Dr. Jose Vallikatt

Jose Vallikatt is the Editor in Chief of LumenIndia, your gateway to Church and Culture in India.

Mary Taylor

You can have anything you want if you are willing to give up everything you have.

,

പ്രാർത്ഥനയുടെ രാഷ്ട്രീയം

Posted by

‘എനിക്ക് നിന്നെ സഹായിക്കാൻ താത്പര്യമില്ല’ എന്നാണ് “ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കാം” എന്ന് പറയുന്നതിന്റെ അർത്ഥം എന്നാണ് പ്രാർത്ഥനയെ കുറിച്ചു അടുത്ത നാളുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രോൾ. പ്രാർത്ഥനയുടെ യഥാർത്ഥ അർത്ഥം അതല്ല എന്നും, അങ്ങനെ പറയുന്നവരെല്ലാം ആ അർത്ഥത്തിലാണ് അത് പറയുന്നത് എന്നും എനിക്ക് തോന്നാത്തതിനാൽ ആ ട്രോളിൽ അല്പം നൊമ്പരം കിട്ടാറുണ്ട്.

പ്രാർത്ഥന എന്നു പറഞ്ഞു ഇക്കാലത്ത് പലരും കാട്ടിക്കൂട്ടുന്നത് കാണുമ്പോൾ ആ ട്രോളിൽ അല്പമെങ്കിലും സത്യം ഇല്ലാതില്ലേ എന്നു തോന്നാറുണ്ട്. പ്രാർത്ഥനയെ പലരും ഒരു രാഷ്ട്രീയ ആയുധമായിട്ടാണ് ഇന്ന് ഉപയോഗിക്കുന്നത്. അർഹിക്കുന്ന നീതി കൊടുക്കാതെയും, സഹായങ്ങൾ ചെയ്യാതെയും, പ്രാർത്ഥനയിൽ ഏർപ്പെടൂ എന്നു ഉപദേശിക്കുന്നവർ യഥാർത്ഥത്തിൽ പ്രാർത്ഥിക്കുകയല്ല, ഒരു തരം അളിഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്.

അക്രമത്തിലും ഹിംസയിലും വിശ്വസിക്കാത്ത ക്രൈസ്തവർ പലപ്പോഴും സാമൂഹ്യ രാഷ്ട്രീയ പ്രതികരണമായി പ്രാർത്ഥന എന്ന ഉപാധിയെ സ്വീകരിക്കാറുണ്ട്. മണിപ്പൂരിലെയും മറ്റു പലയിടങ്ങളിലെയും ക്രൈസ്തവ വേട്ടയുടെ രാഷ്ട്രീയക്കളികൾ ഇനിയും മനസിലാക്കാത്ത സഭാ നേതൃത്വം മടിച്ചു മടിച്ചു ആണെങ്കിലും ഒടുക്കം ഒരു പ്രതികരണം നൽകിയത് ഒരു സമൂഹ പ്രാർത്ഥന നടത്തിക്കൊണ്ട് ആയിരുന്നു. “തങ്ങൾക്ക് ചെയ്യാൻ ഉള്ളത് ചെയ്തു കഴിഞ്ഞു” എന്ന് ലോകത്തെ ബോധ്യപ്പെടുത്തുക എന്ന തികഞ്ഞ അരാഷ്ട്രീയത മാത്രമായിരിക്കും അവർ അവിടെ ഏറ്റുപറഞ്ഞ ആമ്മെനുകൾ അർത്ഥമാക്കിയിട്ടുണ്ടാവുക!

പ്രാർത്ഥന ഒരിക്കലും ഒരു രാഷ്ട്രീയപ്രവർത്തനമാകരുത് എന്ന അഭിപ്രായമാണ് എനിക്ക് ഉള്ളത്. നമ്മുടെ നൈതിക ഒഴികഴിവിനുള്ള ഉപാധിയല്ല പ്രാർത്ഥന. അതേ സമയം സൂക്ഷ്മ വായനയിൽ പ്രാർത്ഥന പോലെ രാഷ്ട്രീയ ശക്തിയുള്ള മറ്റൊരു ആയുധം ലോകത്തിലില്ല എന്നത് ഹൃദ്യമായ ഒരു വൈരുദ്ധ്യം ആണ്. നീതിയുടെ പ്രവർത്തികൾ ചെയ്യാൻ ഒരുവനെ പ്രാർത്ഥന സഹായിക്കുന്നു എന്നത് കൊണ്ടാണ് പ്രാർത്ഥന ഒരു രാഷ്ട്രീയ പരിപാടി ആകുന്നത്. (ആദർശ പ്രാർത്ഥനയുടെ കാര്യമാണ് പറയുന്നത് കേട്ടോ).

