ഒരു ബഹുമുഖ സാംസ്കാരിക സമൂഹത്തിൽ ജീവിക്കുന്ന വ്യക്തികൾ എന്ന നിലയിൽ നാം ആർജ്ജിച്ചെടുക്കേണ്ട സിദ്ധികളെ കുറിച്ചുള്ള ചർച്ചയുടെ അവസാന ഭാഗമാണ് ഇത്. തങ്ങളുടെ സാംസ്‌കാരിക തനിമയുടെ ഒരു കുട്ട സൃഷ്ടിച്ചു അതിനുള്ളിൽ ഒതുങ്ങിയിരിക്കേണ്ടവരല്ല ക്രൈസ്തവർ. മലമുകളിൽ പ്രതിഷ്ഠിക്കപ്പെട്ട ദീപങ്ങളാണല്ലോ അവർ. തങ്ങളുടെ സദ്പ്രവർത്തികളാണ് ലോകത്തെ ക്രിസ്തുവിലേക്ക് ക്ഷണിക്കേണ്ടത്.
ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ബഹുമുഖ സംസ്കാരത്തിൽ ജീവിക്കാനും, ഇതര സംസ്കാരങ്ങളെ ബഹുമാനിക്കാനും സൗഹാർദ്ദത്തിൽ കഴിയാനും വിശുദ്ധ ഗ്രന്ഥത്തിൽ തന്നെ നിർദേശങ്ങളും ഉപദേശങ്ങളും ഉണ്ട്. അത്തരത്തിൽ ഒന്ന് പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ ആണ് ഉള്ളത്. 12 ആം അധ്യായം 9-13 വാക്യങ്ങളിലാണ് ഇതര സമൂഹങ്ങളിലെ വ്യക്തികളുമായി ഇടപഴകി ജീവിക്കേണ്ടതിന്റെ നിർദ്ദേശങ്ങൾ നല്കപ്പെടുന്നതെങ്കിലും 11, 12 അധ്യായങ്ങൾ മുഴുവനും നാം വായിച്ചു മനസ്സിലാക്കേണ്ടതാണ്.
രക്ഷിക്കപ്പെട്ടവരുടെ സമൂഹമാണ് ക്രൈസ്തവികത എന്നാണല്ലോ നമ്മുടെ വിശ്വാസം. രക്ഷയുടെ സാമൂഹികവും സാമുദായികവുമായ വശങ്ങളെ എടുത്തുകാണിക്കുന്നു എന്നതാണ് റോമാ 12 ന്റെ പ്രത്യേകത. പൗലോസ് ഒരു വ്യക്തിക്കല്ല, റോമിലെ ക്രിസ്ത്യാനികളുടെ സമൂഹത്തിനാണ് എഴുതുന്നത്, അവരുടെ ജോലിയിൽ പ്രത്യേക ഊന്നൽ നൽകിക്കൊണ്ടുള്ള അവരുടെ ഒരുമിച്ചുള്ള ജീവിതമാണ് അദ്ദേഹത്തിന്റെ നിരന്തരമായ ശ്രദ്ധ. റോമാക്കാർക്കുള്ള ലേഖനത്തിലെ ആദ്യ അധ്യായങ്ങളിൽ തന്നെ (1-3) ക്രിസ്തുവിലുള്ള രക്ഷയുടെ അവിഭാജ്യ ഘടകമായി അനുരഞ്ജനവും നീതിയും വിശ്വാസവും വിശ്വസ്തതയും പൗലോസ് ശ്ലീഹ ഉൾപ്പെടുത്തുന്നുണ്ട്. ഇവയിൽ ഓരോന്നിനും ഒരു സാമുദായിക വശമുണ്ട്-മറ്റുള്ളവരുമായുള്ള അനുരഞ്ജനം, ആളുകൾക്കിടയിൽ നീതി, മറ്റുള്ളവരോടുള്ള വിശ്വസ്തത.
