സാമൂഹ്യ മാധ്യമങ്ങളിൽ തെളിയാറുള്ള നിരവധി സന്ദേശങ്ങളിൽ പലതും ഫോർവേഡഡ് സന്ദേശങ്ങൾ ആയിരിക്കും. ഫോർവേഡ് ചെയ്തു കഴിഞ്ഞിട്ട് പോലും പലരും തിരിച്ചറിയാറില്ല അത് ഒരു ഫെയ്ക്ക് വ്യക്തി എഴുതിയ ഫെയ്ക് അറിവ് ആയിരുന്നു എന്ന്. വർഗ്ഗീയമായി നാം വളരെ അധികം ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന ഇക്കാലത്ത് അത്തരം സന്ദേശങ്ങൾ ഉണ്ടാക്കുന്ന പ്രഭാവം ദൂരവ്യാപകമാണ്. കത്തോലിക്കാ മാനേജ്മെന്റിന്റെ കീഴിൽ ഉള്ള ഒരു കോളേജിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അഹിതമായ ചില സംഭവങ്ങൾക്ക് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഉണ്ടായിട്ടുള്ള സന്ദേശ വിനിമയങ്ങൾ അത്യന്തം വിഭാഗീയത സൃഷ്ടിക്കുന്നതായിരുന്നു എന്നതിലും അപ്പുറം ജ്ഞാനികൾ എന്ന് സ്വയം കരുതുന്ന വൈദികർ പോലും വ്യാജ സന്ദേശങ്ങളുടെ പ്രചാരകരായി മാറി എന്നത് നമ്മുടെ ജീർണ്ണതയുടെ നെല്ലിപ്പലക വെളിവാക്കുന്നു എന്ന് മാത്രമല്ല അറിവുകളെ അപഗ്രഥിക്കുന്നതിലും വിവേചന ബുദ്ധി കാണിക്കുന്നതിലും നാം അമ്പേ പരാജയമാണ് എന്ന് തുറന്നു കാട്ടുക കൂടിയാണ്.
പഠിപ്പ് ഉണ്ട് എന്ന് കരുതുന്ന വൈദികർക്കും, അല്മായർക്കും എന്ത് കൊണ്ടാണ് സംഗതികളെ തിരിച്ചറിയാൻ സാധിക്കാത്ത വിധം അജ്ഞാനത്തിന്റെ അന്ധകാരം മനസിലേക്ക് കയറുന്നത്? ജെസ്സെയുടെ കുറ്റിയിലെ മുള എന്ന പരമ്പരയിൽ നാം ആത്മാവിന്റെ ഏഴു ദാനങ്ങളെ കുറിച്ച് ചിന്തിക്കുകയാണ്. അറിവ് എന്ന ദാനത്തെ കുറിച്ചാണ് ഈ ഖണ്ഡം.
എംപിരിസിസം അഥവാ അനുഭവവാദം പ്രഭാവമാർജ്ജിച്ചു വന്ന മദ്ധ്യ നൂറ്റാണ്ടുകളിൽ സ്‌കോളാസ്റ്റിക് ദൈവശാസ്ത്രജ്ഞനും ഫ്രാൻസിസ്കൻ ബിഷപ്പുമായ ബോനെവെഞ്ചർ ആണ് പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങളെ കുറിച്ചുള്ള പഠനങ്ങളും ഭക്തിയും വളർത്തിയത്. ഇന്ദ്രിയാനുഭവത്തിലൂടെ മാത്രമേ അറിവ് നേടാൻ ആവൂ, അഥവാ ഇന്ദ്രിയാനുഭവത്തിലൂടെ ഉണ്ടാവാത്ത അറിവുകൾ അസത്യമോ അവാസ്തവമോ ആണ് എന്ന അനുഭവവാദ സിദ്ധാന്തം