മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവ ഉന്മൂലനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്രൈസ്തവ വൈദികരും സന്യാസിനികളും അധികമായി ഉപയോഗിച്ച് കണ്ട ഒരു വാക്ക് ആണ് ഐക്യദാർഢ്യം എന്നത്. കത്തോലിക്കാ സഭയുടെ സാമൂഹ്യ പഠനങ്ങളിലെ ഒരു പ്രധാന പ്രമേയം ആണ് ഐക്യദാർഢ്യം. എന്നാൽ രാഷ്ട്രീയ പാർട്ടികൾ സാധാരണ ഉപയോഗിക്കുന്ന അർത്ഥത്തിലാണോ കത്തോലിക്കാ സഭ അത് ഉപയോഗിക്കുന്നത്?
ഐക്യദാർഢ്യം എന്നത് പ്രധാനമായും രണ്ടു തരത്തിലാണ് ക്രൈസ്തവർ മനസിലാക്കുന്നത് എന്ന് തോന്നുന്നു. പീഡിതരോ ചൂഷിതരോ ആയ വ്യക്തികൾക്കോ സമൂഹങ്ങൾക്കോ വേണ്ടി പ്രാർത്ഥിക്കുക എന്നതാണ് ഐക്യദാർഢ്യം കൊണ്ട് ക്രൈസ്തവർ പ്രഥമത മനസിലാക്കുന്നത്. മിക്കപ്പോഴും ഇത്തരത്തിലുള്ള പ്രാർത്ഥനകൾ ഒരു ചടങ്ങായി തീരുകയും തങ്ങൾ എന്തോ മഹദ്‌കൃത്യം നിർവഹിച്ചു എന്ന ചാരിതാർഥ്യത്തിൽ കളം വിടുകയും ചെയ്യും. ക്രൈസ്തവരെ സംബന്ധിച്ച് പ്രാർത്ഥന ഫലവത്തായ ഒരു രാഷ്ട്രീയ പ്രവർത്തനമാണ് എന്ന് മറ്റൊരു ലേഖനത്തിൽ ഞാൻ പറഞ്ഞിട്ടുണ്ട് എങ്കിലും, പ്രാർത്ഥന എന്ന സംഗതിയിലേക്ക് മാത്രം ഐക്യദാർഢ്യം ചുരുങ്ങുന്നത് തികച്ചും ക്രൈസ്തവോചിതം അല്ല.
ചിലരാകട്ടെ ഒരു പടി കൂടി കടന്നു അവശ്യ സാധനങ്ങളും പൈസയും നൽകി ചാരിറ്റിയുടെ ലെവലിലേക്ക് ഐക്യദാർഢ്യത്തെ എത്തിക്കാറുണ്ട്. ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഉദാരമായി സഹായിക്കുക എന്നത് ഐക്യദാർഢ്യത്തിന്റെ ഒരു പ്രകടനമാണ് എങ്കിലും ചാരിറ്റി എന്നത് ഐക്യദാർഢ്യം അല്ല. ഉദാഹരണത്തിന് സമ്പന്നനും ഉദാരശീലനും ആയതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പണം നൽകാൻ ഞാൻ തയ്യാറായേക്കാം. പക്ഷെ അവരോട് സഹാനുഭൂതി ഉണ്ടാവണം എന്നില്ല. ആളുകളെ കാണിക്കാൻ വേണ്ടിയോ, സാമൂഹ്യ അംഗീകാരം ലഭിക്കാൻ വേണ്ടിയോ ദാനം ചെയ്യുന്നവരും കുറവല്ല.
