Dr. Jose Vallikatt

Jose Vallikatt is the Editor in Chief of LumenIndia, your gateway to Church and Culture in India.

Mary Taylor

You can have anything you want if you are willing to give up everything you have.

,

നമുക്കും അവനോട് കൂടെ പോയി മരിക്കാം.

Posted by

വായിക്കുമ്പോഴൊക്കെ ആശയക്കുഴപ്പത്തിൽ വീണു പോകുന്ന ഒരു വാക്യമാണ് ഇത്. തോമാശ്ലീഹാ പറഞ്ഞതായി കരുതുന്ന ഈ വാക്യം ക്രൈസ്തവ രക്തസാക്ഷിത്വത്തെ സാധൂകരിക്കാൻ ധാരാളമായി ഉപയോഗിക്കപെടുന്നുണ്ട്. തീർച്ചയായും രക്തസാക്ഷിത്വത്തിന്റെ ഒരു തലം ഈ വാക്യത്തിന് ഉണ്ട്. എന്നാൽ അതിലും ആഴത്തിലുള്ള അർത്ഥങ്ങൾ ഈ ഭാഗത്തു നിന്ന് കണ്ടെടുക്കാം

വാക്യത്തിലെ ‘അവൻ’ സർവ്വനാമമാണ് പ്രശ്നകാരി. ആരാണ് ഈ അവൻ?

യോഹന്നാന്റെ സുവിശേഷത്തിലെ 11 ആം അധ്യായത്തിൽ പരാമർശിക്കുന്ന ലാസറിന്റെ മരണമാണ് സന്ദർഭം. മൃതനായ ലാസറിനെ ഉയിർപ്പിക്കാൻ ഈശോ ഗലീലിയിലേക്ക് പോകാൻ തയ്യാറെടുക്കുന്നു. ആ സമയമായപ്പോളേക്കും ഈശോയ്ക്ക് കാലുകുത്താൻ അനുവദിക്കാത്തവണ്ണം ഗലീലിക്കാർക്ക് ഈശോയോടു ശത്രുത ആയിക്കഴിഞ്ഞിരുന്നു. അവിടെങ്ങാനും ചെന്നാൽ ഈശോയെ കല്ലെറിഞ്ഞു കൊല്ലും എന്ന യാഥാർഥ്യം മനസിലാക്കിയ ശിഷ്യന്മാർ ഈശോയെ അങ്ങോട്ട് പോകാൻ നിരുത്സാഹപ്പെടുത്തുന്നു. ആ സംഭാഷത്തിനൊടുവിലാണ് തോമാശ്ലീഹാ ഇപ്രകാരം പറയുന്നത്. സ്വാഭാവികമായും ഈശോ കൊല്ലപ്പെടുന്നെങ്കിൽ നമുക്കും അവനോടു കൂടെ പോയി മരിക്കാം എന്ന ധീരമായ പ്രസ്താവന ആണ് തോമാശ്ലീഹാ നൽകുന്നത്. എന്നാൽ ഈ വാക്യത്തിലെ ‘അവൻ’ ഈശോ ആണോ എന്ന് നമുക്ക് വ്യക്തമല്ല, ഈശോ ആണ് എന്ന് സുവിശേഷകൻ സ്ഥാപിക്കുന്നുമില്ല.

