത്ത ന്യായാധിപന്മാരുടെ മുന്നിലും,
ധാർമിക ശക്തി എന്ന് അവകാശപ്പെട്ടു അധർമ്മം മാത്രം പ്രവർത്തിക്കുന്ന ആത്മീയ ആചാര്യന്മാരുടെ മുന്നിലും,
ഉന്മൂലനമാണ് രാഷ്ട്രീയ പ്രവർത്തനം എന്ന് കരുതുന്നവരുടെ മുന്നിലും,
സ്വന്തം നിക്കറിനിടയിലേക്കു എരിവുള്ള ചിപ്സ് ഇട്ട് വിഡിയോ ഉണ്ടാക്കി കുറെ ഫാനുകളെ കൈപ്പിടിയിലൊതുക്കിയ തൊപ്പിയെ കുറിച്ച് എനിക്ക് യാതൊരു ആശ്ചര്യവും ഇല്ല.
ജീവിതം ജീവനമൂല്യമുള്ളതാണ് എന്ന് തോന്നിപ്പിക്കുവാൻ മാത്രം ഇവിടെ ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ?
കേരളം വാസയോഗ്യമാണ് എന്ന് തോന്നാൻ വണ്ണം ഏതെങ്കിലും രാഷ്ട്രീയക്കാർ എന്തെങ്കിലും ഇവിടെ ചെയ്തിട്ടുണ്ടോ?
മാതൃക ആക്കാൻ സാധിക്കുന്ന വണ്ണം മികവുള്ള ജീവിതം നയിക്കുന്ന ഏതെങ്കിലും നേതാവ് ഏതെങ്കിലും മേഖലയിൽ ഉണ്ടോ?
കേരളം തൊപ്പിയിട്ടുകൊണ്ടിരിക്കുകയാണ്.
പ്രശസ്തി ആഗ്രഹിക്കാത്ത, കർമ്മം മാത്രം ലക്ഷ്യമാക്കിയിട്ടുള്ള ചില സുകൃതികൾ എല്ലാ മേഖലയിലും നാമമാത്രമായിട്ടെങ്കിലും ഉള്ളത് കൊണ്ട് മാത്രമാണല്ലോ പ്രത്യാശയുടെ തീരത്ത് അടുക്കുവാൻ നമ്മുടെ ജീവിത തോണിയെ പ്രേരിപ്പിക്കുന്നത്. അവരാണ് ഇനിയൊരു കൗണ്ടർ കൾച്ചർ വഴി കേരളത്തെ ഉയർത്തിക്കൊണ്ടു വരിക. അത് ശ്രമകരം.
Leave a Reply