Dr. Jose Vallikatt

Jose Vallikatt is the Editor in Chief of LumenIndia, your gateway to Church and Culture in India.

Mary Taylor

You can have anything you want if you are willing to give up everything you have.

വിജ്ഞാന സാക്ഷരത

Posted by


ഈ ലേഖനത്തെ സംബന്ധിച്ചിടത്തോളം ‘വിജ്ഞാന സാക്ഷരത’ എന്നത് അത്ര രോചകമായ ഒരു തലക്കെട്ട് ആണെന്ന് തോന്നുന്നില്ല. സാക്ഷരതയെ നേരിട്ട് സംബന്ധിക്കുന്നതല്ല എങ്കിൽകൂടി സമീപകാല സാമൂഹ്യ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പക്ഷെ, ഈ വിഷയം നാം ചർച്ച ചെയ്തേ

സാക്ഷരത എന്ന വാക്ക് മലയാളിക്ക് അപരിചിതമായിരിക്കില്ല. എന്നാൽ അതിന്റെ വിവക്ഷ അഥവാ സൂചിതർത്ഥം എല്ലാവരും ഒരേ പോലെ ആയിരിക്കില്ല എടുക്കുന്നത്. എഴുതാനും വായിക്കാനും ഉള്ള കഴിവ് എന്നതിനപ്പുറം സാക്ഷരതക്ക് അർത്ഥമില്ലെങ്കിലും, സാക്ഷരൻ എന്ന് സ്ഥാനാസ്ഥാനങ്ങളിൽ സദാ ഊറ്റം കൊള്ളുന്ന മലയാളി സർവജ്ഞാന സമ്പന്നൻ എന്ന അർത്ഥത്തിലാണ് സാക്ഷരൻ എന്ന വാക്കിനെ മനസിലാക്കുന്നത് എന്ന് തോന്നുന്നു. “വിദ്യാഭ്യാസമില്ലാത്ത നേതാക്കന്മാരാണ് നമ്മെ ഭരിക്കുന്നത്” എന്ന് ചലച്ചിത്ര താരം കാജൽ പറഞ്ഞതിനെ നാം മനസിലാക്കേണ്ടത് ഈ പശ്ചാത്തലത്തിലാണ്. തീർച്ചയായും നമ്മെ ഭരിക്കുന്ന ജനപ്രതിനിധികളിൽ ഭൂരിഭാഗവും വിദ്യാഭ്യാസം ഉള്ളവരാണ്. ചിലർ അഭിജ്ഞരും, പണ്ഡിതരുമാണ്. എഴുത്തും വായനയും മാത്രം അറിയാവുന്ന സാധാരണ സാക്ഷരരും, വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകളും അതിൽ പെടുന്നുണ്ട്. എന്നിരുന്നാലും അവരുടെ അറിവിനൊത്ത് കാണിക്കേണ്ട ധിഷണയും വൈഭവും നയങ്ങളിലുള്ള വീക്ഷണവും പ്രദർശിപ്പിക്കാത്തവരാണ് ഭൂരിഭാഗവും എന്നതാവണം കാജളിനെ നിരാശയാക്കിയത്. വലിയ ഡിഗ്രികൾ ഉള്ളവർ സാധാരണ ജീവിത പ്രശ്നങ്ങളിൽ പോലും തീരുമാനമെടുക്കാൻ ആവാതെ കുഴങ്ങുന്നത് നാം നേരിട്ട് കാണുന്നുണ്ടല്ലോ. സാക്ഷരത എന്നത് അറിവിന്റെയും ധിഷണയുടെയും ഏക മാനകം ആകുന്നില്ല എന്നതാണ് നമ്മുടെ കാലഘട്ടത്തിന്റെ സവിശേഷത.