പ്രചാരമാർജ്ജിച്ച സമയത്ത് ദൈവികമായ (മെറ്റഫിസിക്കൽ/സൂപ്പർ നാച്ചുറൽ) അറിവ് സാധ്യമാണ് എന്നും, അത് പരിശുദ്ധാത്മാവിന്റെ കൃപയാലാണ് സാധിക്കുന്നത് എന്നും ബൊനവഞ്ചർ വാദിച്ചു. ദൈവത്തെയും, ദൈവിക രഹസ്യങ്ങളെ കുറിച്ചും അറിയാൻ നമ്മെ പ്രാപ്തരാക്കുന്ന പരിശുദ്ധാത്മ ദാനമാണ് എന്നതാണ് അറിവിനെ സംബന്ധിച്ച ഒരു പ്രധാന നിർവചനം. അതിനാൽ തന്നെ പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങളെ കുറിച്ച് എവിടൊക്കെ പരതിയാലും അതീന്ദ്രിയ ജ്ഞാനം, ദൈവികമായ അറിവ് എന്നിവയൊക്കെ സാധ്യമാക്കുന്ന പരിശുദ്ധാത്മ കൃപയാണ് ജ്ഞാനം അഥവാ അറിവ് എന്നായിരിക്കും നിങ്ങൾക്ക് വായിക്കാൻ കിട്ടുക. അഥവാ, മനുഷ്യ ബുദ്ധി കൊണ്ട് മനസിലാക്കാൻ സാധിക്കാത്ത ദൈവത്തെ കുറിച്ച് അറിയാൻ അറിവ് എന്ന പരിശുദ്ധാത്മ ദാനം നമ്മെ സഹായിക്കുന്നു. എന്നാൽ അതെ കുറിച്ച് ഗൗരവമായി വായിക്കാൻ ആഗ്രഹിച്ചാൽ കുനുഷ്ട് പിടിച്ച ഫിലോസഫിക്കൽ ഭാഷയിലുള്ള ദുർഗ്രഹമായ ദൈവശാസ്ത്ര അറിവ് ആയിരിക്കും ലഭിക്കുക.
സെക്കുലർ അറിവും ആത്മീയ അറിവും, ശാസ്ത്രീയ അറിവും ദൈവിക അറിവും ഒരിക്കലും യോജിക്കാത്ത വിരുദ്ധ ധ്രുവത്തിലാണ് നിൽക്കുന്നത് എന്നും, അവ തമ്മിൽ ശത്രുത ഉണ്ട് എന്നുമൊക്കെ ആദിമ കാലം മുതൽ നിലവിലിരിക്കുന്ന ധാരണകൾ ആണ്. ഇന്നും അവർ തമ്മിൽ യുദ്ധസമാന ശത്രുത നിലനിൽക്കുന്നുണ്ട്. സത്യത്തിൽ തുറന്ന മനസ്സോടും പരസ്പര ബഹുമാനത്തോടും ചർച്ച ചെയ്‌താൽ മനസിലാക്കാൻ കഴിയുന്നതേ ഇരു പക്ഷത്തും ഉള്ളൂ. ഇത് രണ്ടും നിലനിൽക്കേണ്ടത് അനിവാര്യമാണ് താനും.
എന്നാൽ പരിശുദ്ധാത്മ ദാനങ്ങൾ പൂർണമായും ദൈവത്തിന്റെ അറിവിനെയും സ്നേഹത്തെയും സംബന്ധിച്ച അമൂർത്തമായ പുണ്യങ്ങളാണ് എന്ന് ഞാൻ കരുതുന്നില്ല. ഭൂമിയിലും, മാനുഷികാവസ്ഥകളിലും ഉറച്ചു നിന്ന് കൊണ്ട് മാത്രമേ പൂർണ്ണമായ ദൈവിക അറിവ് നേടിയെടുക്കാൻ സാധിക്കുകയുള്ളൂ. പ്രാർത്ഥന വഴിയോ മറ്റു കൃത്യങ്ങൾ വഴിയോ ആർക്കും നേരിട്ട് നേടിയെടുക്കാവുന്ന ഒന്നല്ല ദൈവിക അറിവ് എന്ന പുണ്യം.
മനുഷ്യൻ പരിമിതനാണ്. അവന്റെ ബുദ്ധിയും. കാലത്തിന്റെയും സമയത്തിന്റെയും പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് മാത്രമേ മനുഷ്യ ബുദ്ധിക്ക് പെരുമാറാനും, തീരുമാനങ്ങൾ കൈക്കൊള്ളാനും സാധിക്കുകയുള്ളൂ. എന്നാൽ പരമ സത്യവും, അനന്ത സ്നേഹവും, സർവോപരി രൂപ രഹിതനും ആയ ദൈവത്തെ അറിയുന്നത് സത്യത്തിൽ നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള സാധാരണവും, ചെറുതും, ലഘുവുമായ സത്യങ്ങളെ സമീപിച്ചും, മനസ്സിലാക്കിയും, വിശ്ലേഷണം ചെയ്തും, സ്വീകരിച്ചും (ചിലപ്പോൾ തള്ളിക്കളഞ്ഞും) ആണ്. അതായത് നമ്മുടെ ചുറ്റുമുള്ള സത്യങ്ങൾ/യാഥാർത്ഥ്യങ്ങൾ ബൃഹദ് ആയ ദൈവിക സത്യത്തിന്റെ അംശങ്ങൾ തന്നെയാണ്. ഗോചരമായ സത്യത്തെ വിലമതിക്കുകയും മാനിക്കുകയും (ചിലപ്പോൾ ഒഴിവാക്കുകയും) ചെയ്തു കൊണ്ടല്ലാതെ ദൈവിക സത്യത്തെ അറിയാൻ ആവില്ല. അതിനാൽ തന്നെ സെക്കുലർ, ലൗകിക, ഭൗതിക സത്യങ്ങൾ ദൈവിക സത്യവുമായി ബന്ധമില്ലാത്ത ഒന്നായി കണ്ടു തള്ളിക്കളയാൻ ആവില്ല. ദൈവിക വെളിപാടിന്റെ രീതിയും അത് തന്നെയാണ്. ബൈബിൾ കാലത്തു ആവട്ടെ, ബൈബിളാനന്തര കാലത്ത് ആവട്ടെ മാനുഷിക യാഥാർഥ്യങ്ങളിലൂടെയും, പ്രകൃതി പ്രതിഭാസങ്ങളിലൂടെയും ആണ് ദൈവം സ്വയം വെളിപ്പെടുത്തുന്നത്.
നമ്മുടെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമ്പത്തിക മണ്ഡലങ്ങളിൽ ഉണ്ടാവുന്ന യാഥാർഥ്യങ്ങളെ സത്യത്തിന്റെ കാചത്തിലൂടെ നോക്കിക്കണ്ട് അതിനെ അപഗ്രഥിക്കുകയും സ്വീകരിക്കുകയും ചെയ്യുക എന്ന പ്രവർത്തി തന്നെ പുണ്യ പൂർണതയിലേക്ക് വളരാനുള്ള വഴിയാണ്. എന്നാൽ സത്യാനന്തര കാലം എന്ന് നാം വിശേഷിപ്പിക്കുന്ന ഇന്ന് തിരിച്ചറിയാൻ കഴിയാത്ത മട്ടിൽ സത്യം പ്രച്ഛന്നം ആണ്, ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. ആ സന്ദിഗ്‌ദാവസ്ഥയിലാണ് പരിശുദ്ധാത്മാവിനെ നാം കൂടുതൽ ആശ്രയിക്കേണ്ടി വരുന്നത്. യഥാർത്ഥ സത്യത്തെ കണ്ടെത്തുവാനുള്ള ധാർമ്മിക മാനകങ്ങൾ സുവിശേഷത്തിലെ ദൈവിക വെളിപാടുകൾ വഴി നമുക്ക് ലഭിച്ചിട്ടുണ്ട്. നേരത്തത്തെ ലേഖനത്തിൽ പറഞ്ഞിട്ടുള്ള പോലെ കൂട്ടായ ആലോചനയിൽ നിന്ന് ഉരുവായ സഭയുടെ പഠനങ്ങളിൽ നിന്നും നമുക്ക് സത്യം ലഭിച്ചിട്ടുണ്ട്. അതിനെ അംഗീകരിക്കുവാനും അതിനു വിധേയപ്പെടുവാനുമുള്ള കടമ എല്ലാവർക്കും ഉണ്ട്.