സാമുദായിക സമഞ്ജസത്തിൽ ജീവിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി കൊണ്ട് പൗലോസ് പറയുന്നു, “നിങ്ങൾ ചിന്തിക്കേണ്ടതിനേക്കാൾ ഉയർന്നതായി സ്വയം ചിന്തിക്കരുത്.” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്വായത്തെ ക്കുറിച്ച് കുറച്ചും, മറ്റുള്ളവരെ കുറിച്ച് കൂടുതലും ചിന്തിക്കുവിൻ. “പരസ്പര വാത്സല്യത്തോടെ അന്യോന്യം സ്നേഹിക്കുക” (12: 10), “അപരിചിതർക്ക് ആതിഥ്യം നൽകുക” (12: 13); “പരസ്പരം യോജിച്ചു ജീവിക്കുക” (12: 17); പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിൻ (12: 14); കരയുന്നവരോടൊപ്പം കരയുവിൻ (12: 15); ക്ലേശങ്ങളിലും പീഡനങ്ങളിലും സഹനശീലരായിരിക്കുവിൻ (12: 12): “എല്ലാവരോടും സമാധാനത്തോടെ ജീവിക്കുക” (12: 18) ഇവയാണ് പ്രധാന കാര്യങ്ങൾ.
ആകയാൽ എന്ന പദപ്രയോഗത്താൽ ആണ് 12 ആം അദ്ധ്യായം തുടങ്ങുന്നത്. അതായത് 11 ആം അധ്യായത്തിൽ പറഞ്ഞിരിക്കുന്നതിന്റെ തുടർച്ച ആണ് അത്. രക്ഷയ്ക്കപ്പെടാനുള്ള മൂന്നു തരത്തിലുള്ള ആളുകളെ കുറിച്ചാണ് 11 ൽ പറയുന്നത്. അവശിഷ്ടഭാഗം, വിഹാതീയർ, ഇസ്രായേൽ. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ജനതയാണ് ഇസ്രായേൽ. എന്നാൽ ഇസ്രായേൽ പിഴച്ചു പോയി. അതെ സമയം ഒരു അവശിഷ്ടഭാഗം ദൈവത്തോട് കൂറ് പുലർത്തിയിരുന്നു. മൂന്നാമത്തെ വിഭാഗം ദൈവത്തെ തിരിച്ചറിഞ്ഞ വിജാതീയ വിഭാഗമാണ്. ഈ മൂന്നു വിഭാഗത്തിന്റെയും രക്ഷ ആരംഭിക്കുന്നത് ക്രൈസ്തവോചിതമായി ജീവിക്കുമ്പോഴാണ്. അതിനുള്ള വഴികളിൽ പ്രധാനം ബഹു സംസ്കാര സമൂഹങ്ങളിലെ എല്ലാവരുമായും സൗഹാർദ്ദത്തി ൽ ജീവിക്കുക എന്നതാണ്. എന്നിരുന്നാലും അദ്ധ്യായം ആരംഭിക്കുന്നത് ദൈവാരാധനയെ കുറിച്ച് സൂചിപ്പിച്ചു കൊണ്ടാണ്. മനസിന്റെ നവീകരണം എന്ന സജ്ജീവമായ ദൈവാരാധന അർപ്പിക്കുക എന്ന് പൗലോസ് ഓർമ്മിപ്പിക്കുന്നു (12: 1-2). ആരാധന തന്നെ അവതാളമായി കിടക്കുന്ന ഒരു സമൂഹമാണ് ഇന്ന് കേരളത്തിലെ ക്രൈസ്തവ സമൂഹം. നവീകരിക്കപ്പെട്ട മനസ് ഇല്ലാത്ത സമൂഹം, തങ്ങൾ എന്തോ സംഭവമാണ് എന്ന് കരുതുന്ന സമൂഹം. സത്യത്തിൽ ബഹുമുഖ സംസ്കാരത്തിൽ ജീവിക്കാനുള്ള സിദ്ധി ഇല്ല എന്ന് മാത്രമല്ല, സ്വന്തം സംസ്കാരം തന്നെ നേരെ ചൊവ്വേ ജീവിക്കാൻ കഴിയാത്ത സമൂഹമായി ക്രൈസ്തവികതയെ സഭാ നേതൃത്വം അധപ്പതിപ്പിച്ചിരിക്കുന്നത്.
രൂപാന്തരപ്പെടാതെ, നല്ലതും ദൈവഹിതവും എന്തെന്ന് തിരിച്ചറിയാൻ നിങ്ങൾക്ക് ആവില്ല എന്നാണ് പൗലോസ് ഓർമ്മിപ്പിക്കുന്നത്.
Leave a Reply