എഴുത്തിന്റെയും വായനയുടെയും സിദ്ധി കൈവരിച്ചു കഴിഞ്ഞാലും ജീവിതത്തിന്റെ വിവിധ മേഖലകളിൽ സവിശേഷമായ അറിവ് നമുക്ക് ഉണ്ടാകണം. വിശേഷിച്ചു നമ്മുടെ ജീവിതത്തെ ചൂഴ്ന്നു നിൽക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന മേഖലകളിൽ. നിയമ സാക്ഷരത, സാമ്പത്തിക സാക്ഷരത ഒക്കെ സാക്ഷരത അവശ്യം കൈവരിക്കേണ്ട മേഖലകളാണ്. മാധ്യമങ്ങളെ ശരിയാം വണ്ണം മനസ്സിലാക്കണമെങ്കിൽ മാദ്ധ്യമ സാക്ഷരത കൂടിയേ തീരൂ. ദൃശ്യ മാധ്യമ യുഗം പിറന്നപ്പോൾ “കാണുന്നത് സത്യമാണ്” (seing is believing) എന്നും, ഒരു ചിത്രം ആയിരം വാക്കുകളേക്കാൾ മൂല്യമുള്ളതാണ് (a picture is worth thousand words) എന്നും ഒക്കെ പറഞ്ഞു കാഴ്ചക്കാർക്ക് തങ്ങൾ പൂർണ്ണ സത്യം നൽകുന്നു എന്ന വ്യാജം മാദ്ധ്യമക്കാർ സൃഷ്ടിച്ചിരുന്നു. എന്നാൽ എല്ലാ മാധ്യമ സന്ദേശങ്ങളും ടൂത്ത് പെയിസ്റ് പോലെയോ, സോപ്പ് പോലെയോ ഒരു ഉല്പന്നമാണ് എന്നും, അത് സൃഷ്ടിച്ചെടുക്കുന്നതാണ് എന്നുമുള്ള യാഥാർഥ്യം അഭ്യസ്തവിദ്യരിൽ പോലും പലർക്കും അറിയില്ലാത്ത ഒന്നാണ്. മീഡിയ ഈസ് എ കൺസ്ട്രക്ടഡ് റിയാലിറ്റി. അത് ഒരു മെയ്ക് ബിലീഫ് ആണ്. നമ്മെ വിശ്വസിപ്പിക്കുന്ന ഒരു കേവല പ്രതീതി ആണ് അത് സൃഷ്ടിക്കുന്നത്. പ്രസിദ്ധീകരിക്കപ്പെടാത്ത കഥകളാണ് യഥാർത്ഥ വാർത്തകൾ, ബാക്കിയെല്ലാം എന്റർടൈൻമെന്റ് ആണ് എന്ന് പ്രസിദ്ധമായ ഒരു പരാമർശം ഉണ്ട് പത്രപ്രവർത്തനത്തെ കുറിച്ച്. മാധ്യമങ്ങൾ ഇന്ന് നമ്മെ രസിപ്പിക്കുന്ന ഒരു വിനോദോപാധി ആയിരിക്കുന്നു. അതായത് ചില സംഭവങ്ങളെ രസകരമായി അവതരിപ്പിച്ചു കാണികളെ അതിൽ കൊളുത്തിയിടുകയും, ആ കാണികളുടെ എണ്ണം കാണിച്ചു പരസ്യദാതാക്കളിൽ നിന്നും ലാഭം കൊയ്യുകയും ചെയ്യുന്ന ഒരു വ്യവസായമാണ് മാധ്യമപ്രവർത്തനം. അതിനാൽ തന്നെ മാധ്യമ സന്ദേശങ്ങളെ ശരിയാം വണ്ണം മനസ്സിലാക്കണമെങ്കിൽ നമുക്ക് അതിന്റെ അക്ഷരമാലയും, വ്യാകരണവും, ഒക്കെ മനസിലാക്കേണ്ടിയിരിക്കുന്നു. ആ പ്രക്രിയയെ വിളിക്കുന്ന പേരാണ് മാദ്ധ്യമ സാക്ഷരത.

മാധ്യമങ്ങളിൽ വായിക്കുന്നതോ കാണുന്നതോ കേൾക്കുന്നതോ ആയ കാര്യങ്ങളെക്കുറിച്ച് ഒരാളെ വിമർശനാത്മകമായി ചിന്തിക്കാൻ മാധ്യമ സാക്ഷരത സഹായിച്ചേക്കാം. മാധ്യമ സാക്ഷരത നേടുന്നതിന്, മാധ്യമ സന്ദേശങ്ങൾ ഡീകോഡ് ചെയ്യാനും (സന്ദേശവും മാധ്യമവും മനസ്സിലാക്കാനും), സന്ദേശങ്ങൾ ഒരാളുടെ വികാരങ്ങളെയും ആശയങ്ങളെയും പെരുമാറ്റത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് വിലയിരുത്താനും ബുദ്ധിപരമായും ഉത്തരവാദിത്തത്തോടെയും മാധ്യമങ്ങൾ നിർമ്മിക്കാനും പ്രാപ്തനാകണം.

കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന മാധ്യമ സംഭവങ്ങളും, കഥകളും ഒന്ന് നോക്കൂ. ഒരു വലിയ മാധ്യമം പുതിയ പ്രഭൃതികളുമായി റീ ലോഞ്ച് ചെയ്യപ്പെടുന്നു. അവരുടെ ആദ്യ ചർച്ചാ ഷോകൾ വളരെ ഡ്രമാറ്റിക് ആകുന്നു. ഒരു വിശ്രുത യൂട്യൂബ് ചാനലിന്റെ ഉടമ റിപ്പോർട്ടിങ് പിഴച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ ഒളിവിൽ പോകുന്നു, അയാളുടെ സ്ഥാപനത്തിലെ കമ്പ്യൂട്ടർകൾ പോലീസ് പിടിച്ചെടുക്കുന്നു. ആ സ്ഥാപനത്തിലെ റിപോർട്ടർമാരുടെ വീടുകളിൽ കയറി മൊബൈൽ പിടിച്ചെടുക്കുകയും, അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ അയാളുടെ ഫാനുകൾ രൂപപ്പെടുന്നു, അയാളുടെ വിമർശക ഫാനുകളും. ആനി രാജ അടക്കമുള്ള മൂന്നാലു സെലിബ്രിറ്റികളെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു എന്നൊക്കെ ചെറിയ ചില വാർത്തകൾ അതിനിടയിലൂടെ വേണ്ടത്ര പരിഗണന കിട്ടാതെ വന്നു പോകുന്നു. ഉപ്പും മുളകും എന്നൊരു ജനപ്രിയ പരിപാടിയിലെ യുവാവായ കഥാപാത്രത്തെ ഒഴിവാക്കി എന്ന വാർത്ത വളരെ നാടകീയമായ രീതിയിൽ ഒരു പ്രമുഖ ചാനൽ അവതരിപ്പിക്കുന്നു. എല്ലാം കൂടെ നമ്മെ രസിപ്പിക്കുന്ന ഇക്കിളിക്കഥകൾ കണ്ട് നാം സ്ഥലകാലബോധം നഷ്ടപ്പെട്ടവർ ആകുന്നു.

ജനാധിപത്യ രാജ്യത്ത് അറിയിക്കുക എന്ന ധർമ്മമാണ് മാധ്യമങ്ങൾ ചെയ്യുന്നത് എന്നായിരുന്നു പരക്കെയുള്ള ധാരണ. കൂടാതെ, ഭരണകൂടത്തിന്റെ അഴിമതികൾ, നയശോഷണം, സമൂഹത്തിൽ നടക്കുന്ന അനീതികൾ, ചൂഷണം എന്നിവയെ ഒരു കാവൽ നായയെ പോലെ നിരീക്ഷിക്കുകയും, തക്ക സമയങ്ങളിൽ വിസിലടിച്ചു ആളുകളെ ഉണർത്തുകയും ചെയ്യുന്ന ധർമ്മം മാധ്യമങ്ങളുടേത് കൂടിയാണ്. ഒരു പ്രതിപക്ഷം എന്ന നിലയിലാണ് മാധ്യമങ്ങൾ വർത്തിക്കേണ്ടത്. എന്നാൽ, ഭരണകൂടങ്ങൾ മാധ്യമങ്ങളെ വിലക്കെടുക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഇക്കാലത്തു മുഖ്യധാരാ മാധ്യമങ്ങൾ വേണ്ട രീതിയിൽ ജനങ്ങളെ അറിയിക്കുന്ന പരിപാടി നടത്താതെ വരുന്ന വിടവിലേക്കാണ് യുട്യൂബ് മാധ്യമങ്ങൾ കയറിക്കൂടുന്നത്. ഇക്കിളിയും, മസാലയും, ഒരു മിനിട്ടു കൊണ്ട് പറയേണ്ട സംഗതികൾ നീട്ടി വലിച്ചു ചപ്പടാച്ചി ആക്കി അവതരിപ്പിക്കുന്ന ഇക്കൂട്ടർ പറയുന്നതെല്ലാം സത്യമാണ് എന്ന ധാരണ പരത്താൻ മിടുക്കരാണ്. അറിഞ്ഞും അറിയാതെയും നിരവധി നിഷ്കളങ്കരെ നശിപ്പിക്കുകയും ചെയ്യുന്ന ദുഷിപ്പുകളാണ് ഇക്കൂട്ടർ. മുഖ്യധാരാ മറച്ചു വെക്കുന്ന സംഗതികൾ തങ്ങൾ വെളിപ്പെടുത്തുന്നു എന്ന മട്ടിലുള്ള വീരസ്യം ഇവർ പറയുമെങ്കിലും, ജനകീയ മാധ്യമം എന്ന നിലയിൽ സമൂഹത്തിൽ ഇവർക്കുള്ള സ്വീകാര്യത പക്ഷെ സാമുദായിക ധ്രുവീകരണം, പ്രത്യേക വിഭാഗങ്ങളുടെ അപരവത്കരണം ഒക്കെ നടത്തി സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാൻ വലിയ പങ്ക് ആണ് ഇവർ വഹിച്ചിരുന്നത്. വിവര വിസ്ഫോടനത്തിന്റെ ഈ യുഗത്തിൽ സത്യം തിരിച്ചറിയുക എന്നതാണ് മനുഷ്യകുലം നേരിടുന്ന വലിയ വെല്ലുവിളി.

മറ്റൊരു സാക്ഷരതാ സിദ്ധിയിലേക്കാണ് ഈ സാഹചര്യം നമ്മെ കൊണ്ടെത്തിക്കുന്നത്. സത്യം എവിടെ കണ്ടെത്താൻ കഴിയുമെന്ന അന്വേഷണം നടത്തുന്നതാണ് ഇന്ന് നാം ഏറ്റവും ശ്രദ്ധ കൊടുക്കേണ്ട സംഗതി. വിവര സാക്ഷരതാ സിദ്ധി (ഇൻഫർമേഷൻ സാക്ഷരത) എന്നാണ് ഇതിനെ വിളിക്കുന്നത്. എന്താണ് വിവര സാക്ഷരതാ കഴിവുകൾ?

വിവരങ്ങൾ കണ്ടെത്താനും വീണ്ടെടുക്കാനും വ്യാഖ്യാനിക്കാനും അരിച്ചെടുക്കാനുമുള്ള കഴിവാണ് വിവര സാക്ഷരതാസിദ്ധി. വിവര സാക്ഷരതാ സിദ്ധി ഉള്ളവർക്ക്, വിവരങ്ങൾ കണ്ടെത്താനും, അത് വരുന്ന ഉറവിടം ഏതാണ് എന്ന് തിരിച്ചറിയാനും അതിന്റെ മൂല്യം മനസ്സിലാക്കാനും അറിവ് സൃഷ്ടിക്കാനും പങ്കിടാനും സമൂഹത്തിലെ ചർച്ചകളിൽ പങ്കെടുക്കാനും സാധിക്കും.

വിവര സാക്ഷരതാ കഴിവുകൾ വികസിപ്പിക്കാൻ ചില ചെപ്പടി വിദ്യകൾ പറഞ്ഞു തരാം.