സത്യാസത്യങ്ങളുടെ പ്രചാരണ ഉപാധി എന്ന നിലയിൽ മാദ്ധ്യമങ്ങളെ മനസിലാക്കുന്നതിലും അതിൽ ഇടപെടുന്നതിലും വലിയ ജാഗ്രത പുലർത്തേണ്ട കാലമാണ് ഇത്. നാം പ്രചരിപ്പിക്കുന്ന അറിവുകൾ എത്രമാത്രം ദൈവത്തെ (സഹജരെയും) കണ്ടെത്തുന്നതിൽ മനുഷ്യരെ സഹായിക്കുന്നു എന്നത് നിരന്തരമായി പരിശോധനക്ക് വിഷയമാകേണ്ടതാണ്. പിരിവ് കിട്ടാത്തതിന്റെ പേരിൽ ഇടവക സമൂഹത്തെ മുഴുവൻ മരിച്ചവരെന്നു കരുതി കുർബാന ചൊല്ലി അന്ത്യം കുറിക്കുകയും, പിന്നീട് സ്വയം സാധൂകരിക്കാൻ പുതിയ മരണ കുർബാന ഇല്ല എന്ന് സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുന്ന അജപാലകരെ കുറിച്ച് എന്ത് പറയാൻ. മെത്രാന്മാരെ കുറിച്ച് ഉള്ള ഒരു നിർവചനം “പാരമ്പര്യങ്ങളുടെ കാര്യസ്ഥർ” എന്നാണ്. എന്നാൽ പാരമ്പര്യം എന്ന പദത്തെ അവർ പോലും നേരെ ചൊവ്വേ മനസ്സിലാക്കിയിട്ടുണ്ടോ. എഴുതപ്പെട്ടതോ, വാചികമായി പ്രചരിച്ചതോ, പ്രാർത്ഥനാ രൂപത്തിൽ സ്ഥിരപ്പെട്ടതോ ആയ ദൈവിക സത്യങ്ങളുടെ വെളിപാടിനെയാണ് പാരമ്പര്യം എന്നത് കൊണ്ട് മനസിലാക്കേണ്ടത്. അപ്പോൾ അസത്യങ്ങളെ പ്രചരിപ്പിക്കുമ്പോഴും, സത്യത്തെ മാനിക്കാതിരിക്കുമ്പോഴും, അസത്യ പ്രചാരകർക്ക് മൗനത്തിന്റെ അകമ്പടി നൽകുമ്പോഴും, അസത്യമെന്നു അറിയുന്ന കാര്യങ്ങളെ ശരിയായ പഠനങ്ങളുടെ വെളിച്ചത്തിൽ നിഷേധിക്കാതിരിക്കുമ്പോഴും, സർവോപരി സമയബന്ധിതമായി (ഇക്കാലത്തു, വീണ്ടും വീണ്ടും, എപ്പോഴും എപ്പോഴും) സത്യമെന്താണ് എന്ന് ജനങ്ങളെയും ലോകത്തെയും ബോധ്യപ്പെടുത്താതിരിക്കുമ്പോഴും അവർ അസത്യത്തിന് കുട പിടിക്കുകയാണ്. അത് ചെയ്യാത്ത പക്ഷം, പരിശുദ്ധാത്മാവിന്റെ അറിവ് എന്ന പുണ്യം അവരിലും (നമ്മിലും) ഇല്ലാ എന്ന് കരുതേണ്ടി വരും.
അറിവ് എന്ന പുണ്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ അത് വിശുദ്ധ കുർബാന എന്ന പരമമായ ആരാധനയുമായി അഭേദ്യം ബന്ധപ്പെട്ടതാണ്. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരുടെ മനസ് അറിവിനാൽ ജ്വലിച്ചത് ക്രിസ്തു അവർക്ക് അപ്പം വിഭജിച്ചു കൊടുത്തപ്പോഴാണല്ലോ. സമരിയാക്കാരിയുമായുള്ള ഈശോയുടെ സംഭാഷണം അവസാനിക്കുന്നത് സത്യത്തിലുള്ള ആരാധനയെ പരാമർശിച്ചു കൊണ്ടാണ്. ആരാധനയും സത്യവും ദൈവത്തിന്റെ സത്തയുടെ രണ്ടു വെളിപാടുകളാണ്. ഈ വലിയ അറിവിലേക്ക് വളരുമ്പോൾ സത്യത്തിൽ എളിമയുടെയും വിനയത്തിന്റെയും ആഴങ്ങളിലേക്ക് നാം നിപതിക്കും. എന്നാൽ ധാർഷ്ട്യത്തിന്റെയും, അഹന്തയുടെയും, വാശിയുടെയും, കലഹത്തിന്റെയും കാരണമായി നാം ആരാധനയെയും, സത്യത്തെയും കരുതുന്നുണ്ടെകിൽ അറിവ് എന്ന പരിശുദ്ധാത്മ ദാനം നമ്മിലില്ല എന്ന് തന്നെ കരുതേണ്ടി വരും. അറിവിന്റെ വൃക്ഷത്തിൽ കുരുങ്ങിക്കിടന്ന നാഗരൂപിയായ സാത്താന്റെ നിത്യജോലി സത്യത്തിൽ നിന്ന് നമ്മെ അകറ്റുക എന്നതാണല്ലോ.
Leave a Reply