സ്വാഭാവിക നീതിയും, ദൈവിക നീതിയും, മാനവിക നീതിയും നിറവേറണമേ എന്നത് മാത്രമാണ് എല്ലാ ആദർശ പ്രാർത്ഥനകളുടെയും ഉള്ളടക്കം. ബൈബിളിലെ ചില ചെറിയ പ്രാർത്ഥനകൾ നോക്കൂ, “ഇതാ കർത്താവിന്റെ ദാസി” (മറിയത്തിന്റെ പ്രാർത്ഥന), “എങ്കിലും എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ” (ഈശോയുടെ പ്രാർത്ഥന), “നീ എന്റെ ഭവനത്തിൽ വരുവാൻ ഞാൻ യോഗ്യനല്ല, നീ ഒരു വാക്ക് അരുളിയാൽ മതി അടിയൻ സുഖമാകും” (ശതാധിപന്റെ പ്രാർത്ഥന). എല്ലാ പ്രാർത്ഥനകളും സ്വാഭാവിക നീതിക്കും ദൈവിക നീതിക്കും വേണ്ടിയുള്ള വാഞ്ച ആണ്.

അതേ സമയം പ്രാർത്ഥനയിൽ നാം അഭിമുഖം കാണുന്ന ദൈവം നമ്മെ ഭയങ്കരമായ വിധത്തിൽ പരിവർത്തനപ്പെടുത്തും. ആത്മാർത്ഥമായ ആദർശ പ്രാർത്ഥനയുടെ പരിണതി അതാണ്. സക്കേവൂസ് താൻ വഞ്ചിച്ചെടുത്തത് മാത്രമല്ല തന്റെ സമ്പാദ്യവും ഉദാരമായി വിതരണം ചെയ്യുന്നതിലേക്ക് എത്തി. ആദിമ സഭയിലെ പ്രാർത്ഥനാ കൂട്ടായ്മകൾ സ്വകാര്യ സമ്പത്തുകളെ പൊതു സ്വത്ത് ആയി കരുതി. അതിനാൽ തന്നെ കുറവ് അനുഭവിച്ചിരുന്ന ആരും അവരുടെ ഇടയിൽ ഉണ്ടായിരുന്നില്ല എന്നാണ് സാക്ഷ്യം. പ്രാർത്ഥനകളുടെ പ്രാർത്ഥന ആയ വിശുദ്ധ കുർബാന അടിസ്ഥാനപരമായി പങ്കുവെക്കൽ എന്ന ഭാവത്തിന്റെ ആഘോഷമാണ്, അത് മാത്രമാണ്. “പ്രവൃർത്തിയില്ലാത്ത വിശ്വാസം (പ്രാർത്ഥന) ചത്തതാണ്” എന്ന് യാക്കോബ് ശ്ലീഹ പറയുന്നത് അത് കൊണ്ടാണ്. പ്രവർത്തിയിലേക്ക് പ്രാർത്ഥന നയിക്കുന്നില്ലെങ്കിൽ നമ്മുടെ ആത്മീയതയും പ്രാർത്ഥനയും വെറും കസർത്ത് ആണ്, നിർജ്ജീവമാണ്, പ്രദർശനം ആണ്.

ഈശോ പഠിപ്പിച്ച ആദർശ പ്രാർത്ഥന ആയിരിക്കും ഏറ്റവും ശ്രേഷ്ഠമായ രാഷ്ട്രീയ പ്രാർത്ഥന. സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ഏറ്റവും ശക്തമായ രാഷ്ട്രീയമാനം കൈവരിക്കുന്നത് അതിൽ ‘ഞങ്ങൾ’ എന്ന ബഹുവചന സർവനാമം ഉപയോഗിക്കുന്നു എന്നതിനാലാണ്. ഒറ്റക്ക് ചൊല്ലാവുന്ന ഒരു പ്രാർത്ഥന അല്ല അത്. ചൊല്ലുമ്പോൾ നിങ്ങൾ ഒറ്റക്ക് ആണെങ്കിലും, ലോകത്തെ മുഴുവൻ നിങ്ങളുടെ ഹൃദഹത്തോട് ചേർത്തു വെച്ചു മാത്രമേ ആ പ്രാർത്ഥന ചൊല്ലിത്തീർക്കാൻ കഴിയൂ. ഭേദഭാവമില്ലാത്ത, യുദ്ധമോ കലഹമോ ഇല്ലാത്ത ഒരു സമൂഹം (ഞങ്ങൾ) നിർമ്മിക്കപ്പെട്ടു കഴിഞ്ഞാൽ മാത്രമേ