പീഡനത്തിന്റെയും ചൂഷണത്തിന്റെയും കാരണങ്ങളെ വ്യവസ്ഥിതിയിൽ നിന്ന് ഇല്ലാതാക്കാനുള്ള പ്രവർത്തനത്തിൽ ഏർപ്പെടുന്നതാണ് യഥാർത്ഥ ഐക്യദാർഢ്യം. മണിപ്പൂരിന്റെ പശ്ചാത്തലത്തിൽ ചിന്തിച്ചാൽ, ആരാണ് അവിടെ കലാപം തുടങ്ങിയത്, കലാപം അവസാനിക്കാതിരിക്കാൻ ആരാണ് ആഗ്രഹിക്കുന്നത്, ആർക്കാണ് നഷ്ടം ഉണ്ടായത്, കലാപത്തിന്റെ തുടക്കം ഏത് കാരണങ്ങളാലാണ് സംഭവിച്ചത്, ആ കാരണങ്ങൾ അവസാനിപ്പിക്കാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ നാം ചോദിക്കേണ്ടതുണ്ട്. കൂട്ടായി വന്നു പരസ്യമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം, മേല്പറഞ്ഞ ഓരോ മേഖലകളിലും നമുക്ക് ചെറു ഗ്രൂപ്പുകളായോ, വ്യക്തി പരമായോ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും, രാഷ്ട്രീയ പൊതു ബോധം സൃഷ്ടിക്കുക, രാഷ്ട്രീയ സമ്മർദ്ദം ഉണ്ടാക്കുക, ഒക്കെ അതിനുള്ള വഴിയാണ്. പഠനം, എഴുത്തു, പ്രസംഗം, കല, സംഗീതം, സിനിമ അങ്ങനെ നിരവധി വഴികളിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കഴിയും. അത്തരം പ്രവർത്തനങ്ങൾ ലക്‌ഷ്യം കൈവരിക്കും വരെ നൈരന്തര്യത്തോടെ ചെയ്യുന്നതാണ് യഥാർത്ഥ ഐക്യദാർഢ്യം.
ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഐക്യദാർഢ്യപ്പെടലിന്റെ പ്രവർത്തനങ്ങൾ കേവലം ആക്ടിവിസമോ, രാഷ്ട്രീയ പ്രവർത്തനമോ പൊതു പ്രവർത്തനമോ അല്ല. അത് നീതിയുടെയും സമാധാനത്തിന്റെയും പ്രവർത്തനമാണ്. ഐക്യദാർഢ്യത്തെ ഒരു ക്രിസ്തീയ പുണ്യമായിട്ടാണ് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്.
ഐക്യദാർഢ്യത്തെ കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പഠനത്തിന്റെ അടിസ്ഥാനം വേദ പുസ്തകമാണ്. “ഇതാണ് നിങ്ങൾ ചെയ്യേണ്ടത്: സത്യം പറയുക, നീതിയുക്തമായി വിധിക്കുക അങ്ങനെ സമാധാനം സ്ഥാപിക്കുക” (സക്കറിയ 8:16). വിപ്രവാസത്തിലേക്ക് പോയ ഇസ്രായേൽ ജനത്തിലെ അവശിഷ്ടഭാഗത്തെ ഒരുമിച്ചു കൂട്ടി വീണ്ടും ജറുസലേം പുനഃസംഘടിപ്പിച്ചു കഴിയുമ്പോൾ നീതിയിലും വിശ്വസ്തതയിലും അടിയുറച്ച ഒരു സമൂഹമായി അവർ തീരേണ്ടതിനു അവർക്ക് ഒരു പെരുമാറ്റച്ചട്ടം കൊടുക്കുന്നത് ഇതാണ്. നീതിയുക്തമായ ജീവിതം നയിക്കുക എന്നാൽ സ്‌നേഹപൂർവമായ ജീവിക്കുക എന്നതാണ് (റോമാ 13:8-10).