  1. വിശ്വസനീയമായ ഉറവിടങ്ങൾ തിരിച്ചറിയാൻ പഠിക്കുക. കാണുന്ന എല്ലാത്തിനെയും സംശയത്തോടെ തന്നെ സമീപിക്കുക എന്നതാണ് ഏറ്റവും നല്ല ടിപ്പ്. രോഗാതുരമായ സംശയം അല്ല അത്, സത്യത്തിലേക്ക് നമ്മെ നയിക്കുന്ന സന്ദേഹം അഥവാ സ്കെപ്റ്റിസിസം ആണ് അത്. ഒരു വാർത്ത, വെബ്‌സൈറ്റ്, സാമൂഹ്യ മാധ്യമങ്ങളിൽ കറങ്ങുന്ന വിഡിയോയോ, ചിത്രങ്ങളോ, ആരെങ്കിലും പറഞ്ഞു എന്ന മട്ടിൽ പ്രചരിപ്പിക്കപ്പെടുന്ന ഉദ്ധരണികൾ, പ്രസ്താവനകൾ ഒക്കെ വിശ്വസനീയമാണോ എന്ന് നിർണ്ണയിക്കാൻ, രചയിതാവിന്റെയും ഉറവിടത്തിന്റെയും വിശ്വാസ്യത പരിശോധിക്കുക, രചയിതാവ് ഉദ്ധരിക്കുന്ന ഉറവിടങ്ങൾ വിലയിരുത്തുകയും ആ ഭാഗം എഴുതിയ തീയതി പരിശോധിക്കുകയും ചെയ്യുക. വിശ്വസനീയമായ ഒരു ഉറവിടം തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ഗവേഷണത്തിന് നിർണായകമാണ്.
  2. അല്പം ക്ഷമ കാട്ടുന്നത് നല്ലതാണ്. കാത്തിരുന്നാൽ സത്യാവസ്ഥ മറ്റാരെങ്കിലും ഉയർത്തിക്കൊണ്ടു വരും. ഇതര മാധ്യമങ്ങൾ ആ അറിവിനെ നൽകുന്നുണ്ടോ, ഉണ്ടെങ്കിൽ എങ്ങനെ എന്നൊക്കെ താരതമ്യം ചെയ്യണം. അതുമല്ലെങ്കിൽ നിരവധി ഫാക്ട് ചെക്കിങ് സൈറ്റുകൾ ഉണ്ട്. അവരെ ആശ്രയിക്കണം.
  3. നിങ്ങളുടെ യുക്തിയുടെ താർക്കിക നിലവാരം മെച്ചപ്പെടുത്തുക

യുക്തിപരമായ ന്യായവാദം യുക്തിസഹമായ തീരുമാനങ്ങൾ എടുക്കുന്നതിനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും സഹായിക്കുന്നു. അനുമാനങ്ങളും നിരീക്ഷണങ്ങളും എങ്ങനെ വേർതിരിക്കാം എന്ന് മനസിലാക്കുന്നതിലൂടെയും, വസ്തുതകളും അഭിപ്രായങ്ങളും തിരിച്ചറിയുന്നതിലൂടെയും നിങ്ങൾക്ക് യുക്തിസഹമായ ചിന്ത മെച്ചപ്പെടുത്താൻ കഴിയും, അറിവുകൾ വരുന്ന പാറ്റേണുകൾ തിരിച്ചറിയാൻ സാധിക്കണം.

  1. വിപുലമായ തിരയലുകൾ പഠിക്കുക

അറിവുകളെ കണ്ടെത്താനുള്ള തിരച്ചിൽ ശേഷിയു സിദ്ധിയും കൈവരിക്കുക എന്നത് പ്രധാനമാണ്. ഇനി വരാനുള്ളത് ചാറ്റ് ജി പി ടി യുഗമാണ്. കൃത്യമായ പ്രോംപ്റ്റ് എഴുതി കൊടുത്താൽ മാത്രമേ ഒരാൾക്ക് ആവശ്യമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉത്പന്നങ്ങൾ ലഭ്യമാവുകയുള്ളൂ. സത്യവും വാർത്തകളും അറിയാൻ മാത്രമല്ല ജീവിതത്തിൽ വിജയിക്കണമെങ്കിൽ പോലും ശരിയായ അറിവുകൾ കണ്ടെത്തുക എന്നത് പ്രധാനമാണ്.

സത്യം അറിയുകയും, അത് പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഉത്തമ പൗരന്മാർ ആകാൻ വേണ്ട എത്തിക്കൽ പുണ്യം ആണ്. അതിലും ഉപരി അത് ഒരു ആത്മീയ ധാർമ്മിക പുണ്യം തന്നെയാണല്ലോ.

Leave a Reply

Your email address will not be published. Required fields are marked *