നീതി നിറവേറപ്പെട്ടു എന്നു നമുക്ക് കരുതാൻ ആവൂ. “മറ്റുള്ളവരുടെ തെറ്റുകൾ ഞങ്ങൾ ക്ഷമിച്ചത് പോലെ ഞങ്ങളുടെ തെറ്റുകൾ നീ ഞങ്ങളോടും പൊറുക്കേണമേ” എന്ന പ്രാർത്ഥനാംശം യുദ്ധ രഹിതമായ, രമ്യതപ്പെട്ട, സമാധാനത്തിൽ അടിയുറച്ച ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള പ്രാർത്ഥനക്കാരന്റെ അർപ്പണം ആണ്. ശ്രദ്ധിക്കുക, പ്രാർത്ഥനയിലെ മിക്ക വാക്യങ്ങളും അഭ്യർത്ഥനാകാരകം ആണ്. എന്നാൽ ഈ വാക്യത്തിലെ ക്രിയ ക്ഷമ (സുറിയാനി മൂലത്തിൽ) “ക്ഷമിച്ചത്‌ പോലെ” എന്നു ഭൂതകാലത്തിൽ ആണ് ഉപയോഗിച്ചിട്ടുള്ളത്. സമാധാനവും രമ്യതയും പ്രാർത്ഥനയുടെ പരിണത ഫലമാണോ, അതോ പ്രാർത്ഥനയിൽ പ്രവേശിക്കാനുള്ള കണ്ടീഷൻ ആണോ? അത് തമ്മിലുള്ള തിരിച്ചറിവാണ് വാസ്തവത്തിൽ ഈ പ്രാർത്ഥനയുടെ രാഷ്ട്രീയം.

അതിലെ ആദ്യത്തെ മൂന്ന് വരികൾ ദൈവിക നീതി ഭൂമിയിൽ നിറവേറട്ടെ എന്ന ആഗ്രഹമാണ് പ്രകടിപ്പിക്കുന്നത്. അന്നന്ന് വേണ്ട ആഹാരം ഞങ്ങൾക്ക് തരണമേ എന്നത് കേവലം സ്വാഭാവിക നീതിയാണ്. ‘അടുത്ത പത്തു വർഷത്തേക്കുള്ള ഭക്ഷണം’ ‘എനിക്ക്’ തരണമേ എന്നല്ല പ്രാർത്ഥന. “പ്രലോഭനത്തിൽ ഉൾപെടുത്തരുതെ…” എല്ലാത്തരം അധാർമ്മികതകളും – മോഷണം, കൈക്കൂലി, കോപ്പി അടി, നികുതി വെട്ടിപ്പ്, വ്യാജ രേഖ ചമക്കൽ, സ്വജന പക്ഷപാതം, വേതനം കൊടുക്കാതിരിക്കൽ, ചൂഷണം, കലഹം, യുദ്ധം, അങ്ങനെ പലതും – പ്രലോഭനമാണ്. നീതിരഹിതമായ സമൂഹത്തെ സൃഷ്ടിക്കുന്നത് ഈ അധാർമ്മികതകൾ ആണ്. അത്തരം പ്രവർത്തികളിൽ നിന്ന് ഞങ്ങൾ അകന്നു നിൽക്കട്ടെ എന്നാണ് പ്രാർത്ഥന.

പ്രവാചക സ്ഥൈര്യം ഉള്ളവനും, പോരാളിയും, ബാംഗ്ലൂർ രൂപതയുടെ മെത്രാനുമായ പീറ്റർ മചാടോ മണിപ്പൂരി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി തന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൗജന്യമായി തുറന്നിടുന്നു എന്ന വാർത്ത വായിച്ചപ്പോൾ ഇത്രയും എഴുതാതെ വയ്യ എന്നു തോന്നി.

ബാംഗ്ലൂർ, മുംബൈ, പുണെ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ ഒക്കെ മണിപ്പൂരി യുവാക്കൾ അധ്യയനം ചെയ്യുന്നുണ്ട്. പരോക്ഷമായോ പ്രത്യക്ഷമായോ ഈ കുട്ടികളും മണിപ്പൂർ കലാപത്തിന്റെ ഇരകളാണ്. അവർക്ക് ചെയ്യുന്ന സഹായങ്ങളും മണിപ്പൂരിനുള്ള സഹായമാണ്.

അത് എന്തൊക്കെ ആയാലും, നിങ്ങൾ ചെയ്യുന്നത് തെറ്റാണ് എന്നും, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സേവനം എന്നീ മേഖലകളിൽ ക്രൈസ്തവർ നടത്തുന്ന സേവനങ്ങൾ ഒഴിവാക്കിക്കൊണ്ടും, ക്രൈസ്തവരുടെ അവകാശങ്ങൾ കവർന്നെടുത്തു കൊണ്ടും രാജ്യ നിർമ്മിതി സാധ്യമാകില്ല എന്നും ഭരണകൂടത്തിന് മുന്നിൽ എഴുന്നേറ്റ് നിന്ന് പറയുന്നതിനപ്പുറം ഒരു രാഷ്ട്രീയ പ്രവർത്തനവും ഒരു പ്രാർഥനാ നാടകങ്ങൾക്കും നിർവഹിക്കാൻ ആവില്ല.

Leave a Reply

Your email address will not be published. Required fields are marked *