സത്യം, നീതി, സമാധാനം എന്നിവയെ ഒത്തുതീർപ്പില്ലാത്ത വിധത്തിൽ അനുധാവനം ചെയ്യുകയും മുറുകെ പിടിക്കുകയും ചെയ്യുന്നതാണ് ഐക്യദാർഢ്യം. വ്യാജങ്ങളെയും നുണകളെയും പ്രചരിപ്പിക്കുന്നതിനും, അർദ്ധസത്യങ്ങളെ പങ്കുവെക്കുന്നതിനും, സത്യം മറച്ചു വെക്കുന്നതിനും, സത്യം അറിയാനുള്ള സാദ്ധ്യതകൾ ആർകെങ്കിലും ഒക്കെ തടസപ്പെടുത്തുന്നതിനും ഒക്കെ നാം ശ്രമിക്കുന്നെങ്കിൽ നമ്മുടെ ഐക്യദാർഢ്യം വെറും കാപട്യമാണ്. നീതിയുടെ പ്രവർത്തികൾ ചെയ്യാതിരിക്കുകയും, നീതി നിഷേധിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുമ്പോഴും നാം കാപട്യം അണിയുകയാണ്. അത് പോലെ തന്നെയാണ് സമാധാനവും. സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ, അവർ ദൈവത്തിന്റെ പുത്രർ എന്ന് വിളിക്കപ്പെടും. സമാധാനത്തിനുള്ള വഴികൾ തുറക്കുക എന്നത് ഐക്യദാർഢ്യത്തിന്റെ ഒഴിവാക്കപ്പെടാനാവാത്ത ഘടകം ആണ്. ഇതോടൊപ്പം ചേർത്ത് ചിന്തിക്കേണ്ട മറ്റൊരു പ്രാദാഹണ കാരയം, വിദൂര സ്ഥലങ്ങളിലെ ദുഃഖദുരിതങ്ങളെ ഐക്യദാർഢ്യപ്പെടാൻ നമുക്ക് എളുപ്പമാണ്. എന്നാൽ അതെ തരത്തിലുള്ള പല നീതി നിഷേധങ്ങളും നമ്മുടെ സമീപത്തു നടക്കുന്നുണ്ടാവും. ഒരു പക്ഷെ നാമും ആ നീതി നിഷേധങ്ങളിൽ പങ്കാളികൾ ആയിരിക്കും. പീഡിതരായ ഒരു ജനതയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കൽ, സമ്മുടെ സമീപത്തും, നമ്മുടെ നിയന്ത്രണത്തിലുമുള്ള നീതി നിഷേധങ്ങളെ ശുദ്ധീകരിക്കാൻ കൂടിയുള്ള
പാപമൊഴികെ എല്ലാ കാര്യങ്ങളിലും മനുഷ്യനുമായി ഐക്യദാർഢ്യപ്പെട്ടവനാണ് ക്രിസ്തു. പാപികളോടും, ചുങ്കക്കാരോടും, വേശ്യകളോടും, വികലാംഗരോടും, രോഗികളോടും, വിജാതീയരോടും, ഒക്കെ എല്ലാ തരത്തിലുമുള്ള സഹാനുഭൂതി കാണിക്കുകയും അവരുമായി താദാത്മ്യപ്പെട്ടവനുമാണ് ക്രിസ്തു. സ്നേഹിതന് വേണ്ടി ജീവൻ ബലികഴിക്കുന്നതിൽ സ്നേഹമില്ല എന്ന് ശിഷ്യരെ പഠിപ്പിച്ച ക്രിസ്തു മനുഷ്യകുലത്തിന്റെ രക്ഷക്കായി അവന്റെ ജീവൻ തന്നെ നൽകുന്നതിൽ അവൻ ഐക്യദാർഢ്യപ്പെട്ടു. ഇതര സമൂഹങ്ങളുടെ ഐക്യദാർഢ്യപ്പെടാൻ ക്രൈസ്തവർക്കുള്ള ഏക കാരണവും അത് തന്നെ. ഐക്യദാർഢ്യം എന്നത് ഒരു പുണ്യമാകുന്നതും അത് കൊണ്ടുതന്നെ.
എന്നാൽ നമ്മുടെ ഐക്യദാർഢ്യങ്ങൾ ചില അവസരങ്ങളിലും ചില വിഭാഗങ്ങളോടും മാത്രം ആയി ചുരുങ്ങുന്നുണ്ടോ എന്നത് പരിചിന്തിക്കേണ്ടതാണ്. നാം ആരോടെങ്കിലും ഐക്യദാർഢ്യപ്പെടാനുള്ള ഏറ്റവും പ്രധാനമായ കാരണം ഉല്പത്തി പുസ്തകം 12: 1-3 വാക്യങ്ങളിൽ ആണ്. നിന്നിലൂടെ മറ്റു ജനതകൾ അനുഗൃഹീതമാകും എന്നാണ് അവിടെ പറഞ്ഞിരിക്കുന്നത്. ലോകത്തെ മുഴുവൻ അനുഗൃഹീതമാക്കാൻ വേണ്ടിയാണ് അബ്രാഹത്തെയും, ഇസ്രയേലിനെയും, ഇന്ന് ക്രൈസ്തവരെയും ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്. അതിനാൽ തന്നെ നമ്മുടെ ഐക്യദാർഢ്യം മനുഷ്യകുലത്തോട് മുഴുവൻ ആയിരിക്കണം.
Leave a Reply