11ആം അദ്ധ്യത്തിലെ 7ആം വാക്യത്തിലാണ് കല്ലെറിയപ്പെടും എന്ന പരാമർശം ഉണ്ടാകുന്നത്. നമുക്കും അവനോടു കൂടെ പോയി മരിക്കാം എന്ന തോമാശ്ലീഹായുടെ പരാമർശം ഉണ്ടാകുന്നത് 16 ആം വാക്യത്തിലാണ്. അതായത് ഈശോയെ കൊല്ലാൻ ഗലീലിയർ തയ്യാറായിരിക്കുന്ന സാഹചര്യത്തെ കുറിച്ച് ശിഷ്യന്മാർ പറയുമ്പോൾ അതിനോടുള്ള പ്രതികരണമായിട്ടല്ല തോമാശ്ലീഹാ നമുക്കും അവനോടു കൂടെ പോയി മരിക്കാം എന്ന് പറയുന്നത്. ഏഴാം വാക്യത്തിനും പതിനാറാം വാക്യത്തിനുമിടയിൽ ഈശോ പറയുന്ന നിരവധി സംഗതികൾ ഉണ്ട്. അതിൽ പലതും രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ടതല്ല താനും. പ്രകാശത്തെ കുറിച്ചും പകലിനെ കുറിച്ചുമാണ് ഈശോയുടെ ഒന്നാമത്തെ പരാമർശം. രണ്ടാമതായി ലാസറിന്റെ മരണത്തെ ഉറക്കം ആണ് എന്ന് ഈശോ വിശദീകരിക്കുന്നു, ലാസറിന് ഉണർവിന്റെ ആവശ്യം ഉണ്ട്. ശിഷ്യന്മാർ ആകട്ടെ അത് ദിനേനയുള്ള ഉറക്കം ആണ് എന്ന് തെറ്റിദ്ധരിക്കുന്നു. തുടർന്ന് ഈശോ മരണമെന്ന ഉറക്കത്തെയാണ് ലാസർ പുല്കിയിരിക്കുന്നത് എന്ന് അർത്ഥശങ്കക്കിട നൽകാതെ പ്രസ്താവിക്കുന്നു. താൻ അവനെ (ലാസറിനെ) കാണാൻ പോവുകയാണ് എന്ന് ഈശോ പറയുന്നു. അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം എന്ന തോമയുടെ പ്രതികരണം അതിനോടാണ്. നമുക്കും പോയി ലാസറിനൊപ്പം മരിക്കാം എന്ന് വായിച്ചാൽ വേദഭാഗത്തിന്റെ അർത്ഥം വളരെയേറെ മാറും. ലാസറിനൊപ്പം പോയി നാം മരിച്ചാൽ ക്രിസ്തു വരും, നമ്മെ ഉയിർപ്പിക്കാൻ. എല്ലാ മരണങ്ങളും ക്രിസ്തുവിൽ പുതു ജീവൻ കൈവരിക്കുന്നതാണ്.

9, 10 വാക്യങ്ങളിൽ ഈശോ പറയുന്ന പ്രകാശം, പകൽ, രാത്രി, ഇരുട്ട് എന്നിവയുടെ പ്രസക്തി ഇവിടെയാണ്. രാത്രിയിൽ നടക്കുന്നവർ ഇരുട്ടിൽ തട്ടിവീഴുന്നു. പകൽ ചരിക്കുന്നവർ ജീവൻ കൈവരിക്കുന്നു. ഇരുളിൽ കിടക്കുന്നവർക്ക് പ്രകാശത്തിന്റെ ആവശ്യം ഉണ്ട്. ക്രിസ്തു ആണ് ഇരുളിനെ കീഴടക്കുന്ന പ്രകാശം. ലാസറിനോടൊപ്പം മരിച്ചു ഇരുളിലാവുന്നവർക്ക് ക്രിസ്തു കടന്നു വന്നു പ്രകാശമരുളും.

മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവ പീഡനത്തിന്റെ പശ്ചാത്തലത്തിൽ (പിന്നെ മറ്റവസരങ്ങളിലും) ക്രൈസ്തവ രക്തസാക്ഷിത്വത്തോടെ കുറിച്ച് ചിലർ വാചാലമാകുന്നുണ്ട്. എന്നാൽ, വൈകാരികവും, വർഗ്ഗീയവുമായ ഒരു ഭാഷണത്തെ സജ്ജീവമാക്കി നിറുത്തുക എന്ന ഫാസിസ്റ്റു കെണിയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് മണിപ്പൂർ പീഡനങ്ങളുടെ പശ്ചാത്തലത്തിൽ ക്രൈസ്തവർ ആത്മശോധന ചെയ്യേണ്ടതുണ്ട്. വെളിച്ചത്തിന്റെ മക്കൾ എന്ന നിലയിലും വെളിവുള്ള വ്യക്തികൾ എന്ന നിലയിലും മണിപ്പൂർ കലാപത്തോടു നമ്മുടെ പ്രതികരണം വളരെ സർഗ്ഗാത്മകവും, ക്രൈസ്തവോചിതവും ആകേണ്ടതുണ്ട്. മരണവും പീഡകളും സഹനവും മാത്രമല്ല രക്തസാക്ഷിത്വം. ഇന്ത്യപോലൊരു രാജ്യത്ത് ഇന്ന് ഓരോ തരത്തിൽ ആളുകളും സമൂഹങ്ങളും രക്തസക്തിത്വം വരിച്ചുകൊണ്ടിരിക്കുകയാണ്. ജാതി, നിറം, മതം, ലിംഗം, നിരവധിയായ അസമത്വങ്ങൾ ഒക്കെ രക്തസാക്ഷിത്വത്തിന് ഹേതുവാണ്. അവിടെ ഒക്കെ വെളിച്ചത്തിന്റെ മക്കളെ പോലെ ഇയിർത്തെഴുന്നേറ്റ് ഇരുളിനെ അകറ്റുന്നതാണ് ക്രൈസ്തവ സാക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *